Skip to main content

മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു

ആലപ്പുഴ: കുട്ടനാട്ടില്‍ കൃഷി നാശം സംഭവിച്ച കൃഷിക്കാരുമായി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ചര്‍ച്ച നടത്തി. പൊങ്ങയില്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന കൃഷിക്കാരുടെ യോഗത്തിലാണ് മന്ത്രി സംസാരിച്ചത്. വിത്ത് തുടര്‍ച്ചായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുണ്ടെന്ന് മന്ത്രി കര്‍ഷകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.കേന്ദ്രഗവണ്‍മെന്‍റിന്‍റെ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള ആളുകള്‍ക്ക് ഇടക്കാലത്ത് ഉണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയതായി മന്ത്രി പറഞ്ഞു. ഭാഗികമായി നഷ്ടം സംഭവിച്ചവര്‍ക്ക് നിലവിലെ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതി വഴി ആനുകൂല്യം ലഭിക്കത്തക്ക വിധം വിളനഷ്ടത്തിന് പ്രത്യേക ഉത്തരവും സംസ്ഥാന സര്‍ക്കാര്‍ രണ്ടുദിവസത്തിനകം ഇറക്കും. കൊയ്ത്ത് യന്ത്രവുമായി ബന്ധപ്പെട്ട് കൃഷിക്കാരില്‍ നിന്ന് കൂടുതല്‍ പണം വാങ്ങുന്നതായ പരാതി ലഭിച്ചിട്ടുണ്ട്. അതിന് പരിഹാരം കാണുന്നതിന് കളക്ടര്‍ തലത്തില്‍ യോഗം വിളിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആറാം തിയതിയാണ് യോഗം വിളിച്ചിട്ടുള്ളത്. നെല്ല് സംഭരണത്തിലെ ഈര്‍പ്പം സംബന്ധിച്ച പരാതികളും മന്ത്രി കേട്ടു. അധികം കര്‍ഷകരെ ബാധിക്കാതെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കും. ഡിസംബര്‍ 10ന് മുമ്പ് എല്ലാവര്‍ക്കും ആവശ്യമായി വിത്ത് പൂര്‍ണമായും എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കനാലുകളും തോടുകളും കായലിന്‍രെയും ആഴം, അടിഞ്ഞുകൂടിയ എക്കല്‍ മാറ്റി വര്‍ധിപ്പിക്കുന്നതിന് അതത് പാടശേഖരസമിതികളെ ഏല്‍പ്പാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റിന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ലത ജി.പണിക്കര്‍ വിവിധ പടശേഖരസമിതി പ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

(ചിത്രം)

 

date