Skip to main content

ശിശുക്ഷേമസമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും

 

ബാലനീതി പ്രകാരം ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികളുടെ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജുവനൈല്‍ ജസറ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്ക് നവംബര്‍ ആറിന് പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍, പ്രേരണ മുംബൈ, സംസ്ഥാന വനിത ശിശു വികസന ഡയറക്ടറേറ്റ്, കുട്ടികളുടെ അവകാശ സംരക്ഷണത്തിനുളള സംസ്ഥാന കമ്മീഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം നടത്തുന്നത്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ശിശു അവകാശ കമ്മീഷന്‍ അംഗം അഡ്വ. നസീര്‍ ചാലിയം അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി മുഖ്യാതിഥിയാകും. ഇതോടനുബന്ധിച്ച് ശിശു സംരക്ഷണ നടപടിക്രമങ്ങളുടെ സമാഹാരത്തിന്റെ പ്രകാശനവും ശിശുരംഗത്തെ വിദഗ്ധര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തത്പരകക്ഷികള്‍ക്കും പരിശീലനം നല്‍കും. ശ്രദ്ധയും പരിശീലനവും ആവശ്യമുളള കുട്ടികളുടെ പുനരധിവാസവും പരിചരണ പദ്ധതികളും സംബന്ധിച്ച് പ്രേരണ മുബൈ ആന്റി ട്രാഫിക്കിങ്ങ് സെന്ററിലെ പ്രൊജക്ട് മാനേജര്‍ കാഹിന കരീം, ശിശു സംരക്ഷണ നിയമങ്ങളുടെ നടപടിക്രമങ്ങളെ സംബന്ധിച്ച് മുബൈ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് കിലെ ഡിസൂസ, കുട്ടികളും മനുഷ്യകടത്തും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മനുഷ്യകടത്ത് വിരുദ്ധ പരിശീലകന്‍ പി. പ്രേംനാഥ് എന്നിവര്‍ ക്ലാസെടുക്കും. വിശ്വാസ് വൈസ് പ്രസിഡന്റുമാരായ വി.പി. കുര്യാക്കോസ്, അഡ്വ. എസ്. ശാന്താദേവി, ജോയിന്റ് സെക്രട്ടറി അഡ്വ. ആര്‍. ദേവികൃപ, ട്രഷറര്‍ ബി. ജയരാജന്‍ എന്നിവര്‍ പങ്കെടുക്കും.

date