Skip to main content

വ്യവസായ സംരംഭങ്ങൾക്ക് അനുമതിയും ലൈസൻസും  നൽകൽ: ജനപ്രതിനിധികൾക്കായി ശില്പശാല

ആലപ്പുഴ: വ്യവസായം ആരംഭിക്കുന്നതിന് വിവിധ അനുമതികൾക്കായി സംരംഭകർ ഓഫീസുകൾ കയറിയിറങ്ങി മടുക്കുന്ന സ്ഥിതിക്കു മാറ്റംവരുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും പിന്തുണ നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ പറഞ്ഞു. കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കാനുള്ള ലഘൂകരിച്ച നടപടിക്രമങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമായി വ്യവസായ വാണിജ്യ വകുപ്പ് നടത്തിയ ഏകദിന ശില്പശാല ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായസംരംഭങ്ങൾക്ക് സമയബന്ധിതമായി ലൈസൻസുകളും അനുമതിയും നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പരിചയപ്പെടുത്തി.

 

വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം വേണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു മേഖലയ്ക്കു മാത്രം പ്രാധാന്യം നൽകിക്കൊണ്ടുള്ള വ്യവസായ-സാമ്പത്തിക വളർച്ച ഇനി സാധ്യമല്ലെന്നും വിവിധ മേഖലകളുടെ വളർച്ചയ്ക്കാണ് ശ്രമം വേണ്ടതെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു. ഒരു വ്യക്തി വിചാരിച്ചാൽ അനുമതികൾക്കുള്ള നടപടികൾ അനന്തമായി നീളുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും കളക്ടർ പറഞ്ഞു. 

 

നഗരസഭ ഉപാധ്യക്ഷ ബീന കൊച്ചുബാവ ആധ്യക്ഷ്യം വഹിച്ചു. നഗരസഭാംഗം എം. ശ്രീജിത്ര, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, മാനേജർമാരായ സി. വിജയൻ, കെ.എസ്. അജിമോൻ, ആർ. സനിൽകുമാർ, കെ.എസ്.എസ്.ഐ.എ. ജില്ലാ സെക്രട്ടറി ഹരിലാൽ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, കെ.എസ്.ഐ.ഡി.സി. മാനേജർ സിനി കെ. തോപ്പിൽ എന്നിവർ ക്ലാസെടുത്തു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമായാണ് ശില്പശാല നടന്നത്.

 

(പി.എൻ.എ. 70/2018)

date