Skip to main content

അമൃത് പദ്ധതി കുടിവെളള പൈപ്പിടൽ: 30 ദിവസത്തിനകം പൈപ്പിട്ട് കുഴികൾ അടയ്ക്കും

അമൃത് പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിൽ കുടിവെളള പൈപ്പുകൾ 30 ദിവസത്തിനകം തന്നെ സ്ഥാപിച്ച് കുഴികൾ അടയ്ക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. പൈപ്പുകൾ സ്ഥാപിക്കുന്ന സമയത്തും ദേശീയപാത അറ്റകുറ്റപണി നടത്തുന്ന സമയത്തും ഏർപ്പെടുത്തേണ്ട ഗതാഗത ക്രമീകരണം സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേമ്പറിൽ വിലയിരുത്തി. അമൃത് കുടിവെളള പദ്ധതിയുടെ ഭാഗമായി മണികണ്ഠനാൽ തുടങ്ങി കൂർക്കഞ്ചേരി വരെയുളള നാല് കി.മീ ദൂരത്തിലാണ് പൈപ്പിടൽ പുരോഗമിക്കുന്നത്. ദിനംപ്രതി 250 മീറ്റർ മാത്രം റോഡ് പൊളിച്ച് അന്ന് രാത്രി തന്നെ കുഴികൾ അടച്ച് ടാറിങ്ങ് ഉൾപ്പെടെയുളള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശിച്ചു. മുൻകൂട്ടി പോലീസിനെയും കോർപ്പറേഷനെയും അറിയിച്ച് ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ ഗതാഗതം സ്തംഭിപ്പിക്കാതെ പ്രവൃത്തികൾ തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നോ നാലോ ടീമിനെ വെച്ച് പണികൾ പൂർത്തീകരിക്കാനും നിർദ്ദേശം നൽകി. മാത്രമല്ല റോഡ് കുഴിക്കുമ്പോൾ അധികമായി വരുന്ന മണ്ണ് ഉടനടി നീക്കം ചെയ്യാനും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മോട്ടോർ വെഹിക്കിൾസ് വകുപ്പ് ആർടിഒ യു ബിജുകുമാർ, വാട്ടർ അതോറിറ്റി എഞ്ചിനീയർ സി കെ ഷാജി, ട്രാഫിക് എസ്‌ഐ ഐ എസ് സജീവ്കുമാർ, തൃശൂർ വെസ്റ്റ് ട്രാഫിക് എസ്‌ഐ ജെ ജെ ജേക്കബ്, കോർപ്പറേഷൻ എഞ്ചിനീയർമാരായ ഷൈബി ജോർജ്ജ്, ഇസ ഫ്രാൻസീസ്, എൻ രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.

 

date