Skip to main content

'സുരക്ഷിതം 2018' അന്താരാഷ്ട്ര സെമിനാറും പ്രദര്‍ശനവും  നാളെ (ജനുവരി 13) കൊച്ചിയില്‍

തൊഴില്‍ അപകടങ്ങളും തൊഴില്‍ജന്യ രോഗങ്ങളും ഇല്ലാത്ത വ്യവസായ അന്തരീക്ഷം സാക്ഷാത്കരിക്കാന്‍ ലക്ഷ്യമിട്ട് 'സുരക്ഷിതം 2018' അന്താരാഷ്ട്ര സെമിനാറും പ്രദര്‍ശനവും നാളെ (ജനുവരി 13) കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. രാവിലെ 10ന് കൊച്ചി റമദാ റിസോര്‍ട്ടില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിക്കും. ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. കാള്‍ ഗെയ്ന്‍സ് നോട്ടല്‍ മുഖ്യപ്രഭാഷണം നടത്തും. ലേബര്‍ കമ്മീഷണര്‍ കെ. ബിജു സ്വാഗതവും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ് നന്ദിയും പറയും.

ആഗോള ആധുനിക സാങ്കേതിക വിദ്യയിലുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായശാലകളിലെയും കെട്ടിടനിര്‍മാണ മേഖലയിലെയും തൊഴിലാളികളുടെയും സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന വിഷയങ്ങളില്‍ തൊഴിലാളികളിലും മാനേജ്‌മെന്റിലും കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് ഓക്കുപേഷന്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് 2018 -വിഷന്‍ സീറോ പ്രാക്ടിക്കല്‍ സൊല്യൂഷന്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നത്.

കെട്ടിട നിര്‍മാണ, ഫാക്ടറി തൊഴിലാളി, മാനേജ്‌മെന്റ് രംഗത്ത് നിന്ന് 400 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഏറ്റവും ആധുനിക ജര്‍മന്‍ നിര്‍മിത സ്വയംരക്ഷാ ഉപകരണങ്ങള്‍, ശ്വാസകോശ രോഗങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത സ്‌കോട്ട് -എ ഉള്‍പെടെയുള്ള മൂന്ന് യൂറോപ്യന്‍ കമ്പനികള്‍ നിര്‍മിക്കുന്ന സ്വയം രക്ഷാ ഉപകരണങ്ങള്‍, കൊച്ചിന്‍ കപ്പല്‍ നിര്‍മാണശാല, കൊച്ചി എണ്ണ ശുദ്ധീകരണ ശാല, പെട്രോനെറ്റ് എല്‍.എന്‍.ജി എന്നിവിടങ്ങളിലെ സുരക്ഷിതത്വ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിക്കും. ജര്‍മനിയിലെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ജര്‍മന്‍ സോഷ്യല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സുമായി സഹകരിച്ചാണ് തൊഴില്‍വകുപ്പും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പും  സെമിനാര്‍ സംഘടിപ്പിക്കുന്നത്.

 പി.എന്‍.എക്‌സ്.156/18

date