Skip to main content

സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന് നേതാക്കളുടെ പിന്തുണ

മതപരമായ വിഷയങ്ങളില്‍ വരുന്ന കോടതി വിധികള്‍ എന്തായാലും  ജില്ലയില്‍ പ്രതിഷേധപ്രകടനങ്ങളോ ആഹ്ലാദപ്രകടനങ്ങളോ നടത്തില്ലെന്ന് ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ മത സംഘടനാ നേതാക്കളുടെയും   രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം  ഏകകണ്ഠമായി തീരുമാനിച്ചു.  ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടാണ്  കലക്ടര്‍ വിവിധ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തത്.   ജില്ലയുടെ മതസൗഹാര്‍ദ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധമാണെന്ന് വിവിധ നേതാക്കള്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കും. വെള്ളിയാഴ്ച പ്രാര്‍ഥനക്കു മുമ്പ് ആരാധനാലയങ്ങളില്‍ ഇത് സംബന്ധിച്ച സന്ദേശം  നല്‍കും.
യാഥാര്‍ത്ഥ്യമല്ലാത്തതോ പ്രകോപനപരമായതോ ആയ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്  മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്‍പ്പിക്കുമെന്നതിനാല്‍ ഇത്തരം വിഷയങ്ങള്‍ സസൂഷ്മം  നിരീക്ഷിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അത്തരം പ്രവര്‍ത്തനങ്ങള്‍  ഉണ്ടായാല്‍ ഐ.ടി നിയമം അനുസരിച്ച് സൈബര്‍ പൊലീസ്  കര്‍ശന നടപടികള്‍ സ്വീകരിക്കും.  അടുത്ത രണ്ട് ആഴ്ചകളില്‍ നടക്കുന്ന എല്ലാ വിധ  ഘോഷയാത്രകളും ജാഥകളും സംബന്ധിച്ച് അതത് പൊലീസ്  സ്റ്റേഷനില്‍ മുന്‍കൂട്ടി വിവരം അറിയിക്കണം. ജില്ലയില്‍ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുന്ന ഒരു പ്രവണതയും നിലവിലില്ല. അത്  നിലനിര്‍ത്താന്‍ എല്ലാവരുടേയും സഹകരണമുണ്ടാവണമെന്ന്  കലക്ടര്‍ അഭ്യര്‍ഥിച്ചു.
 

date