Skip to main content

ശുദ്ധ ജലവിതരണ-മലിനജല നിര്‍മാര്‍ജന രംഗത്ത് സാങ്കേതിക വിദ്യ:  സ്റ്റാര്‍ട്ടപ് മിഷനുമായി ധാരണാ പത്രം ഒപ്പുവച്ചു

*ഇനി മാന്‍ഹോളിനു പകരം റോബോഹോള്‍

    ശുദ്ധ ജലവിതരണ-മലിനജല നിര്‍മാര്‍ജന രംഗത്ത് യന്ത്ര സാമഗ്രികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച്  ആവിഷ്‌കരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റി ഇന്നോവേഷന്‍ സോണ്‍ (ക്വിസ്) പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെയും സാന്നിധ്യത്തിലാണ് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എ. ഷൈനാമോള്‍, സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥ് എന്നിവര്‍ ഒപ്പുവച്ചത്.  

    ക്വിസ് പദ്ധതിയില്‍ പെടുത്തി യന്ത്ര സഹായത്തോടെ സ്വീവേജ് പൈപ്പുകളിലും മാന്‍ഹോളുകളിലും മാലിന്യം അടിഞ്ഞുകൂടുന്നത്  റോബോട്ടുകളെ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള നവീന സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ് സംരംഭമായ  ജെന്‍ റോബോട്ടിക്‌സ് പരിചയപ്പെടുത്തി.

     ജെന്‍ റോബോട്ടിക്‌സ് ടീമംഗങ്ങളായ വിമല്‍ ഗോവിന്ദ് എം.കെ., റാഷിദ് കെ., അരുണ്‍ ജോര്‍ജ്, നിഖില്‍ എന്‍.പി., ജലീഷ് പി., ശ്രീജിത്ത് ബാബു ഇ.ബി., അഫ്‌സല്‍ മുട്ടിക്കല്‍, സുജോദ് കെ, വിഷ്ണു പി.കെ. എന്നിവരെ മുഖ്യമന്ത്രി അനുമോദിച്ചു. സാങ്കേതികവിദ്യാ രംഗത്തെ തുടക്കക്കാര്‍ ഇതിന് മാതൃകയായത് അഭിനന്ദനീയമാണ്. ഈ മികവുറ്റ പ്രവര്‍ത്തനത്തെ  അഭിനന്ദിക്കുന്നതായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

     വൃത്തിഹീനമായ മാന്‍ഹോളില്‍ മനുഷ്യന്‍ ഇറങ്ങിനിന്ന് മാലിന്യം കോരി വൃത്തിയാക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് പലേടത്തുമുള്ളത്. മാന്‍ഹോളിലിറങ്ങി ആളുകള്‍ മരണപ്പെട്ട സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. യാതൊരു ശുചിത്വ-സുരക്ഷിതത്വ ക്രമീകരണവുമില്ലാതെ മാന്‍ഹോളിലിറങ്ങി മനുഷ്യര്‍ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് മാന്‍ഹോള്‍ ശുചീകരണത്തിന് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള ആലോചനയുമായി ജല അതോറിറ്റി മുന്നോട്ടുപോയത്.

    അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.159/18

date