Skip to main content

പുതുപ്പാടി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്-കംഫര്‍ട്ട് സ്‌റ്റേഷന്‍  ഉദ്ഘാടനം ഇന്ന് 

 

പുതുപ്പാടി പഞ്ചായത്തില്‍ ഷോപ്പിംഗ് കോംപ്ലക്സ്, കംഫര്‍ട് സ്റ്റേഷന്‍ ഉദ്ഘാടനവും വനിതാ വിപണന കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും ഇന്ന് (നവംബര്‍ 9) രാവിലെ 11 മണിക്ക് തൊഴില്‍-എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഈങ്ങാപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ സി മോയിന്‍കുട്ടി മുഖ്യാതിഥിയാകും. എല്‍എസ്ജിഡി അസി. എഞ്ചിനിയര്‍ കെ നളിന്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 53 ലക്ഷം ചെലവഴിച്ചാണ് ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിച്ചിരിക്കുന്നത്. 23 ലക്ഷമാണ് കംഫര്‍ട് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. ഇതിനോട് ചേര്‍ന്ന് തന്നെ നിര്‍മ്മിക്കുന്ന വനിതാ വിപണന കേന്ദ്രത്തിന് 25 ലക്ഷമാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്.

 

ഗതാഗത നിയന്ത്രണം

 

കോഴിക്കോട് പേട്ട-ഫറോക്ക് കോളേജ് റോഡില്‍ ഫുട്പാത്തിന്റെയും ഡ്രെയ്നേജിന്റെയും പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ ഒന്‍പത്) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ ഫറോക്ക് പേട്ട ഭാഗത്ത് വലിയ വാഹനങ്ങള്‍ ഫറോക്ക് കോളേജ് വഴി തിരിഞ്ഞു പോകേണ്ടതാണ്. മറ്റു വാഹനങ്ങളുടെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

കെല്‍ട്രോണ്‍ : അഡ്മിഷന്‍ ആരംഭിച്ചു

 

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് ജില്ലയിലുള്ള കെല്‍ട്രോണ്‍  നോളഡ്ജ് സെന്ററില്‍ 'പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്നിക്സ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി കാലാവധി: ഒരു വര്‍ഷം. അനിമേഷന്‍, ഐ. ടി, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്കും അഡ്മിഷന്‍ തുടങ്ങി. വിശദ വിവരങ്ങള്‍ക്ക് - കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. ഫോണ്‍: 0495 2301772.

 

വനിതകള്‍ക്ക് സ്വയംസംരംഭകത്വ പരിശീലനം 

 

വനിതാവികസന കോര്‍പ്പറേഷന്‍
പട്ടികജാതിവിഭാഗത്തിലെ വനിതകള്‍ക്ക്വേണ്ടിയുള്ള സംരംഭകത്വ
വികസനം, എല്‍.ഇ.ഡി നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 
അഞ്ച് ദിവസത്തെ പരിശീലനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികജാതിവിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വ്വം ജീവിതസാഹചര്യങ്ങളെ നേരിടുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുന്ന പരിശീലനവും ലഭ്യമാക്കും. മിനിമം യോഗ്യത- പത്താം ക്ലാസ്സ്, പ്രായ പരിധി 18 മുതല്‍ 50 വയസ്സ് വരെ. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തി കോഴിക്കോട് മേഖലാ ഓഫീസില്‍ നവംബര്‍ 16 നകം നല്‍കണം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത,  കമ്മ്യൂണിററി സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍), ആധാര്‍ കാര്‍ഡിന്റെ  കോപ്പി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  

അപേക്ഷ അയക്കേണ്ട മേല്‍വിലാസം - മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ്,  കോഴിക്കോട് ജില്ലാസഹകരണ ആശുപത്രി സമീപം, ബൈപ്പാസ്റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്-06. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04952766454, 9496015010 ഇ-മെയില്‍ - rokkd@kswdc.org . 

 

ജി.പി.എ.ഐ.എസ് പദ്ധതിയില്‍ ചേരുന്ന ജീവനക്കാര്‍ക്ക് 
എസ്.എല്‍.ഐ. ജി.ഐ.എസ് എന്നിവ നിര്‍ബന്ധം

 

2020 വര്‍ഷം മുതല്‍ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരുന്ന 50 വയസ്സ് കഴിയാത്ത ജീവനക്കാര്‍ക്ക് എസ്.എല്‍.ഐ, ജി.ഐ,എസ് പദ്ധതികള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജീവനക്കാരെ (പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ജീവനക്കാര്‍ ഒഴികെ) ജി.പി.എ.ഐ.എസ് പദ്ധതിയില്‍ എന്റോള്‍ ചെയ്യുന്നതിന് മുമ്പായി ജീവനക്കാര്‍ എസ്.എല്‍.ഐ, ജി.ഐ.എസ് പദ്ധതികളില്‍ അംഗത്വം നേടിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ ഉറപ്പുവരുത്തണം. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി ഉള്‍പ്പെടെയുളള ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഡി.ഡി.ഒ.മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0495 2376768, 9496004880.

date