Skip to main content

വെളിയിട വിസര്‍ജ്ജ വിമുക്ത പ്രത്യേക യജ്ഞം;  20 വരെ അപേക്ഷ നല്‍കാം

വെളിയിട വിസര്‍ജ്ജ വിമുക്ത യജ്ഞത്തിനായി പൂര്‍ണമായും ശൗചാലയങ്ങള്‍ ഇല്ലാത്ത കുടുംബങ്ങളെ 2017ലെ ബെയ്സ്ലൈന്‍ സര്‍വേയിലൂടെ കണ്ടെത്തുകയും അതില്‍ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ശൗചാലങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ആനുകുല്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സര്‍വേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതും പല കാരണങ്ങളാല്‍ നിര്‍മ്മാണം നടത്താന്‍ കഴിയാതിരുന്നതുമായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് ശൗചാലയം നിര്‍മ്മിക്കുന്നതിന് വെളിയിട വിസര്‍ജ്ജ വിമുക്ത പ്രത്യേക യജ്ഞ പ്രകാരം  ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ കക്കൂസ് ഇല്ലാത്തതും മറ്റ് ഭവനങ്ങളിലോ വെളിയിടങ്ങളിലോ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്ന കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ പരിശോധന നടത്തി അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് 2019 സെപ്റ്റംബര്‍ 30നകം കക്കൂസ് നിര്‍മ്മിച്ചുകൊടുക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) വിഹിതമായി 12,000 രൂപയും, ഗുണഭോക്തൃവിഹിതമായി 3,400 രൂപയും ചേര്‍ത്ത് ആകെ 15,400 രൂപയാണ് ഒരു കക്കൂസിന്റെ യൂണിറ്റ് ചിലവ്. ഇതില്‍ ഗുണഭോക്തൃവിഹിതം ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ടിലോ തനത് ഫണ്ടിലോ കണ്ടെത്തി നല്‍കാം. കോന്നി ഉപതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ ഉണ്ടായിരുന്നതിനാല്‍ വെളിയിട വിസര്‍ജ്ജ വിമുക്ത പ്രത്യേക യജ്ഞ പരിപാടി ജനങ്ങളുടെ ഇടയില്‍ വേണ്ടത്ര പ്രചാരണം ലഭിക്കാത്തതിനാല്‍ അര്‍ഹതപ്പെട്ട പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ നല്‍കാനുള്ള അവസരം ലഭിച്ചില്ലായെന്നും ജില്ലാ ശുചിത്വസമിതിയില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളില്‍ അര്‍ഹതപ്പെട്ട ഗുണഭോക്താക്കളുടെ അപേക്ഷകള്‍ ഈ മാസം 20 (നവംബര്‍)വരെ സ്വീകരിക്കുന്നതിന് ജില്ലാ ശുചിത്വസമിതി അംഗീകാരം നല്‍കി. 

അപേക്ഷ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ 

1. നിലവില്‍ കക്കൂസ് ഇല്ലാതിരിക്കുകയും അടുത്ത വീടുകളിലോ വെളിയിടങ്ങളിലോ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്ന ബി.പി.എല്‍ കുടുംബം ആയിരിക്കണം.

2. മുന്‍ വര്‍ഷങ്ങളില്‍ കക്കൂസ് നിര്‍മ്മാണത്തിന് ആനുകൂല്യം കൈപ്പറ്റിയവര്‍ ആകരുത്.

3. 2018 ലെ വെള്ളപ്പൊക്കത്തില്‍ കക്കൂസ് പൂര്‍ണ്ണമായും നശിച്ച കുടുംബങ്ങളെ ഉള്‍പ്പെടുത്താം.

4. 31.12.2019 ന് മുന്‍പ് കക്കൂസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പുള്ള കുടുംബം ആയിരിക്കണം.

5. ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 20.11.2019 ആണ്.

6. ലഭിച്ച അപേക്ഷകള്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിച്ച് അര്‍ഹത ഉറപ്പുവരുത്തേണ്ടതും പരിശോധനാ സര്‍ട്ടിപ്പിക്കറ്റ് അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതുമാണ്. 

7. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ പരിശോധിച്ച അപേക്ഷയുടെ പകര്‍പ്പും ഗുണഭോക്താക്കളുടെ ലിസ്റ്റും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തി 25.11.2019 ന് മുന്‍പായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കേണ്ടതും, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഗ്രാമപഞ്ചായത്തുകളുടെ ചാര്‍ജ്ജുള്ള എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ മുഖേന പരിശോധിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തി 30.11.2019 ന് മുന്‍പായി ജില്ലാ ശുചിത്വമിഷനില്‍ ലഭ്യമാക്കേണ്ടതാണ്. 

8. ജില്ലാ ശുചിത്വമിഷനില്‍ ലഭ്യമാകുന്ന അപേക്ഷകള്‍ ജില്ലാ ശുചിത്വസമിതി നിശ്ചയിച്ചിട്ടുള്ള ഉപസമിതി പരിശോധിച്ച് 05.12.2019 ന് മുന്‍പായി കക്കൂസ് നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദം അതാത് പഞ്ചായത്തുകള്‍ക്ക് നല്‍കേണ്ടതാണ്. 

9. കക്കൂസ് നിര്‍മ്മാണം 2019 ഡിസംബര്‍ 31 ന് മുന്‍പായി പൂര്‍ത്തീകരിക്കേണ്ടതാണ്. അതിനുശേഷം പൂര്‍ത്തീകരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിക്കുന്നതല്ല.

10. കക്കൂസ് നിര്‍മ്മാണത്തിന്റെ ഭൗതിക പരിശോധന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ 100 ശതമാനവും ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ കുറഞ്ഞത് 10 ശതമാനവും നടത്തേണ്ടതും ജില്ലാതല ഉപസമിതി നിശ്ചിത എണ്ണം സൂക്ഷ്മ പരിശോധന നടത്തണം. 

11. പരിശോധനാവേളയില്‍ ഏതെങ്കിലും അനര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുള്ളതായി കണ്ടെത്തിയാല്‍ ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉത്തരവാദികളായിരിക്കും. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായിരിക്കും.                

 

date