Skip to main content
 മണ്ഡല മകരവിളക്ക്  തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സംബന്ധമായ അവബോധം നല്‍കുന്നതിന് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിക്കുന്നു.

ശബരിമല തീര്‍ഥാടനം:  ഉദ്യോഗസ്ഥര്‍ അര്‍പ്പണ മനോഭാവത്തോടെ സേവനം  ചെയ്യണം ജില്ലാ കളക്ടര്‍

 

ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് അര്‍പ്പണ മനോഭാവത്തോടെ ഉദ്യോഗസ്ഥര്‍ സേവനം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.  മണ്ഡല മകരവിളക്ക്  തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സംബന്ധമായ അവബോധം നല്‍കുന്നതിന് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. ശബരിമല ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ പലമതങ്ങളിലും, പല വിഭാഗങ്ങളിലും, രാഷ്ട്രീയ ചിന്താഗതികളിലും, ആചാര അനുഷ്ഠാനങ്ങളിലും  ഉള്‍പ്പെട്ടവരാകാം. എന്നാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയ്യപ്പ ദര്‍ശനം ഏറ്റവും സുഗമമായി നടത്തുകയെന്ന ലക്ഷ്യത്തോടെ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സേവനം നല്‍കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയും കര്‍ത്തവ്യവുമാണ്.  ഉദ്യോഗസ്ഥര്‍ തങ്ങളില്‍ നിക്ഷിപ്തമായ ജോലി ക്യത്യമായി നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്.  തീര്‍ഥാടകര്‍ ഏതെങ്കിലും തരത്തിലുളള സഹായം അഭ്യര്‍ഥിച്ചാല്‍ നിര്‍ദിഷ്ട ജോലിയില്‍ ഉള്‍പ്പെട്ടതല്ലെങ്കിലും ഉദ്യോഗസ്ഥര്‍  ഒഴിഞ്ഞുമാറരുത്.  ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോട് ചേര്‍ന്ന് ഭക്തരെ സഹായിക്കാനുളള സന്മനസ് ഉദ്യോഗസ്ഥര്‍ കാട്ടണമെന്നും കളക്ടര്‍ പറഞ്ഞു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവരെ പരാതിരഹിതമായ തരത്തില്‍ ഉപയോഗിക്കേണ്ടതും ജോലി ചെയ്യിക്കേണ്ടതും ബന്ധപ്പെട്ട മേലധികാരികളുടെ കര്‍ത്തവ്യമാണ്. ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥരില്‍ ഏതെങ്കിലും വിധത്തിലുളള ദുശീലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരോട് ഉദ്യോഗസ്ഥര്‍ മാന്യമായും, സൗഹൃദത്തോടും പെരുമാറണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ശബരിമല എഡിഎം എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സമാധാന സേനയായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു
ശബരിമല ഡ്യൂട്ടി അയ്യപ്പന്‍ നല്‍കിയ ഭാഗ്യ നിയോഗമായിട്ടാണ് കാണുന്നതെന്നും തീര്‍ഥാടനം സുഗമമാക്കാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്തുമെന്നും സബ്കളക്ടര്‍  ഡോ.വിനയ്‌ഗോയല്‍ പറഞ്ഞു.
 വിവിധ ജില്ലകളില്‍ നിന്നുളള 710 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കിയത്. യോഗത്തില്‍ പത്തനംതിട്ട എഡിഎം അലക്‌സ്.പി.തോമസ്സ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീനാ റാണി,അടൂര്‍ ആര്‍ഡിഒ പി.ടി. ഏബ്രഹാം, ജില്ലാ സപ്ലൈ  ഓഫീസര്‍ എം.എസ് ബീന, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ കെ.ആര്‍ സുജാത എന്നിവരും, വിവിധ വകുപ്പു മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

date