Skip to main content
ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടുവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംഘടിപ്പിച്ച പ്രശ്നോത്തരിയും പരിഭാഷയും ഡി ഐ ജി കെ സേതുരാമൻ ഐ പി എസ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂരിന്റെ സംഗീതജ്ഞനെ തേടി ഡി ഐ ജി; പറഞ്ഞും പാടിയും സര്‍ക്കാര്‍ ജീവനക്കാര്‍.

കണ്ണൂരുമായി ബന്ധമുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംഗീതജ്ഞന്‍ ആരെന്ന ഡി ഐ ജി സേതുരാമന്റെ ചോദ്യത്തിന് മുമ്പില്‍ സദസ് ഒന്ന് പകച്ചു. എം ജി ആര്‍ അടക്കമുള്ളവരുടെ സിനിമകളിലെ പ്രശസ്തമായ ഗാനങ്ങള്‍ ഇദ്ദേഹമാണ് ചെയ്തതെന്ന സൂചന കൂടി നല്‍കിയതോടെ ഉത്തരവുമെത്തി. എം എസ് വിശ്വനാഥന്‍ എന്ന ശരിയുത്തരം നല്‍കി ഡി എം ഒ ഓഫീസിലെ ജീവനക്കാരന്‍ ആദ്യ സമ്മാനവും നേടി.
വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ പ്രശ്‌നോത്തരി മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി ഐ ജി. അച്ഛന്‍ കണ്ണൂര്‍ ജയില്‍ ജയില്‍ വാര്‍ഡനായിരുന്നപ്പോള്‍ എം എസ് വിശ്വനാഥനും കണ്ണൂരുകാരനായ കഥയും ഡി ഐ ജി സദസിനെ അറിയിച്ചു.
ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തില്‍ ക്ലബ് എഫ് എമ്മുമായി ചേര്‍ന്ന് നടത്തിയ പറയാം പാടം പ്രശ്‌നോത്തരിയിലൂടെ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വലിയ ലോകത്തേക്കാണ് ഫയലുകള്‍ക്കിടയിലും വിദ്യാലയങ്ങളിലുമായി ഒതുങ്ങി നിന്നിരുന്ന ഒരു കൂട്ടത്തെയെത്തിച്ചത്. കൊച്ചു കൊച്ചു വാഗ്വാദങ്ങളിലൂടെയും പാട്ടുകള്‍ പാടിയും ഓരോ ജീവനക്കാരനും അക്ഷരാര്‍ഥത്തില്‍ മത്സരാര്‍ഥികള്‍ മാത്രമായി. അമ്പതോളം പേരാണ് പ്രശ്‌നോത്തയില്‍ പങ്കെടുക്കാനായെത്തിയത്. ശേഷം നടന്ന പരിഭാഷ മത്സരത്തിലും മികച്ച പങ്കാളിത്തമുണ്ടായി. ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ നിന്ന് ആസ്വാദനത്തിന്റെ ഇടവേളകൂടിയാവുകയായിരുന്നു മത്സരം.
പൗരന്മാരുടെ ഭാഷയിലാവണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി ഐ ജി സേതുരാമന്‍ പറഞ്ഞു. ഭരണനിര്‍വഹണം മാത്രമല്ല നീതി നിര്‍വഹണവും ജനങ്ങളുടെ ഭാഷയിലാവണം.ഏതൊരു ജനാധിപത്യ വ്യവസ്ഥയ്ക്കും ജനങ്ങളുടെ ഭാഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. രോഗിയുടെയും ഡോക്ടറുടെയും ഭാഷ ഒന്നായാല്‍ മാത്രമേ ആരോഗ്യകരമായ ബന്ധം സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മിക്ക രാഷ്ട്രങ്ങളിലും ഗൃഹഭാഷയാണ് അധ്യായന ഭാഷയായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ വിദ്യാഭ്യാസ നിലവാരവും വളരെ മികച്ചതാണ്. വിദ്യാലയങ്ങളിലും ഓഫീസുകളിലും ഗൃഹഭാഷ ഉപയോഗിക്കുന്നത് മികച്ച നേട്ടം ഉണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഡി ഐ ജി കൂട്ടിച്ചേര്‍ത്തു.
വയക്കര ജി എച്ച് എസ് എസിലെ ക്ലര്‍ക്കായ പി പി അജേഷിനാണ് പ്രശ്‌നോത്തരിയില്‍ ഒന്നാം സ്ഥാനം. പാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായ വി വി ഗിരീഷ് കുമാര്‍ രണ്ടാം സ്ഥാനവും ചേലോറ വില്ലേജിലെ പ്രകാശന്‍ കോരപ്പുറത്തിന് മൂന്നാം സ്ഥാനവും നേടി.
ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്‌സി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ ജിയോളജി ഓഫീസര്‍ ദിവാകരന്‍ വിഷ്ണമംഗലം, റവന്യൂ ഇന്‍സ്‌പെക്ടര്‍ ബി ജി ധനഞ്ജയന്‍, ക്ലബ് എഫ് എം പ്രോഗ്രാം പ്രൊഡ്യൂസര്‍ ബിജു സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date