Skip to main content

കുന്നംകുളത്ത് വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാൻ ഹരിത കർമസേന

ജൈവ, അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് കുന്നംകുളം നഗരസഭയിൽ രൂപീകരിച്ച ഹരിതകർമസേനയുടെ പ്രവർത്തനം പുരോമിക്കുന്നു. ഇതിന്റെ ഭാഗമായി 5000 വീടുകളുമായും നഗരത്തിലെ രണ്ടായിരത്തോളം സ്ഥാപനങ്ങളുമായാണ് ഹരിതസേന ഇപ്പോൾ സഹകരിക്കുന്നുണ്ട്.
നഗരസഭ പരിധിയിൽ 13,000 വീടുകളും 3,000 വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ഇവയെയെല്ലാം പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്താനാണ് പരിപാടി. ഒരു വർഷം മുമ്പാണ് നഗരസഭയിൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹരിതകർമസേന രൂപീകരിച്ചത്. ഓരോ വാർഡിൽ നിന്നും രണ്ട് അംഗങ്ങളെ വീതം ഉൾപ്പെടുത്തിയിയാണ് ഇതിന്റെ പ്രവർത്തനം. 60 സ്ത്രീകൾ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ആനായ്ക്കൽ വാർഡിലാണ് ഏറ്റവും കൂടുതൽ പേർ ഹരിത കർമസേനയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇവിടെയുള്ള 400 വീടുകളിൽ നിന്ന് സേനാംഗങ്ങൾ മാലിന്യം ശേഖരിച്ചു വരുന്നുണ്ട്. സേനയുമായി സഹകരിക്കുന്ന 20 വീടുകളുള്ള വാർഡും നഗരസഭയിലുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങൾ കുറുക്കൻപാറ ഗ്രീൻ പാർക്കിലെത്തിച്ചാണ് വേർതിരിക്കുന്നത്. ഓരോ വീട്ടിൽ നിന്നും പ്രതിമാസം 60 രൂപ വീതമാണ് ഇതിനായി വാങ്ങുന്നത്. മാലിന്യങ്ങൾ കത്തിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന സന്ദേശം ഏറ്റെടുക്കാൻ ഓരോരുത്തരും തയ്യാറാകണമെന്ന നഗരസഭയുടെ നിർദേശ പ്രകാരമാണ് ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
50 വീടുകൾ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപവത്കരിക്കുക, വാർഡുകൾ തോറും യോഗങ്ങൾ നടത്തുക, ഹരിതകർമസേനയുടെ സേവനം ഉപയോഗിക്കുന്നവർക്ക് ഗ്രീൻ കാർഡ് നൽകുക, ഈ കാർഡുള്ളവർക്ക് നഗരസഭയുടെ സേവനങ്ങൾക്ക് മുൻഗണന നൽകുക, ശേഖരിച്ച മാലിന്യം കൊണ്ടുപോകുന്നതിന് രണ്ട് വാഹനങ്ങൾ വാങ്ങുക എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. സേനയുമായി സഹകരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. പ്രവർത്തനം മികച്ച രീതിയിലാവുകയാണെങ്കിൽ ഹരിതസേനയിലെ അംഗങ്ങളുടെ വേതനം വർധിപ്പിക്കാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്. പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ഗ്രീൻകാർഡ് നൽകുന്ന പ്രവർത്തനവും ഇപ്പോൾ നടന്നുവരുന്നുണ്ട്.

date