Skip to main content

ലൈഫ് പദ്ധതിയിൽ 2020ൽ 1,00244 വീടുകൾ ഗുണഭോക്താക്കളെ ഏൽപിക്കും:  മന്ത്രി ടി .പി രാമകൃഷ്ണൻ

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട്   സംസ്ഥാനത്ത് 1,00244 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. 2020ൽ ഈ വീടുകൾ ഗുണഭോക്താക്കളെ ഏൽപിക്കുകയാണ് ലക്ഷ്യം. ചോറോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 32 വീടുകളുടെ താക്കോൽദാനം  കൈനാട്ടിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

 56 ഭവന സമുച്ചയങ്ങളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്‌. റവന്യു, പൊതുമരാമത്ത്, ജലസേചനം, വാട്ടർ അതോറിട്ടി, ഹൗസിങ്ങ് ബോർഡ് തുടങ്ങിയവയുടെ കൈവശമുള്ള ഭൂമി ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ഉൾപെടുത്തി  ഇതിനകം 1,37400 വീട് നിർമാണം പൂർത്തിയാക്കി കൈമാറി കഴിഞ്ഞു. നാടിന്റെ വികസന പ്രക്രിയയിൽ നിന്ന് ഒരു വ്യക്തി പോലും പുറത്താകരുതെന്ന് സർക്കാറിന് നിർബന്ധമുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർ മുതൽ എല്ലാ ജനവിഭാഗങ്ങളും ഉൾപ്പെടുന്ന വികസനമാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 സംസ്ഥാനത്ത് പുത്തൻ വികസന സംസ്ക്കാരം വളർത്തിയെടുക്കാൻ സർക്കാറിന് കഴിഞ്ഞു. ഇടനിലക്കാരെയും ദല്ലാൾമാരെയും അഴിമതിക്കാരെയും ഭരണസിരാ കേന്ദ്രങ്ങളിൽ നിന്ന് അകറ്റി നിർത്താൻ കഴിഞ്ഞു. പ്രകടന പത്രികയിൽ 600 പദ്ധതികളാണ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. അതിൽ 53 എണ്ണം മാത്രമാണ് ഇനി നടപ്പാക്കാനുള്ളത്. കേരളത്തിന്റെ പുനർനിർമാണത്തിന് 31,000 കോടി രൂപയാണ് ആവശ്യം. ഭാവി ദുരന്തങ്ങളെ അതിജീവിക്കാനുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 ലൈഫ് ഭവനപദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനം ചോറോട് പഞ്ചായത്തിൽ ഉണ്ടായിരുന്നില്ല. രണ്ടാം ഘട്ടത്തിൽ അർഹതപ്പെട്ട 32 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകിയത്  സി .കെ .നാണു എം.എൽ.എ  അധ്യക്ഷനായി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തിൽ സ്വാഗതം പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ,  ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെരാജൻ,  വൈസ് പ്രസിഡന്റ് കെ. കെ.തുളസി,  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി .കെ റീജ തുടങ്ങി വിവിധ രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു .

 

 

വീടിന്റെ താക്കോല്‍ ദാനം ഇന്ന്

 

 

കൊയിലാണ്ടി നഗരസഭ പി.എം.എ.വൈ. ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇന്ന് (നവംബര്‍ 10) രാവിലെ 10 മണിക്ക് നിര്‍വഹിക്കും. ചടങ്ങിൽ കെ ദാസൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി കവിത മുഖ്യാതിഥിയാവും.

'സൃഷ്ടി' എന്ന പേരിൽ കൊയിലാണ്ടി നഗരസഭയിലെ കൊടക്കാട്ടുമുറിയിൽ രൂപീകരിച്ച കുടുംബശ്രീയുടെ 15 അംഗ നിർമ്മാണ യുണിറ്റാണ് വീട് നിർമ്മിച്ചത്. പ്രദേശത്തെ കാവുമ്പുറത്ത് ബേബിക്കായി 53 ദിവസംകൊണ്ടാണ് ഈ പെൺപട വീട് നിർമ്മിച്ചു നൽകിയത്. കുടുംബശ്രീ കൂട്ടായ്മയിൽ വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതോടൊപ്പം സമയബന്ധിതമായി ഗൃഹനിർമ്മാണം പൂർത്തിയാക്കാൻ ഗുണഭോക്താക്കളെ സഹായിക്കുന്നതിനും ഈ സംരംഭത്തിലൂടെ സാധിച്ചിരിക്കുകയാണ്.

 

 

മക്കട എ.എൽ.പി സ്കൂളിൽ അഗ്രി പാർക്ക് പദ്ധതിക്ക് തുടക്കമായി

 

 

മക്കട എ. എൽ. പി സ്കൂളിൽ ആരംഭിച്ച അഗ്രി പാർക്ക്‌ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് സ്കൂളിലും വീട്ടിലും വിഷ രഹിത പച്ചക്കറി ഉണ്ടാക്കാനും നഷ്ടമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കാനും പരിപാടി കൊണ്ട് സാധിക്കുമെന്ന്   അദ്ദേഹം പറഞ്ഞു.

 പി. ടി. എ  പ്രസിഡന്റ്‌  എം.ടി ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു .സംസ്ഥാന തലത്തിൽ ഭാരത് സ്കൗട്ട് &ഗൈഡ് ന്റെ അവാർഡ് നേടിയ അബ്ദുൽ അസിസ്, കെ എസ് ബിന്ദു  എന്നിവർക്കുള്ള ഉപഹാരവും മന്ത്രി വിതരണം ചെയ്തു.  

സ്കൂൾ ക്ലബ്,  ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, കക്കോടി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹരിത ക്ലബ്, പി.ടി.എ എന്നിവരുടെ സഹകരണത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്. നെൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ആയി ആരംഭിച്ച പാഠം ഒന്ന് പാടത്തേക്ക് പരിപാടിയും  സ്കൂളിൽ ഇതിനോടകം  നടപ്പിലാക്കി കഴിഞ്ഞു.

കക്കോടി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ കെ കെ ചോയിക്കുട്ടി മുഖ്യാഥിതി ആയിരുന്നു. കെ. എസ് ബിന്ദു റിപ്പോർട്ട്‌ അവതരിപ്പിച്ചു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ താഴത്തെയിൽ ജുമൈലത്ത്‌,  ചേവായൂർ ഉപജില്ല ഓഫീസർ ഹെലൻ ഹൈസന്ത്‌ മെന്റോൺസ്, കക്കോടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാഹിദ, കക്കോടി കൃഷി ഭവൻ ഉദ്യോഗസ്ഥ സ്നീശ്ര, കക്കോടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മേലാൽ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ കെ കെ സമീർ സ്വാഗതവും സ്റ്റാഫ്‌ കൗൺസിൽ സെക്രട്ടറി ടി.കെ അബ്ദുൽ അസിസ്  നന്ദിയും പറഞ്ഞു.

 

 

ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും : മന്ത്രി ടി പി രാമകൃഷ്ണൻ

 

 

 ലഹരി പദാർത്ഥങ്ങളുടെ വർധിച്ചുള്ള ഉപയോഗം സമൂഹം അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയമാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ  പറഞ്ഞു. 17ാ മത് സംസ്ഥാന എക്സൈസ് കലാ കായിക മേളയുടെ  ഉദ്ഘാടനം ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
 
 
സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ബോധവൽക്കരണ പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. പദ്ധതിയുടെ ഭാഗമായി നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം എന്ന തീവ്രയജ്ഞ ബോധവൽക്കരണ പരിപാടിക്ക് സർക്കാർ തുടക്കം കുറിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൂടിയാണ് 90 ദിവസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ നടത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 വരെയാണ് പരിപാടി നീണ്ടു നിൽക്കുക. ലഹരി വർജ്ജനത്തിലൂടെ ലഹരി വിമുക്ത കേരളം കെട്ടിപ്പെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തുടർച്ചയായി മയക്കുമരുന്നു വേട്ട നടത്തുക വഴി ജനങ്ങൾക്ക് എക്സൈസിന്റെ സാന്നിധ്യം  അനുഭവപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉയർന്ന പരിഗണന സർക്കാർ നൽകുന്നുണ്ട്. 41.52 കോടി രൂപയാണ് പദ്ധതി വിഹിതമായി സർക്കാർ കാലയളവിൽ അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. 384 പുതിയ തസ്തികകൾ അനുവദിച്ചു. 138 വനിത സിവിൽ എക്സ്സൈസ് ഓഫീസറും 90 സിവിൽ എക്സ്സൈസ് ഓഫീസറും ഉൾപ്പെടെ എൻഫോഴ്സ്മെന്റിന് മാത്രമായി 282 തസ്തികകൾ സൃഷ്ടിച്ചു. ആറ് പുതിയ സർക്കിൾ ഓഫീസും രണ്ട് ജനറേറ്ററി സർക്കിൾ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ജില്ലാ ഓഫീസുകൾ ഇ ഓഫീസുകളാക്കി. മയക്കുമരുന്ന് കേസുകളുടെ തുടരന്വേഷണപ്പെടെയുള്ള കാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ജോയിൻറ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. ലഹരി വേട്ട ശക്തമാക്കാൻ നിലവിലുള്ള മൂന്ന് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് പുറമെ എക്സൈസ് ജോയിൻറ് കമ്മീഷണറുടെ  നിയന്ത്രണത്തിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡും രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം കെ രാഘവൻ എം പി മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ മീരാ ദർശക്, ജില്ലാ കളക്ടർ സാംബശിവറാവു,  എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണൻ, സ്റ്റേറ്റ് സ്പോർട്സ് ഓഫീസർ കെ ആർ അജയൻ, എൻഫോഴ്സ്മെന്റ് അഡീഷണൽ എക്സൈസ്  കമ്മീഷണർ സാം ക്രസ്റ്റി ഡാനിയേൽ, ദേവഗിരി കോളേജ് പ്രിൻസിപ്പാൾ ഡോ ജോസ് ജോൺ മല്ലികശ്ശേരി, ജോയിന്റ് എക്സൈസ് കമ്മീഷണർ വി ജെ മാത്യു, ജോയിന്റ് എക്സൈസ് കമ്മീഷണർ എം എസ് മുഹമ്മദ് സിയാദ്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ വി ആർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.  ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 1500 ഓളം കലാകായിക പ്രതിഭകൾ മാറ്റുരക്കും. മേള നാളെ  Nov 10) സമാപിക്കും.

 

 

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കാന്‍ നടപടി;
മന്ത്രി ടി പി രാമകൃഷ്ണന്‍

 

 

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഈങ്ങാപ്പുഴയില്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, കംഫര്‍ട് സ്റ്റേഷന്‍ ഉദ്ഘാടനവും വനിതാ വിപണന കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്രയധികം കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കിയിട്ടുള്ള ഒരു കാലഘട്ടം വേറെയുണ്ടായിട്ടില്ല. ജീവിതത്തിന് സുരക്ഷിതത്വം ലഭിക്കണമെങ്കില്‍ നല്ല ചികിത്സ മാത്രം പോര മറിച്ച് രോഗം വരാത്ത ഒരു സാഹചര്യം കൂടിവേണം. ഇതിന് വിഷരഹിതമായ ഭക്ഷണവും ശുദ്ധജലവും കിട്ടണം. ഇതിനാണ് ജൈകൃഷിയും പ്രോത്സാഹിപ്പിക്കുന്നതും ജലസ്രോതസുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് ക്ലാസ്മുറികള്‍ ഹൈടെക്കാക്കി മാറ്റി. ഇതിനായി 2020 കോടിയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ എല്ലാ മേഖലകളിലൂടെയും വരുന്ന വികസന സാധ്യതകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പഞ്ചായത്തുകള്‍ നടത്തുന്ന ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ വികസന പ്രക്രിയയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

53 ലക്ഷം ചെലവഴിച്ചാണ് ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചത്. 23 ലക്ഷമാണ് കംഫര്‍ട് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. ഇതിനോട് ചേര്‍ന്നാണ് ഗ്രാമപഞ്ചായത്ത് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ച് വനിതാ വിപണന കേന്ദ്രം നിര്‍മ്മിക്കുന്നത്.ഉദ്ഘാടന ചടങ്ങില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി ഓവര്‍സിയര്‍ സജ്‌ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എംഎല്‍എ സി മോയിന്‍കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, ഐബി റജി, എം ഇ ജലീല്‍, പഞ്ചായത്ത് അംഗം റീന ബഷീര്‍, പുതുപ്പാടി സഹകരണ ബാങ്ക്് പ്രസിഡന്റ് കെ സി വേലായുധന്‍, ടി എ മൊയ്തീന്‍, ഷാഫി വളഞ്ഞപാറ, വിജയന്‍ പുതുശേരി, അനന്തനാരായണന്‍, ജോര്‍ജ് മങ്ങാട്ടില്‍, ശിഹാബ് അടിവാരം, ടി കെ നാസര്‍, യൂസഫ് കോരങ്ങല്‍, ബി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാകേഷ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സുഭാഷ് കാപ്പില്‍ നന്ദിയും പറഞ്ഞു.

date