Skip to main content

പയിമ്പ്ര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉദ്ഘാടനം ഡിസംബര്‍ 25ന് അകം

 

അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറാനൊരുങ്ങി എലത്തൂര്‍ നിയോജക മണ്ഡലത്തിലെ പയിമ്പ്ര ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍. സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ  കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തിയാണ്  വിദ്യാലയം നവീകരിക്കുന്നത്. രണ്ട് കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ക്രിസ്മസ് അവധിക്ക് മുന്‍പ് ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.  സ്‌കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി  ബന്ധപ്പെട്ട്  മന്ത്രിയുടെ അധ്യക്ഷതയില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

 ഡിസംബര്‍ 15-നകം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ പ്രവര്‍ത്തികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കും. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ  അടുക്കള, ഹയര്‍സെക്കന്ററി ലാബ്, എസ്.പി.സി റൂം, ഗ്രൗണ്ട് നവീകരണം തുടങ്ങിയ സൗകര്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്താന്‍ പദ്ധതിരേഖ തയ്യാറാക്കി കിഫ്്ബിയിലേക്ക് നല്‍കാനും യോഗത്തില്‍ തീരുമാനമായി.

 സര്‍ക്കാര്‍ അനുവദിച്ച 5.1 കോടി രൂപയും എല്‍.പി സെക്ഷന്‍ വികസനത്തിനായി  എലത്തൂര്‍ നിയോജകമണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി എ.കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി പൂർത്തിയാവുന്നതോടെ എലത്തൂർ നിയോജക മണ്ഡലത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പയിമ്പ്ര ഹയർസെക്കൻഡറി സ്കൂൾ മാറും. 1881 വിദ്യാര്‍ത്ഥികളാണ് എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി ഇവിടെ പഠിക്കുന്നത്.  
 
കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടന്‍,  ജില്ലാ പഞ്ചായത്ത് അംഗം താഴത്തില്‍ ജുമൈലത്ത്, പയിമ്പ്ര സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.സഫിയ, ഹെഡ് മാസ്റ്റര്‍ ഇ.വത്സരാജ്, പി.ടി.എ പ്രസിഡന്റ് സുധീഷ് കുമാര്‍, യു.എല്‍.സി.സി.എസ്  പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

 

ക്ലീന്‍ സിവില്‍ സ്റ്റേഷന്‍; ശുചീകരണ യജ്ഞം നവംബര്‍ 19 ന്

 

 

 

സിവില്‍ സ്റ്റേഷനിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു. നവംബര്‍ 19 ന് സിവില്‍ സ്റ്റേഷനില്‍ മാസ്സ് ക്ലീനിംഗ് നടത്തും. 18 ക്ലസ്റ്ററുകളായി തിരിച്ച് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയാണ് ശുചീകരണം നടത്തുക. സുരക്ഷിതത്വം മുന്‍നിര്‍ത്തി വരാന്തകളിലെ തുറസ്സായ പ്രവേശനഇടങ്ങളില്‍ ഗേറ്റുകള്‍ സ്ഥാപിക്കും. മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍മുഴി മാതൃകയിലുള്ള യൂണിറ്റ് സ്ഥാപിക്കും. സിവില്‍ സ്റ്റേഷന്റെ എതെങ്കിലും ഇടങ്ങളില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ ഓഫീസുകളിലും മാലിന്യ കൊട്ടകള്‍ സ്ഥാപിക്കാനും മാലിന്യങ്ങള്‍ കൃത്യ സമയത്ത് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓഫീസുകളില്‍ ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കും.

 

കാര്യക്ഷമമായ മാലിന്യ സംസ്‌കരണവും ശുചിത്വം ഉറപ്പു വരുത്താന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം എന്നത് സംബന്ധിച്ച് ഓഫീസ് മേധാവികള്‍, നോഡന്‍ ഓഫീസര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, തുടങ്ങിയവര്‍ക്ക് ക്ലാസ് നല്‍കി.  എല്ലാ ഓഫീസിലെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഓരോ ഓഫീസിലെയും ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിവില്‍ സ്റ്റേഷനില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപീകരിക്കാനും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. എ.ഡി.എം റോഷ്ണി നാരായണന്‍, ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍ കൃപ വാര്യര്‍, ഡോ.എന്‍.സിജേഷ്, കോര്‍പറേഷന്‍ പ്രതിനിധി അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

ഫയര്‍  ആന്റ് സേഫ്റ്റി  കോഴ്സ് അപേക്ഷ ക്ഷണിച്ചു

 

 

 

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സെഫ്റ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പത്താം ക്ലാസ്. താല്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് : 8301098705, 9400635455.

 

 

 

ഗതാഗത നിയന്ത്രണം

 

 

 

കോഴിക്കോട് ജില്ലയിലെ കക്കോടി ചെലപ്രം റോഡ് നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ നവംബര്‍ 15  മുതല്‍ പ്രവൃത്തി തീരുന്നതു വരെ കക്കോടി മുതല്‍ കൂടത്തും പൊയില്‍ വരെ വാഹനഗതാഗതം നിരോധിച്ചു. കക്കോടി നിന്നും കൂടത്തും പൊയില്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അംശകച്ചേരി വഴി കൂടത്തും പൊയിലിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

വേങ്ങേരി നഗരകാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ഒഴിവു വന്നിട്ടുള്ള സ്റ്റാളുകള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു. 11 മാസ കാലയളവിലേക്കാണ് ലൈസന്‍സിനു അനുമതി നല്‍കുന്നത്. അവസാന തീയ്യതി നവംബര്‍ 19ന് രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0495-2376514.

 

 

 

ലോക കേരളസഭ പ്രസിദ്ധീകരണം : പ്രവാസി മലയാളികളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു

 

 

 

ലോക കേരളസഭ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിലേയ്ക്ക് കഥ, കവിത, ലേഖനം, പഠനങ്ങള്‍, യാത്രാവിവരണം, പ്രവാസാനുഭവങ്ങള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണ്‍ എന്നിവ പ്രവാസി മലയാളികളില്‍ നിന്നും ഓണ്‍ലൈനായി ക്ഷണിച്ചു. രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും സമര്‍പ്പിക്കാം. ഡിസംബര്‍ ഒന്നിനകം lkspublication2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ രചനകള്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

 

 

അനര്‍ഹ റേഷന്‍ കാര്‍ഡ് ; നടപടി സ്വീകരിക്കും

 

 

 

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതു മേഖല ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡില്‍ യഥാര്‍ത്ഥ ജോലി കാണിക്കാതെയും യഥാര്‍ത്ഥ വരുമാനം കാണിക്കാതെയും നിലവില്‍ താമസിക്കുന്ന വീട്ടിലെ കാര്‍ഡില്‍ തന്നെ പേര് ഉള്‍പ്പെടുത്താതെയും മുന്‍ഗണനാ കാര്‍ഡുകള്‍ (റോസ് കാര്‍ഡ്), സബ്സിഡി കാര്‍ഡുകള്‍ (നീല കാര്‍ഡ്) അനര്‍ഹമായി കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നതായി വിവിധ പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്‍ഡുകള്‍ ഈ മാസം 30 നകം സപ്ലൈ ഓഫീസില്‍ ഹാജരാക്കിയാല്‍ അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില മാത്രം ഈടാക്കി കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റി നല്‍കും. പിന്നീട് കണ്ടെത്തുകയാണെങ്കില്‍ പിഴ, കമ്പോള വില എന്നിവ ഈടാക്കുന്നതോടൊപ്പം ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ച് നിയമ നടപടികള്‍ സീകരിക്കുമെന്നു താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

 

 

ജില്ലാ റിസോഴ്സ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

 

പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന ജില്ലാ റിസോഴ്സ് സെന്ററില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുള്ള വിദഗ്ധര്‍, വിദ്യാഭ്യാസ ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രൊഫഷണലുകള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തന പരിചയവും വിശദ വിവരങ്ങളും അടങ്ങിയ അപേക്ഷ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് - 673020 എന്ന വിലാസത്തിലോ dpokozhikde@gmail എന്ന ഇമെയില്‍ വിലാസത്തിലോ നവംബര്‍ 23നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371907.

 

 

 

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാലകോഴ്‌സ്  : അപേക്ഷ തീയതി നീട്ടി 

 

 
സാംസ്‌കാരിക വകുപ്പിന്റെ  കീഴിലെ ആറന്‍മുളയിലെ  വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍  ഹ്രസ്വകാല (4 മാസം) കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ല്‍ നിന്നും നവംബര്‍ 25 ലേക്ക് നീട്ടിയതായി  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  ആകെ സീറ്റ് - 30. യോഗ്യത - ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ,ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ച്ചര്‍. യോഗ്യതയുളള വിദ്യാര്‍ത്ഥികളില്‍ നിന്നും നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ക്ഷണിച്ചു, അപേക്ഷഫോറം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്. അപേക്ഷകള്‍ www.vastuvidyagurukulam.com ഓണ്‍ലൈനായി അയക്കാം.  വിശവദ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. വിലാസം - എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പത്തനംതിട്ട - 689533. ഫോണ്‍ - 0468-2319740, 9847053293. 

 

 

വാസ്തുവിദ്യാഗുരുകുലം : കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു 

 

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ  കീഴിലെ പത്തനംതിട്ടയില്‍ ആറന്‍മുളയിലെ പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ ചിത്ര സംരക്ഷണ കേന്ദ്രമായ  വാസ്തുവിദ്യാഗുരുകുലത്തിന്റെ കാഞ്ഞങ്ങാട് പ്രാദേശിക കേന്ദ്രത്തില്‍ താഴെപറയുന്ന കോഴ്സുകള്‍  ജനുവരി ആദ്യവാരം മുതല്‍ ആരംഭിക്കും. ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

1.    സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) പ്രായപരിധി - 35 വയസ്സ്. യോഗ്യത - എസ്എസ്എല്‍സി. ആകെ സീറ്റ് - 40. (50 ശതമാനം വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്നു) അദ്ധ്യയന മാധ്യമം - മലയാളം, അപേക്ഷ  ഫീസ് - 100 രൂപ. 
2.    പാരമ്പര്യ വാസ്തുശാസ്ത്ര (ട്രഡിഷണല്‍ ആര്‍ക്കിടെക്ച്ചര്‍) ത്തില്‍ ഒരു വര്‍ഷ ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സ്. യോഗ്യത - അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ. ആകെ സീറ്റ് - 100, അദ്ധ്യയന മാധ്യമം - മലയാളം. അപേക്ഷ ഫീസ് 200 രൂപ
 3.     ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, പ്രായപരിധി ഇല്ല. യോഗ്യത - എസ്.എസ്.എല്‍.സി, ആകെ സീറ്റ് - 25. കോഴ്സ് ഫീസ് - 200 രൂപ 

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിശവദ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. അപേക്ഷകള്‍ www.vastuvidyagurukulam.com വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അല്ലെങ്കില്‍ അപേക്ഷ പീസ് മണിയോര്‍ഡറായോ പോസ്റ്റല്‍ ഓര്‍ഡറായോ അപേക്ഷഫോം അയച്ചുതരുന്നതായിരിക്കും.  വിലാസം - എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പത്തനംതിട്ട - 689533. ഫോണ്‍ - 0468-2319740, 9847053293. പി.പി സുരേന്ദ്രന്‍, ആര്‍ക്കിടെക്ച്ചറല്‍ എന്‍ജിനീയര്‍ 9847053294. എ,ബി ശിവന്‍, കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ്ജ് - 9947739442. 

 

 

വനിതകള്‍ക്കായി ജോബ് ഫെസ്റ്റ്

 

       
                കോഴിക്കോട് സിവില്‍ സ്റ്റേഷനലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 23 ന്  രാവിലെ 10 മണി മുതല്‍ മലാപ്പറമ്പ് വനിതാ പോളിടെക്‌നിക് കോളേജില്‍ വനിതകള്‍ക്ക് മാത്രമായി ജോബ്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 25 ഓളം കമ്പനികള്‍ പങ്കെടുക്കുന്ന ഈ ജോബ്‌ഫെസ്റ്റിലേക്ക്  പ്രവേശനം സൗജന്യമാണ്.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അന്ന്  രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം മലാപറമ്പ് വനിതാ പോളിടെക്‌നിക്കില്‍ ഹാജരാകണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176.

 

 

മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്

 

മാലിയിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു.  ഇതാദ്യമായിട്ടാണ് നോര്‍ക്ക റൂട്ട്‌സ് മുഖേന മാലിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോര്‍ക്ക റൂട്ട്‌സ് കരാറില്‍ ഒപ്പ് വച്ചു. ബിരുദം/ഡിപ്‌ളോമ കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള നഴ്‌സുമാരേയും മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും  അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്‌സുമാര്‍ക്കാണ് അവസരമുള്ളത്. നഴ്‌സുമാര്‍ക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ)  ടെക്‌നീഷ്യന്‍മാര്‍ക്ക് 1000 യു എസ് ഡോളര്‍ മുതല്‍ 1200 യു എസ് ഡോളര്‍ വരെയും (ഏകദേശം 70,000 രൂപ മുതല്‍ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാന്‍സ്‌പ്പൊര്‍ട്ടേഷന്‍, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം. താത്പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ ഫോട്ടൊ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പ്പോര്‍ട്ടിന്റെയും, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം norka.maldives@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണമെന്ന് നോര്‍ക്കാ റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.norkaroots.org എന്ന വെബ് സൈറ്റിലും ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 23.

                   

 തൊഴില്‍ രഹിത വേതനം 

 

 കാക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തൊഴില്‍രഹിത വേതന വിതരണ കാര്‍ഡിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം  ഡിസംബര്‍ 31 നകം കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍  ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. 

 

 

ജില്ലാ വികസന സമിതി യോഗം 30 ന്

 

    നവംബര്‍ മാസത്തെ കോഴിക്കോട് ജില്ലാ വികസന സമിതി യോഗം നവംബര്‍ 30 ന് രാവിലെ 10.30  മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date