Skip to main content
 ഇലവുങ്കലില്‍ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ആരംഭിച്ച സേഫ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു.

ശബരിമല തീര്‍ഥാടകര്‍ക്ക് 400 കിലോമീറ്ററില്‍  സുരക്ഷിത യാത്ര ഒരുക്കി സേഫ് സോണ്‍  തീര്‍ഥാടന സമയത്ത് നാലു ലക്ഷം കിലോ മീറ്റര്‍ പട്രോളിംഗ്

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും തീര്‍ഥാകടരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി കേരള മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷ അതോറിട്ടിയും സംയുക്തമായി നടപ്പിലാക്കുന്ന സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി. ഇലവുങ്കല്‍ സേഫ്‌സോണ്‍ മെയിന്‍ കണ്‍ട്രോളിംഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സേഫ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചതോടെയാണ് പദ്ധതിക്ക് തുടക്കമായത്. തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് പദ്ധതി തുടരുന്നത്. 

ഇനി തീര്‍ഥാടനകാലം അവസാനിക്കുന്നതുവരെ 400 കിലോ മീറ്റര്‍ വ്യാപ്തിയില്‍ സേഫ് സോണ്‍ പദ്ധതിയുടെ സേവനം തീര്‍ഥാടകര്‍ക്ക് ലഭിക്കും. ഇക്കാലയളവില്‍ നാലു ലക്ഷം കിലോമീറ്റര്‍ ദൂരം പട്രോളിംഗ് നടത്തുവാനാണ് ഉദ്യേശിക്കുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ പറഞ്ഞു. അപകടരഹിതമായ തീര്‍ത്ഥാടനകാലം ഭക്തര്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ഇതിലേക്കായി എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ടു സബ് ഡിവിഷനുകളും പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് സോണ്‍ പദ്ധതിപ്രകാരം ഇലവുങ്കല്‍, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. 18 പട്രോളിംഗ് വാഹനങ്ങളും സൂപ്പര്‍വിഷനും മറ്റ് ആവശ്യങ്ങള്‍ക്കായി 21 വാഹനങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും. അപകടമുണ്ടായാല്‍ അടിയന്തരമായി  രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആശുപത്രികളില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ ആംബുലന്‍സ് സര്‍വീസുകള്‍ ഉപയോഗിക്കും. വാഹനങ്ങള്‍ തകരാറിലായാല്‍ ഗതാഗതതടസം ഉണ്ടാകാതെ അവിടെ നിന്നും മാറ്റി സൗജന്യമായി അറ്റകുറ്റപ്പണി നടത്തും. 40 ടണ്‍ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് ടയര്‍ പഞ്ചര്‍/ റിപയര്‍ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 35 വാഹന നിര്‍മാതാക്കളുടെ 90 മെക്കാനിക്കല്‍ ടീമുകളും പ്രവര്‍ത്തനസജ്ജമാണ്. കഴിഞ്ഞ വര്‍ഷം 8090 വാഹനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്തു.

റോഡ് സേഫ്റ്റി സോണ്‍ പദ്ധതിക്കായി 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നതെന്ന് റോഡ് സേഫ്റ്റി കമ്മീഷണര്‍ ശങ്കര്‍ റെഡി പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമാരായ മുരളി കൃഷ്ണന്‍, അജിത് കുമാര്‍, സ്പെഷ്യല്‍ ഓഫീസര്‍ പി.പി സുനില്‍ ബാബു, നോഡല്‍ ഓഫീസര്‍ ഡി മഹേഷ്, പത്തനംതിട്ട ആര്‍.ടി.ഒ: ജിജി ജോര്‍ജ് എന്നിവരാണ് സേഫ് സോണ്‍ പദ്ധതിക്ക് നേതൃത്വം വഹിക്കുക. സേഫ് കേരള പദ്ധതിയുടെ ഭാഗമായ 10 എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മാര്‍, 65 മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 187 അസി.മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ സേവനം ഇക്കാലയളവില്‍ വിവിധ ഘട്ടങ്ങളായി ലഭ്യമാകും. 

date