Skip to main content

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: ചർച്ചകൾ പുരോഗമിക്കുന്നു, തൊണ്ണൂറ് ദിവസം കൊണ്ട് പൂര്‍ത്തീകരണം

 

കൊച്ചി: കൊച്ചിനഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ചർച്ചകൾ പുരോഗമിക്കുന്നു. ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. 
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖർ .എൽ .കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു.

തിരുവനന്തപുരം നഗരത്തില്‍  വെള്ളക്കെട്ട് നിവാരത്തിനായി നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയില്‍ സമഗ്ര പദ്ധതിയാണ് കൊച്ചിയിലും നടപ്പാക്കുക. നഗരത്തിലെ കനാലുകളും ഓടകളും ഉള്‍പ്പെട്ട ജലനിര്‍ഗമന മാര്‍ഗങ്ങളുടെ വിശദമായ ഭൂപടം തയാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്. 
വെള്ളക്കെട്ടിനിടയാക്കുന്ന തടസങ്ങളും കണ്ടെത്തി വരുന്നു. ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവിഷ്കരിക്കുക.

പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലെ എക്സിക്യുട്ടൂീവ് എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്.

 ജില്ലാ ദുരന്ത നിവാരണ വിഭാഗം, കോര്‍പ്പറേഷന്‍, റവന്യൂ, സര്‍വെ, പൊലീസ് വകുപ്പുകള്‍ ഉള്‍പ്പെട്ട സ്പെഷ്യല്‍  സെല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് തേഡ് പാര്‍ട്ടി ക്വാളിറ്റി ഓഡിറ്ററായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയെ എതിര്‍ക്കുവാന്‍ മറ്റ് വകുപ്പുകള്‍ക്കോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ സാധിക്കില്ല. 

ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ,
 ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ  സന്ധ്യ ദേവി മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date