Skip to main content

അതിസൂക്ഷ്മ വ്യവസായങ്ങള്‍ക്കുളള പലിശ സബ്‌സിഡി.

    അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അതിസൂക്ഷ്മ ഗാര്‍ഹിക വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് പലിശ സബ്‌സിഡിക്ക് ജില്ലാവ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിക്കുന്നു.  ഉത്പാദന മേഖലയിലോ ജോബ് വര്‍ക്കിലോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും മുതല്‍ മുടക്ക് അഞ്ച് ലക്ഷത്തില്‍ കുറവും (സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും വില ഇതില്‍ ഉള്‍പ്പെടുന്നില്ല) അഞ്ച് കുതിര ശക്തിയില്‍ കവിയാതെ വൈദ്യൂതി ഉപയോഗിക്കുന്നതുമായ യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വൈറ്റ് കാറ്റഗറിയിലുളള സംരംഭങ്ങള്‍ക്കായിരിക്കും തുടക്കത്തില്‍ ഈ ആനുകൂല്യം ലഭിക്കുക. സംരംഭകരുടെ ബാങ്ക് വായ്പയുടെ പലിശയില്‍ ഇളവായിട്ടാണ് ആദ്യ മൂന്നുവര്‍ഷത്തേക്ക് ആനുകൂല്യം ലഭിക്കുന്നത്.
    സ്ഥാപനം ആരംഭിക്കുന്നതിന് ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്ത സംരംഭകര്‍ക്ക് വാര്‍ഷിക പലിശയില്‍ ആറ് ശതമാനം സബ്‌സിഡിയായി തിരികെ നല്‍കുന്നു. വനിത, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് എട്ട് ശതമാനം വരെ പലിശയില്‍ ഇളവ് ലഭിക്കും. വായ്പ എടുത്ത് യൂണിറ്റ് ആരംഭിക്കുന്ന വര്‍ഷം വായ്പാ തിരിച്ചടവില്‍ വീഴ്ച നോക്കാതെ സബ്‌സിഡി ലഭ്യമാകുമെങ്കിലും രണ്ട്, മൂന്ന് വര്‍ഷങ്ങളില്‍ തിരിച്ചടവ് കൃത്യ മായവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
മറ്റേതെങ്കിലും തരത്തിലുളള കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ധനസഹായമോ പലിശയിളവ് വായ്പയോ ലഭിച്ചിട്ടുളള യൂണിറ്റുകള്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. ജില്ലാവ്യവസായ കേന്ദ്രം/താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുളള അപേക്ഷ ധനകാര്യ സ്ഥാപനത്തില്‍ നിന്നുളള ശുപാര്‍ശ സഹിതം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രമായോ, താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടാം.

 

date