Skip to main content

ഹോട്ടലുകളിലും തട്ടുകടകളിലും രാത്രികാല പരിശോധന നടത്തണം: ജില്ലാ കലക്ടര്‍ ഉപഭോക്താക്കള്‍ക്കായി ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം

ഹോട്ടലുകളിലും തട്ടുകടകളിലും നല്‍കുന്ന ആഹാര പദാര്‍ത്ഥങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ രാത്രികാല പരിശോധനകള്‍ നടത്തുന്നതിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശം നല്‍കി.  എല്ലാ ഭക്ഷ്യ വസ്തു വിപണന കേന്ദ്രങ്ങളിലും ഉപഭോക്താക്കള്‍ക്ക്  പരാതിപ്പെടുവാനുള്ള ഭക്ഷ്യ സുരക്ഷ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍  കലക്ടറേറ്റ് ചേംബറില്‍ സംഘടിപ്പിച്ച  ഭക്ഷ്യ സുരക്ഷ ഉപദേശക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഹോസ്റ്റല്‍ മെസ്സുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്റീനുകളിലും  കുട്ടികള്‍ക്കു നല്‍കുന്ന  ഭക്ഷണപദാര്‍ത്ഥങ്ങളുടെയും  വയോജന കേന്ദ്രങ്ങളിലും അനാഥാലയങ്ങളിലും അന്തേവാസികള്‍ക്കു നല്‍കുന്ന  ഭക്ഷണത്തിന്റെയും ഗുണ നിലവാരം ഉറപ്പു വരുത്തണം.  ബോഗ്, മോഡല്‍ ഗ്രാമ പഞ്ചായത്ത് പദ്ധതി എന്നിവ ഫലപ്രദമാക്കാനും  ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട  വിഷയങ്ങളില്‍  മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സഹായം തേടുന്നതിനായി അതാത് സബ് കലക്ടറുമായും ബന്ധപ്പടാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി എന്‍ സി സി,എസ് പി സി,  മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായം തേടാമെന്നും കലക്ടര്‍ സൂചിപ്പിച്ചു. ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ  പോലീസ്, എക്‌സൈസ്, സാമൂഹ്യ നീതി , ആരോഗ്യം, ലീഗല്‍ മെട്രോളജി വകുപ്പദ്ധ്യക്ഷന്മാര്‍ പങ്കെടുത്തു.

date