Skip to main content

വെള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപനം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും

 

വെള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബര്‍ 16-ന് വൈകിട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. പി.ടി.എ റഹീം എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ സ്‌കൂളിന് അനുവദിച്ചുകിട്ടിയ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെയും പുതിയതായി രൂപീകരിച്ച ജെ.ആര്‍.സി യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും.

 

 

പൂളക്കോട് ജിഎല്‍പി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം 16ന്

 

പൂളക്കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബര്‍ 16ന് വൈകിട്ട് 4.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. പി.ടി.എ റഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി  മുപ്രമ്മല്‍, വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന തുടങ്ങിയവര്‍ പങ്കെടുക്കും. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജി സന്ദീപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

 

 

മാവൂര്‍ ജി.എം.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷവും കെട്ടിട ഉദ്ഘാടനവും 16ന്

 

 

മാവൂര്‍ ജി.എം.യു.പി സ്‌കൂള്‍ ശതാബ്ദി ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നവംബര്‍ 16-ന് വൈകിട്ട് അഞ്ചുമണിക്ക് നിര്‍വഹിക്കും. അതോടൊപ്പം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ശതാബ്ദി സ്മാരക കെട്ടിടം, രക്ഷിതാക്കളും നാട്ടുകാരും നിര്‍മിച്ചു നല്‍കിയ ക്ലാസ് റൂമുകള്‍, എസ്.എം.സി നിര്‍മ്മിച്ച പാര്‍ക്ക്, എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ടോയ്‌ലറ്റ് എന്നിവയുടെ ഉദ്ഘാടനവും നടക്കും. പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍  എംപി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

ശിശുദിനം കലക്ടര്‍ക്കൊപ്പം ആഘോഷിച്ച് ചില്‍ഡ്രന്‍സ് ഹോം കേഡറ്റുകള്‍

 

 

ശിശുദിനത്തില്‍ ചൈല്‍ഡ് ലൈന്‍ സേ ദോസ്തി ക്യാംപയിനിന്റെ ഭാഗമായി വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ത്ഥി കേഡറ്റുകള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവുവിനെ കാണാന്‍ കലക്ട്രേറ്റിലെത്തി. കലക്ടര്‍ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും 30 മിനുട്ട് നേരം കലക്ടറെ അടുത്തുകിട്ടിയ അവസരം കുട്ടികള്‍ പാഴാക്കിയില്ല. ചോദ്യങ്ങളും സംശയങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം കലക്ടറോട് പേടിയേതും കൂടാതെ കുട്ടികള്‍ തുറന്നു പറഞ്ഞു.

സാറിന്റെ കരിയറില്‍ ഏറ്റവും ഓര്‍ത്തിരിക്കുന്ന അനുഭവം ഏതാണെന്ന ചോദ്യത്തിന് ഓരോ ദിവസവും ഒരുപാട് അനുഭവങ്ങള്‍ നല്‍കുന്നുണ്ടെന്നും അതെല്ലാം താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും കലക്ടര്‍ മറുപടി പറഞ്ഞു. മോഡല്‍ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേഷന്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ആ ശ്രമവും മികച്ച അനുഭവമാണ്. സാറിന് ചെറുപ്പം മുതല്‍ സിവില്‍ സര്‍വ്വീസ് ആഗ്രഹമുണ്ടായിരുന്നോ എന്ന കുട്ടികളുടെ ചോദ്യത്തിന് തെല്ലും ആശങ്കയില്ലാതെ കലക്ടര്‍ മറുപടി നല്‍കി. ആത്മവിശ്വാസം കൈമുതലാക്കിയാണ് പരീക്ഷ എഴുതിയത്. എന്റെ ജീവിതം സിവില്‍ സര്‍വ്വീസിന് വേണ്ടിയാണെന്നുള്ള നിശ്ചയദാര്‍ഢ്യമാണ് ഐ.എ.എസ് കരസ്ഥമാക്കിയത്. ആഗ്രഹവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.

ശുചിത്വബോധമുള്ളവരായിരിക്കണം വിദ്യാര്‍ത്ഥികള്‍. മികച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കണം ഇതെല്ലാം ഭാവിയില്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളെ കരുത്താക്കി മാറ്റണമെന്നും കുട്ടികളോട് കലക്ടര്‍ പറഞ്ഞു. റിപബ്ലിക് പരേഡ് കാണണമെന്ന കുട്ടികളുടെ ആഗ്രഹം അവര്‍ തുറന്നു പറഞ്ഞപ്പോള്‍ ശ്രമിക്കാമെന്ന വാക്കും നല്‍കിയാണ് കുട്ടികളെ തിരികെ വിട്ടത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നായി 32 കുട്ടികളാണ് കലക്ടറെ കാണാനെത്തിയത്.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ദേശീയപദ്ധതിയായ ചൈല്‍ഡ്‌ലൈനിന്റെ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ശിശുദിന ക്യാമ്പയിനാണ് ചൈല്‍ഡ് ലൈന്‍ സേ ദോസ്തി. വിവിധ പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. ഫറോക് കോളേജ് പ്രിന്‍സിപ്പാളും ചൈല്‍ഡ്‌ലൈന്‍ ഡയറക്ടറുമായ ഡോ.കെ.എം നസീര്‍, ജില്ലാലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എ.വി ഉണ്ണികൃഷ്ണന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടകക്ഷന്‍ ഓഫീസര്‍ കെ.എം നസീര്‍, ജുവൈനല്‍ വിംഗ് സബ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഫ്‌സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കുന്ദമംഗലം ഐ.സി.ഡി.എസ് : ടെന്‍ഡര്‍ ക്ഷണിച്ചു

 

കുന്ദമംഗലം ഐ.സി.ഡി.എസ് കാര്യാലയത്തിന് കീഴിലെ 184 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന സമയം നവംബര്‍ 18 ന് രണ്ട് മണി.

 

ആശ്രയ കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 

 

കൊയിലാണ്ടി നഗരസഭയുടെ ആശ്രയ -അഗതി രഹിത പദ്ധതിയുടെ ഭാഗമായി ആശ്രയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ ഉദ്ഘടാനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ അജിത അധ്യക്ഷത വഹിച്ചു.
നഗരസഭയിലെ ആശ്രയ വിഭാഗത്തില്‍ പെട്ട 253 പേര്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മാസത്തിലൊരിക്കല്‍ നഗരസഭ വിതരണം ചെയ്യുന്നുണ്ട്. വീടില്ലാത്ത ആശ്രയവിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനും  നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു, കൗണ്‍സിലര്‍മാരായ ഗോകുല്‍ദാസ്, പി.പി കനക, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ. സുധാകരന്‍, കെ.എം. പ്രസാദ്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ ഇന്ദുലേ, റീജ എന്നിവര്‍ സംസാരിച്ചു.

 

കേരള തയ്യല്‍ തൊഴിലാളി പെന്‍ഷന്‍: മസ്റ്ററിങ് ചെയ്യണം

 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ 2019 നവംബര്‍ 30-നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍  അറിയിച്ചു. ഫീസ് അടക്കേണ്ടതില്ല. മസ്റ്ററിങ് നടത്തിയവര്‍ക്ക് മാത്രമേ അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. ഫോണ്‍ - 0495 2768351.

 

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:

പരാതി പരിഹാര അദാലത്തു നടത്തുന്നു

 

കേരള കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ കയര്‍ തൊഴിലാളികളുടെ  വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി 2019 ഡിസംബര്‍ 13 ന് കോഴിക്കോട് അദാലത്ത് സംഘടിപ്പിക്കുന്നു. ക്ഷേമനിധിയില്‍ നിന്ന് കയര്‍ പെന്‍ഷന്‍, വിവിധ ധനസഹായങ്ങള്‍,  വിരമിക്കല്‍  ആനുകൂല്യം, വിദ്യാഭ്യാസ സ്‌ക്കോളര്‍ഷിപ്പ്  തുടങ്ങിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം  കാണുന്നതിനായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിലേക്കുള്ള പരാതികള്‍ ബോര്‍ഡിന്റെ കോഴിക്കോട്  റീജ്യണല്‍ ഓഫീസിലും ആലപ്പുഴ ഹെഢാഫീസിലും നവംബര്‍ 30 വരെ സ്വീകരിക്കും. പരാതികളും അപേക്ഷകളും  തപാല്‍ വഴിയും  നേരിട്ടും  സമര്‍പ്പിക്കാം.  ക്ഷേമനിധി അംഗങ്ങളായ  തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും പരാതികള്‍ അദാലത്തു മുന്‍പാകെ  സമര്‍പ്പിച്ച് പരിഹാരം  കാണാവുന്നതാണെന്ന് ചീഫ്  എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിലാസം (1) റീജിയണല്‍ ഓഫീസര്‍,   കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, നടക്കാവ്., കോഴിക്കോട്.-673011, (2) ചീഫ്  എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഹെഢാഫീസ്- ആലപ്പുഴ -688001.

 

പഠനയാത്ര ചെലവ് റീ ഇമ്പേഴ്സ്മെന്റ് - അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ജില്ലയിലെ  പോസ്റ്റ്മെട്രിക് സ്ഥാപനങ്ങളില്‍ 2019-20 ല്‍ അവസാന വര്‍ഷം പഠിക്കുന്നവരും ഇ ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കുന്നവരുമായ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളില്‍ പഠനയാത്രക്ക് പങ്കെടുത്തവര്‍ക്ക്  ചെലവായ തുക റീ ഇമ്പേഴ്സ് ചെയ്ത് ലഭിക്കുന്നതിന്  വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി സഹിതം ബന്ധപ്പെട്ട സ്ഥാപന മേധാവി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 04952370657.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

 

കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ അംഗങ്ങളും ഡിസംബര്‍ 20 നകം അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് മാനേജര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റും ആധാര്‍കാര്‍ഡിന്റെ കോപ്പിയും മാനേജര്‍, കേരള മദ്രസ അദ്ധ്യാപക ക്ഷമനിധി ഓഫീസ്, പുതിയറ പോസ്റ്റ്, കോഴിക്കോട് 673004 എന്ന വിലാസത്തില്‍ അയക്കണം.  ഫോണ്‍ 0495 2720577.

 

അക്വാകള്‍ച്ചര്‍ പരിശീലന പരിപാടി: അപേക്ഷ ക്ഷണിച്ചു

 

അക്വാകള്‍ച്ചര്‍ ഡിഗ്രി അല്ലെങ്കല്‍ വി.എച്ച്.എസ്.ഇ വിജയകരമായി പൂര്‍ത്തീകരിച്ച 20 നും 30 നും ഇടയ്ക്ക് പ്രായമുള്ള യുവജനങ്ങള്‍ക്ക് എട്ട് മാസം കാലാവധിയുള്ള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിക്കായി അപേക്ഷിക്കാം. പരിശീലന കാലയളവില്‍  പ്രതിമാസം 7,500 രൂപ സ്‌റ്റൈപ്പന്റ് അനുവദിക്കും. ഫിഷറീസ് വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും പരിശീലനം നല്‍കുന്നത്.  മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.  നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ 2019 നവംബര്‍ 20 നകം  ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ (ട്രെയിനിംഗ്), കിഴക്കേ കടുങ്ങല്ലൂര്‍, യു.സി കോളേജ് (പി.ഒ), ആലുവ -2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇ.മെയില്‍   jdtfrgaluva@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്   - 0495- 2383780,                                  2381430.

 

ഭരണസമിതി യോഗം ഇന്ന്

 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തിര യോഗം ഇന്ന് (നവംബര്‍ 15) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍

 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ്, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്‌സ്, മെഷീന്‍ ലേണിംഗ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഐഒടി,  പൈതോണ്‍, ജാവ, പിഎച്ച്പി എന്നിവയാണ്കോഴ്സുകള്‍. വിദ്യാഭ്യാസ യോഗ്യത: എസ്എസ്എല്‍സി പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി. വിശദ വിവരങ്ങള്‍ക്ക്: 04712325154/4016555.

 

 

നോര്‍ക്ക സംരംഭകത്വ പരിശീലനവും

യോഗ്യതാ നിര്‍ണ്ണയവും എറണാകുളത്ത്

 

 

പ്രവാസി പുനരധിവാസ പദ്ധതിക്കു (എന്‍.ഡി.പ്രേം) കീഴില്‍ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാനിര്‍ണ്ണയക്യാമ്പ് നവംബര്‍ 23 രാവിലെ 10 മണിക്ക് നോര്‍ത്ത് പറവൂരിലുള്ള വ്യാപാരഭവനില്‍ നടക്കും.  വായ്പനിര്‍ണ്ണയക്യാമ്പ് വി.ഡി.സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും.  കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക്  തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തില്‍ പരിചയപ്പെടുത്തുന്നതും യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമാണ്.  അഭിരുചിയുള്ളവര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കും.  ഇതിനായി സര്‍ക്കാര്‍ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി.എം.ഡി യുടെ സേവനവും ലഭ്യമാക്കും.

സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍  ലഭ്യമാകുന്ന ഈ പദ്ധതിയില്‍ കീഴില്‍ സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ അവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, പാന്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും കൈവശം കരുതണം.  താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്സിന്റെ  വെബ് സൈറ്റായ www.norkarosto.org ല്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും കൃത്യ സമയത്ത് സ്ഥലത്ത് എത്തിച്ചേരുകയും വേണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി യുടെ സഹായക കേന്ദ്രം (0471-2329738) നമ്പരിലും, നോര്‍ക്ക റൂട്ട്സിന്റെ  1800-425-3939 (ഇന്ത്യയില്‍ നിന്നും), 00918802012345  (വിദേശത്തുനിന്ന് മിസ്ഡ്കാള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും  0471-2770500 നമ്പരിലും  ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  

 

പെട്രോളിയം ഡീലര്‍മാര്‍ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

 

പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ വില്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തനമൂലധന വായ്പ നല്‍കാന്‍ കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറുമാവണം. പ്രസ്തുത സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്സ് രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകന്‍ വായ്പക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണം.  
മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയ്യതി, ഡീലര്‍ഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ 'മാനേജിംഗ് ഡയറക്ടര്‍, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശ്ശൂര്‍ - 20' എന്ന വിലാസത്തില്‍ നവംബര്‍ 30 നുള്ളില്‍ ലഭിക്കണമെന്ന്  മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് മസ്റ്ററിങ് നടത്തി രസീത് കൈപ്പറ്റണം

 

കശുവണ്ടി ക്ഷേമനിധി - ലൈഫ് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍  ഗുണഭോക്താക്കള്‍  നവംബര്‍ 30 നകം  ആധാര്‍ കാര്‍ഡ്, ക്ഷേമനിധി കാര്‍ഡ്/പെന്‍ഷന്‍ പാസ്ബുക്ക് എന്നിവ സഹിതം അക്ഷയ കേന്ദങ്ങളിലെത്തി ലൈഫ് സര്‍ട്ടിഫിക്കറ്റ് മസ്റ്ററിങ് ചെയ്തു രസീത് കൈപ്പറ്റണം.  മസ്റ്ററിങ് തികച്ചും സൗജന്യമാണ്. മസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല എന്ന വിവരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. സജീവ് അറിയിച്ചു. ഫോണ്‍ - 047924465187.

 

ജി.എന്‍.എം നഴ്സിനെ ആവശ്യമുണ്ട്

 

കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിലേക്കും, ആശുപത്രി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിലേക്കും ജി.എന്‍.എം നഴ്സിനെ ആവശ്യമുണ്ട്. താല്‍പര്യമുളളവര്‍ നവംബര്‍ 20 ന് രാവിലെ 10 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. യോഗ്യത ജി.എന്‍.എം, ബി.സി.സി.പി (ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് കേര്‍).

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

സി.എച്ച്.എം.കെ.എം കൊടുവളളി ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലേക്ക് പുസ്തകം വാങ്ങുന്നതിനായി കേരളത്തിലെയും ഇന്ത്യയിലേയും അംഗീകൃത പുസ്തക വിതരണ ഏജന്‍സികള്‍, അച്ചടിക്കാര്‍, പ്രസാധകര്‍ എന്നിവരില്‍ നിന്നും മലയാളം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് തുടങ്ങിയ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് കൂടിയ നിരക്കില്‍ ഡിസ്‌ക്കൗണ്ട് ഓഫറിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍ - 0495 2214033, 9447714033.

 

മത്സ്യത്തൊഴിലാളി പെന്‍ഷണര്‍മാര്‍ അക്ഷയ കേന്ദ്രത്തില്‍ മസ്റ്ററിങ് നടത്തണം

 

 
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വാര്‍ധക്യകാല പെന്‍ഷന്‍, അനുബന്ധത്തൊഴിലാളി പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ പെന്‍ഷന്‍ പാസ്സ്ബുക്ക്, ബാങ്ക്പാസ്സ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുമായി അക്ഷയകേന്ദ്രത്തില്‍ നേരിട്ട് ഹാജരായി മസ്റ്ററിങ് നടത്തേണ്ടതാണ്. ഇതിനായി അക്ഷയ സെന്ററില്‍ ഫീസായി യാതൊന്നും നല്‍കേണ്ടതില്ല. നവംബര്‍ 13 മുതല്‍ 30 വരെയാണ് മസ്റ്ററിങ് നടത്തുന്നതിന് ധനവകുപ്പ് സമയപരിധി അനുവദിച്ചിട്ടുള്ളത്. മസ്റ്ററിങ് നടത്തിയ പെന്‍ഷന്‍കാര്‍ക്ക് മാത്രമേ അടുത്ത ഗഡു പെന്‍ഷന്‍ വിതരണം ഉണ്ടായിരിക്കുകയുള്ളൂ. ഇതിനകം ഫിഷറീസ് ഓഫീസുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച പെന്‍ഷണര്‍മാരും അക്ഷയ കേന്ദ്രത്തില്‍ മസ്റ്ററിങ് നടത്തേണ്ടതാണ്. കിടപ്പുരോഗികളും, അവശരുമായ പെന്‍ഷണര്‍മാരുടെ വിവരം ബന്ധുക്കള്‍ ആരെങ്കിലും അക്ഷയകേന്ദ്രത്തില്‍ ഹാജരായി അറിയിക്കുന്നപക്ഷം അക്ഷയകേന്ദ്രത്തില്‍ നിന്നും നേരിട്ടെത്തി മസ്റ്ററിങ് നടത്തുന്നതാണ്. ഇതിനായി അവശത അനുഭവിക്കുന്നവരെ അക്ഷയ കേന്ദ്രത്തില്‍ എത്തിക്കേണ്ടതില്ല. ഡിസംബര്‍ ഒന്ന്  മുതല്‍ അഞ്ച്  വരെയാണ് കിടപ്പു രോഗികള്‍ക്ക് മസ്റ്ററിങ് നടത്തുന്നതിന് ധനവകുപ്പ് സമയപരിധി അനുവദിച്ചിട്ടുള്ളത്.

 

ലീഗല്‍ മെട്രോളജി അദാലത്ത് നടത്തുന്നു

 

2018 ല്‍ നിലവിലുളളതും 2019 ല്‍ താല്‍ക്കാലികമായി പുതുക്കിയതുമായ ലീഗല്‍ മെട്രോളജി ലൈസന്‍സുകളില്‍ ഭേദഗതി വരുത്തേണ്ടുന്നവയ്ക്ക് മേഖലാ തലത്തില്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചു. 2018 ലെ നിലവിലുളള ലൈസന്‍സുകള്‍ക്ക് ഉപോല്‍ബലകമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ പുതിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ലൈസന്‍സ് ഭേദഗതി അപേക്ഷ ഓഫ്ലൈനായി ബന്ധപ്പെട്ട ഓഫീസില്‍ നവംബര്‍ 16 നോ അതിനുമുമ്പോ ഹാജരാക്കണം. അത് സംബന്ധിച്ച് നവംബര്‍ 22 ന് രാവിലെ 10 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ഡെപ്യൂട്ടി കണ്‍ട്രോളറുടെ ആഫീസില്‍ അദാലത്ത് നടത്തും. ഡെപ്യൂട്ടി കണ്‍ട്രോളറുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അദാലത്തില്‍ ലൈസന്‍സ് ഭേദഗതിക്കായി സമര്‍പ്പിച്ച അപേക്ഷയും ബന്ധപ്പെട്ട അസ്സല്‍ രേഖകളും സഹിതം ബന്ധപ്പെട്ടവര്‍ ഹാജരാകേണ്ടതും ഫീസ് അടക്കേണ്ടതുമാണെന്നും അസി. കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍ - 0495 2371757.

 

ഐ.സി.ഡി.എസ് അര്‍ബന്‍ 2 : ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഐ.സി.ഡി.എസ് അര്‍ബന്‍ 2 പ്രോജക്ട് ശിശുവികസന പദ്ധതി ഓഫീസിന് പരിധിയിലെ 140 അങ്കണവാടികളിലേക്ക് 2019-20 വര്‍ഷത്തേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയിത നവംബര്‍ 27 ന് രണ്ട് മണി വരെ. ഫോണ്‍ 0495 2373566.

 

ടെണ്ടര്‍ ക്ഷണിച്ചു

 

പന്തലായനി അഡീഷണല്‍ ഐ.സിഡിഎസ് പ്രൊജക്ടിലെ 98 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 ന് രണ്ട് മണി വരെ. ഫോണ്‍ - 0496 2621190, 8281999298.

 

കാര്‍ഷിക വികസന സമിതി 18ന്

 

 

കോഴിക്കോട് ജില്ലാ കാര്‍ഷിക വികസന സമിതി യോഗം നവംബര്‍ 18 ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേരും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
 

 

ബീഡി ചുരുട്ട് തൊഴിലാളികള്‍ മസ്റ്ററിങ് ചെയ്യണം

 

 

ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങിവരുന്നവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും നവംബര്‍ 30 നകം മസ്റ്ററിംഗ് ചെയ്യേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മസ്റ്ററിംഗ് വിവരങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്ക് മാത്രമേ അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കുകയുള്ളു. പെന്‍ഷന്‍കാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് അടക്കേണ്ടതില്ല. കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രം പ്രതിനിധികള്‍ ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ വീട്ടില്‍ വന്ന് ചെയ്യുന്നതായിരിക്കും. അതിലേക്കായി കുടുംബാംഗം വിവരങ്ങള്‍ നവംബര്‍ 29 നകം ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരെ അറിയിക്കേണ്ടതാണ്. ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും ബാങ്കിലും നിലവില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരും നിര്‍ബന്ധമായും അക്ഷയകേന്ദ്രത്തില്‍ മസ്റ്ററിംഗ് നടത്തേണ്ടതാണ്. അക്ഷയകേന്ദ്രങ്ങളില്‍ ക്ഷേമനിധി കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497-2706133.
 

 

ടൂറിസ്റ്റുകള്‍ക്ക് താമസസൗകര്യം; രജിസ്ട്രേഷന്‍ ആരംഭിച്ചു

 

 

സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ  ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് താമസ സൗകര്യം, ഭക്ഷണം എന്നിവ ഒരുക്കാന്‍ താത്പര്യമുള്ള അംഗീകൃത ഹോം സ്റ്റേകള്‍, ഗൃഹസ്ഥലികള്‍, സര്‍വ്വീസ്ഡ് വില്ലകള്‍, ടെന്റ് ക്യാമ്പുകള്‍ എന്നിവയ്ക്ക് ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയ്യതി നവംബര്‍ 30. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിവിധ പദ്ധതികളെ സംബന്ധിച്ച ക്ലാസുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ 15 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്  rt@keralatourism.org എന്ന ഇ- മെയില്‍ വിലാസത്തിലോ അതത് ജില്ലകളിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടാം. ഫോണ്‍: 9526748398.

 

ടെണ്ടര്‍ ക്ഷണിച്ചു

 

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ഐസിഡിഎസ് അര്‍ബ്ബന്‍ 1 പ്രൊജക്ടിലെ 133 അങ്കണവാടികളില്‍  കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം നടത്തുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 19 ഉച്ചക്ക് 12 മണി വരെ. ഫോണ്‍ - 0495 2702523.  

 

date