Skip to main content

വിദ്യാലയം പ്രതിഭകളിലേക്ക് ': പാട്ടുകാരനെ തേടി വിദ്യാർത്ഥികൾ പെട്ടിക്കടയിൽ

വിദ്യാലയം പ്രതിഭകളിലേയ്ക്ക് പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമിട്ടപ്പോൾ പാട്ടുകാരനെ തേടി വിദ്യാർത്ഥികൾ എത്തിയത് പെട്ടിക്കടയിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കരൂപ്പടന്ന ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് കരൂപ്പടന്നയുടെ സ്വന്തം ഗായകനായ മുടവൻകാട്ടിൽ ഷംസുദ്ദീനെ തേടി കരൂപ്പടന്ന പള്ളിനടയിലെ അദ്ദേഹത്തിന്റെ പെട്ടിക്കടയിൽ എത്തിയത്. ആദ്യകാലത്ത് ഗാനമേളകളിലും വിവാഹ സദസ്സുകളിലും ആകാശവാണിയിലും നിരവധി പാട്ടുകൾ പാടി ശ്രദ്ധേയനായ ഷംസുദ്ദീൻ പിന്നീട് പ്രവാസിയായി. തിരിച്ചു വന്ന് നാട്ടിൽ ചെറിയ കച്ചവടം ചെയ്യുന്നതിനിടയിൽ വാഹനാപകടത്തിൽ ഒരു കാല് നഷ്ടപ്പെട്ടു. പിന്നീട് എഫ് എം റേഡിയോയിൽ നിറ സാന്നിധ്യമായി പാട്ടിലൂടെ വേദനയെ മറികടന്നു ഈ കലാകാരൻ. അദ്ധ്യാപകരായ നിസ, ലിജി, അമൽ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ഷാമിൽ, അഫ്താബ്, ദേവാങ്കന, മിസ്രിയ, അനഘ, അമാൻ എന്നിവരാണ് ഷംസുദ്ധീനെ ആദരിക്കാനെത്തിയത്. ഷംസുദ്ദീനുമായി കുട്ടികൾ സംവദിച്ചു. ഒന്നിച്ചു പാട്ടു പാടിയാണ് പിരിഞ്ഞത്. കുട്ടികൾക്ക് പാഠപുസ്തകത്തിന് പുറത്തുള്ള പുതിയ അനുഭവം നൽകുക' എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാലയ പരിസരത്തുള്ള പ്രതിഭകളെയാണ് കുട്ടികൾ ആദരിക്കുക. സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളുടെ ചെറുസംഘം അധ്യാപകരോടൊന്നിച്ച് സ്‌കൂളിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന ശാസ്ത്ര-കല-കായിക-സാഹിത്യ രംഗങ്ങളിലെ പ്രതിഭകളെ സന്ദർശിച്ച് അവരുടെ അനുഭവങ്ങൾ അറിയുകയും സംവദിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതി ഈ മാസം 28 ന് സമാപിക്കും.

date