Skip to main content

അന്താരാഷ്ട്ര വാണിജ്യമേളയിൽ തദ്ദേശഭരണ വകുപ്പിന്റെ സജീവ പങ്കാളിത്തം

 

ദില്ലിയിൽ നടക്കുന്ന അന്താരാഷ്ട്ര വാണിജ്യമേളയിൽ തദ്ദേശഭരണ വകുപ്പിനെ പ്രതിനിധീകരിച്ച് പഞ്ചായത്ത് വകുപ്പ് പ്രദർശന സ്റ്റാൾ സജ്ജമാക്കി. അധികാര വികേന്ദ്രീകരണത്തിന് ദിശാബോധ നൽകി കേരളം നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതി ഇന്ത്യയാകെ വ്യാപിപ്പിച്ചിരിക്കുന്ന വേളയിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് തീം സ്റ്റാൾ തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് വകുപ്പ് സജ്ജമാക്കിയ തീം സ്റ്റാളിലും ഗ്രാമീണ ഉൽപ്പന്നങ്ങളും സുഗന്ധ വ്യഞ്ജന വസ്തുക്കളും പ്രദർശിപ്പിച്ച വാണിജ്യ സ്റ്റാളിലും സന്ദർശകരുടെ നല്ല തിരക്കുണ്ട്. ജോയിന്റ് ഡയറക്ടർ ജോസ്‌നമോളുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സുരേഷ്‌കുമാർ, ജി.കെ.സുനിൽ, ഷിബുകുമാർ, ഉദ്യോഗസ്ഥരായ അലക്‌സ് വജ്ഹാദ്, രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് സ്റ്റാളുകൾ നിയന്ത്രിക്കുന്നത്. ആയാസ രഹിതമായി സംരംഭങ്ങൾ തുടങ്ങുന്നതിന് അടുത്തിടെ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹെൽപ്പ് ഡസ്‌ക് ഉൾപ്പെടെ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കാൻ പഞ്ചായത്ത് ഡയറക്ടർ ഗ്രാമപഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് മികച്ച പിന്തുണയാണ് തദ്ദേശസ്ഥാപനങ്ങൾ നൽകുന്നത്.
പി.എൻ.എക്‌സ്.4117/19

date