Skip to main content
മിഷന്‍ അന്ത്യോദയ 2019 ജില്ലാതല പരിശീലന പരിപാടി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍   പി.കെ  ബാബു ഉദ്ഘാടനം ചെയ്യുന്നു

മിഷന്‍ അന്ത്യോദയ വിവരശേഖരണം: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

മിഷന്‍ അന്ത്യോദയ വിവരശേഖരണത്തിന്റെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്‌സ്- പഞ്ചായത്ത് വകുപ്പുകളിലെ ജീവനക്കാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പി കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഡാറ്റാ അപ്‌ഡേഷന്‍ സംബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥര്‍, പ്ലാന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്തിലെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്.

അടിസ്ഥാന സൗകര്യ വികസനം, മാനവ വികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളുടെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനാണ് മിഷന്‍ അന്ത്യോദയക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി കൃത്യമായ ആസൂത്രണത്തിലൂടെ പദ്ധതികള്‍ രൂപപ്പെടുത്തി നടപ്പാക്കുകയാണ് ലക്ഷ്യം. 2017ലും 2018 ലുമായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും സര്‍വ്വെ നടത്തിയിരുന്നു.

പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി- പദ്ധതിയേതര പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവ ലോകനത്തിനും മറ്റുമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വിവരശേഖരണത്തിന്റെ ചുമതല. സര്‍വ്വെ നടത്തി ലഭിക്കുന്ന വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അപ്‌ലോഡ് ചെയ്യും. നവംബര്‍ 25 നകം സര്‍വ്വെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
ചടങ്ങില്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി എസ് രജത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസര്‍ ശ്രീധരന്‍ നമ്പൂതിരി, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍, റിസര്‍ച്ച് ഓഫീസര്‍മാരായ കെ കണ്ണന്‍, അബ്ദുള്‍ ഗഫൂര്‍, കെ രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.  

date