Skip to main content

'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' പ്രഖ്യാപനം മുഖ്യമന്ത്രി  പിണറായി വിജയന്‍ നിര്‍വഹിക്കുന്നു

കൊച്ചി: മയക്കുമരുന്നിന്റെ മാരകമായ ഉപഭോഗത്തെക്കുറിച്ചും, അത് നമ്മുടെ  വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ജീവിതത്തെ നശിപ്പിക്കുന്നതിനെക്കുറിച്ചും അവരില്‍ ബോധവല്‍ക്കരണം നടത്തി പ്രത്യാശഭരിതമായ  ഒരു നാളയെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ 90 ദിന തീവ്രയത്‌ന ബോധവല്‍കരണ   പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നു. ഈ ലക്ഷ്യം പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിനും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പേര് അന്വര്‍ത്ഥമാക്കുന്നതിന് മുഴുവന്‍ ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ 'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' പദ്ധതി മുഖ്യമന്ത്രി  പിണറായി വിജയന്‍ ഉദ്ഘാടനം  നിര്‍വഹിക്കുന്നു.

ഇന്ന്  കടവന്ത്ര രാജീവ്ഗാന്ധി  ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാലിന്  നടത്തുന്ന  സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിന് എക്‌സൈസ് വകുപ്പ് മന്ത്രി  ടി.പി രാമകൃഷണന്‍ ആധ്യക്ഷം വഹിക്കുകയും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.കെ.രവീന്ദ്രനാഥ്  മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. ജില്ലയിലെ മുഴുവന്‍ എം.പി മാരും എം.എല്‍.എ. മാരും പ്രശസ്ത സിനിമാതാരം മുകേഷ് എം.എല്‍.എ , മുന്‍ എം.പി ഇന്നസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുരിയാക്കോസ്, കൊച്ചിന്‍ മേയര്‍ സൗമിനി ജയിന്‍,  പ്രമുഖ നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിക്കുന്നു.
ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ ആനന്തകൃഷ്ണന്‍ സ്വാഗതം ആശംസിക്കുകയും വിമുക്തി മിഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍  ടി .വി അനുപമ നന്ദി രേഖപ്പെടുത്തുകയും ചെയ്യും.

'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' എന്ന വിളംബര പ്രഖ്യാപനത്തിന്  വിദ്യാര്‍ത്ഥികളും വനിതകളും ഉള്‍പ്പടെ 10000 ത്തോളം പൊതുജനങ്ങളുടെ സാന്നിധ്യം സംഘാടകരായ എറണാകുളം  എക്‌സൈസ് ഉറപ്പ് വരുത്തിയിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയില്‍ 'വിനാശലഹരിക്ക് വിട, സംഗീതമാണ് ലഹരി ' എന്ന തീമില്‍ പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി നയിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്കും,  പ്രസീദ ചാലക്കുടിയുടെ നാടന്‍ പാട്ടും , മാത കോഴിക്കോടിന്റെ രംഗാവിഷ്‌കാരവും ഉണ്ടാകുന്നതാണ്. പ്രവേശനം സൗജന്യമാണെന്ന്   അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

date