Skip to main content

അന്തർ സംസ്ഥാന നദീജല ഹബ്ബ്: രണ്ടാം ഘട്ടത്തിന് സാമ്പത്തികാനുമതി

പാലക്കാട് ആസ്ഥാനമായി നിർമിക്കുന്ന അന്തർ സംസ്ഥാന നദീജല ഹബ്ബിന്റെ രണ്ടാം ഘട്ടനിർമാണത്തിന് സാമ്പത്തികാനുമതി ലഭിച്ചു. ഡാം റിഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് (ഡിആർഐപി) വഴി രണ്ടാംഘട്ടത്തിനായി 261 ലക്ഷം രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. അന്തർ സംസ്ഥാന നദീജല ആർകൈവ്‌സ് ലൈബ്രറി, മ്യൂസിയം, ഡാറ്റാ ഇന്റർപ്രട്ടേഷൻ സെന്റർ, ഡാം സുരക്ഷാ പരിശീലനത്തിനും കർഷകരുടെ പരിശീലനത്തിനുമുള്ള സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കുന്നതാണ് രണ്ടാംഘട്ട പദ്ധതി. അന്തർ സംസ്ഥാന നദീജല വിഷയങ്ങൾ ഏകോപിപ്പിക്കുന്നതിന് പുറമേയുള്ള പ്രവൃത്തികളാണിവ. 2020 മേയ് 31 ന് മുമ്പ് പൂർണമായും പ്രവർത്തന സജ്ജമാക്കുന്ന രീതിയിലാണ് അന്തർ സംസ്ഥാന നദീജല ഹബ് പാലക്കാട് പൂർത്തിയാവുന്നത്.
ഹബ് പ്രവർത്തനം ആരംഭിക്കുന്നതോടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേതുപോലെ അന്തർ സംസ്ഥാന നദീജല വിഷയങ്ങൾ പൂർണമായി ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം കേരളത്തിലുമാവും. പറമ്പിക്കുളം-ആളിയാർ, ശിരുവാണി, കാവേരി തുടങ്ങിയ അന്തർ സംസ്ഥാന നദീജല പദ്ധതികൾ പാലക്കാട് ജില്ല കേന്ദ്രീകരിച്ചുള്ളതായതിനാൽ ഹബ് ഇവിടെ യാഥാർത്ഥ്യമാകുന്നത് സംസ്ഥാനത്തിന് ഗുണകരമാകും. വൻകിട ജലസേചന പദ്ധതികളിലെ ജലവിനിയോഗം കൂടുതൽ കർഷക പങ്കാളിത്തത്തോടെ നിർവഹിക്കാനും ഇത് സഹായകമാവും. ഒന്നരക്കോടി രൂപയാണ് ഹബ്ബിന്റെ നിർമാണ ചെലവ്.
പി.എൻ.എക്‌സ്.4128/19

date