Skip to main content

പേനകളില്‍ വിസ്മയം തീര്‍ത്ത്  ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ 8000 പേനകള്‍ കലക്ടര്‍ക്ക് കൈമാറി

കരവിരുതില്‍ വൈവിധ്യമാര്‍ന്ന പേനകള്‍ തീര്‍ത്ത് വിസ്മയിപ്പിക്കുകയാണ്  ജില്ലയിലെ ഭിന്നശേഷിക്കാരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. വൈകല്യങ്ങളിലും തങ്ങളുടെ കരവിരുതുകള്‍ പുറത്തെടുത്ത് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയാണവര്‍.  പിയര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 8000 പേനകളാണ് ജില്ലയിലെ 38 ബഡ്സ്, ബി.ആര്‍.സി സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചത്. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലതയുടെ നേതൃത്വത്തില്‍ പേനകള്‍ ശേഖരിച്ച്  ജില്ലാകലക്ടറെ ഏല്‍പ്പിച്ചു. പേനകള്‍  ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.ഫിറോസ് ഖാന് കലക്ടര്‍ കൈമാറി.  
പേനകള്‍ക്ക് പുറമെ നോട്ട്പാഡ്, ഹാന്‍ഡ് വാഷ്, സോപ്പ്, സോപ്പുപൊടി, ഡിഷ് വാഷ്, ടോയ്ലറ്റ് ക്ലീനര്‍, കരകൗശല വസ്തുക്കള്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബഡ്സും ബി.ആര്‍.സി സെന്ററുകളുമാണ് തൊഴില്‍പരമായ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച്  പേപ്പര്‍ പേനകളാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്നത്. അഞ്ചു രൂപയാണ് പേനയുടെ വില. ആവശ്യാനുസരണം പേനകളില്‍ ലോഗോ പതിച്ചു നല്‍കും. ഓഡറുകള്‍ക്കായി കുടുംബശ്രീ ജില്ലാമിഷനുമായി ബന്ധപ്പെടണം.
  അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം.സി കെ.എം വിനോദ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ കെ.എസ് അസ്‌കര്‍, പി. ജിനേഷ്, എം.മൃദുല, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം.കെ വിഷ്ണു, ഒ.എസ്.എസ് പി. രഞ്ജിത്ത്, ദേശീയ കൗമാരരോഗ്യ പദ്ധതി കോര്‍ഡിനേറ്റര്‍ സി.റ്റി ഹസ്ന, ആശ കോര്‍ഡിനേറ്റര്‍ ശ്രീപ്രസാദ്, എന്‍.യു.എച്ച്.എം കോര്‍ഡിനേറ്റര്‍  ശ്രീനാഥ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

date