Skip to main content

ജില്ല ബീച്ച് ഗെയിംസ്; സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും

ജില്ലയില്‍ തീരദേശത്തെ കായിക വികസനം ലക്ഷ്യമാക്കി  സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് പൊന്നാനിയില്‍ ഇന്ന് (നവംബര്‍ 17) തുടക്കമാകും. പൊന്നാനി ഹാര്‍ബറില്‍ നടക്കുന്ന ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.  തുടര്‍ന്ന് വടംവലി, വോളിബോള്‍ മത്സരങ്ങളോടെ ബീച്ച് ഗെയിംസിന് തുടക്കമാകും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം, ഫിഷറീസ്, കായികം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. 
നവംബര്‍ 17 മുതല്‍ 25 വരെ പൊന്നാനിയിലും, പടിഞ്ഞാറെക്കരയിലുമായി നടക്കുന്ന മത്സരങ്ങളില്‍ 18 വയസ്സിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും, 16 ന് മുകളിലുള്ള സ്ത്രീകള്‍ക്കും പങ്കെടുക്കാം. മത്സ്യത്തൊഴിലാളികള്‍ക്കും പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രത്യേകമായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസില്‍ ഫുട്‌ബോള്‍, വോളിബോള്‍, കബഡി, വടംവലി മത്സരങ്ങള്‍ എന്നീ മത്സരങ്ങള്‍ ഉണ്ടാകും.
18 ന് രാവിലെ ഏഴിന് ഫുട്‌ബോള്‍ മത്സരവും ഉച്ചയ്ക്ക് ശേഷം മൂന്നിന് കബഡി മത്സരവുമാണ് നടക്കുക. ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലയിലെ 33 ടീമുകളാണ് പങ്കെടുക്കുക. 19 ന് മൂന്നിന്  വനിതകളുടെ കബഡി, വടംവലി മത്സരങ്ങളും നടക്കും. നവംബര്‍ 24, 25 തീയതികളില്‍ പടിഞ്ഞാറെക്കരെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനില്‍ തീരദേശവാസികള്‍ക്കായുള്ള ഫുട്‌ബോള്‍, വടംവലി മത്സരങ്ങളാണ് നടക്കുക. ഓരോ ഇനത്തിലും വിജയികളാവുന്ന ഒന്നാം സ്ഥാനക്കാര്‍ക്ക് 15000 രൂപ ആണ് ലഭിക്കുക, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000 എന്നിങ്ങനെയുമാണ് സമ്മാനത്തുക. 
 

date