Skip to main content

പ്ലാസ്റ്റിക് തരൂ.. ഭക്ഷണം തരാം... പദ്ധതിക്ക് തുടക്കമായി

ജില്ലാ ഭരണകൂടത്തിന്റെയും മലപ്പുറം നഗരസഭയുടെയും സംയുക്ത സംരംഭമായ ''പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം'' എന്ന പദ്ധതിക്ക് തുടക്കമായി. ക്യാന്‍സര്‍ രോഗത്തിനടക്കം കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയിലെത്തിച്ചാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പകരം ഭക്ഷണ പാക്കറ്റ് നല്‍കുന്നതാണ് പദ്ധതി. നഗരസഭാ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഔദ്യോഗിക വാഹനത്തില്‍ മാലിന്യമടങ്ങിയ കവറുമായി നഗരസഭയിലെ എം.ആര്‍.എഫ് യൂനിറ്റായ 'ഖനി'യിലെത്തി പി. ഉബൈദുള്ളയെ എം.എല്‍.എ ഏല്‍പ്പിച്ചു. എം.എല്‍.എ ഭക്ഷണം കലക്ടര്‍ക്ക് നല്‍കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയിലെ ഖനിയിലെത്തിച്ചാല്‍ ഉച്ചയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. ഉച്ചയ്ക്ക് 12.30 മുതല്‍ ഒന്നരവരെയുള്ള സമയത്ത് പദ്ധതിയ്ക്കുള്ള സംവിധാനം ഉണ്ടാകുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അറിയിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി മലപ്പുറം ടൗണ്‍ മുതല്‍ കോട്ടപ്പടി വരെ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, ഗവ.കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു. പദ്ധതിയുടെ എംബ്ലം രൂപകല്‍പ്പന ചെയ്ത നവാസ് കോണോംപാറക്ക് കലക്ടര്‍ ഉപഹാരം നല്‍കി. 
നഗരസഭ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  ഇ.ടി. രാകേഷ്, സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ്, പി.എ സലീം, റജീന ഹുസൈന്‍, ഫസീന കുഞ്ഞി മുഹമ്മദ്, കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍, ഹാരിസ് ആമിയന്‍, ഹംസ കപ്പൂര്‍, കെ.കെ ഉമ്മര്‍, ഇ.കെ മൊയ്തീന്‍, തോപ്പില്‍ മുഹമ്മദ് കുട്ടി, കെ.കെ മുസ്തഫ, അഡ്വ. റിനിഷ റഫീഖ്,  ബുഷ്റ സക്കീര്‍, സലീന റസാഖ്, വത്സല ടീച്ചര്‍, സെക്രട്ടറി ബാലസുബ്രമണ്യന്‍, ജ്യോതിഷ് മണാശ്ശേരി, നുജൂം തുടങ്ങിയവര്‍ പങ്കെടുത്തു.
 

date