Skip to main content

സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കാൻ കുടുംബശ്രീയും കിലയും കൈകോർക്കുന്നു

സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും കിലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 19, 20 തീയതികളിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും. വയോജനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതവും ആരോഗ്യകരവുമായ വാർധക്യകാല ജീവിതം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ തേടുകയാണ് ശിൽപശാലയുടെ ലക്ഷ്യം. നിലവിൽ പാലിയേറ്റീവ് കെയർ അടക്കം നൂതനമായ നിരവധി പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കുന്നുണ്ട്. ഇത്തരം പ്രവർത്തനം ശക്തിപ്പെടുത്താൻ വേണ്ട നടപടിയും കുടുംബശ്രീയും കിലയും സ്വീകരിക്കും.
ദേശീയ ശിൽപശാല 19ന് രാവിലെ 10 ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനംചെയ്യും. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിക്കും. വിവിധ സെഷനുകളിൽ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥർ, സാമൂഹ്യ-വികസന-അക്കാദമിക് രംഗത്തെ വിദഗ്ധർ എന്നിവർ പങ്കെടുക്കും. ശിൽപശാലയിലൂടെ ഫീൽഡ്തലത്തിൽ നടപ്പാക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് 20ന് സമാപന സമ്മേളത്തിൽ ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് കൈമാറും.
2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് പല ജില്ലകളിലും 60 വയസിനു മുകളിൽ പ്രായമുള്ളവർ 15 ശതമാനത്തിലേറെയാണ്. 2026ൽ വയോജനങ്ങൾ ജനസംഖ്യയുടെ 18.3 ശതമാനം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പി.എൻ.എക്‌സ്.4155/19

date