Skip to main content

സംസ്ഥാനത്തിന്റെ പൊതുവികസനം: യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ യുവ ഐ. എ. എസ്, ഐ. പി. എസ്, ഐ. എഫ്. എസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിൽ നിന്നുള്ള അഭിപ്രായം കേൾക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായതിനാൽ നിരവധി ആശയം പങ്കുവയ്ക്കാനുണ്ടാവും. നാടിന്റെ നില മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങൾ തുറന്നു പറയുന്നതിന് മടിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനസൗഹാർദ്ദമെന്നത് ഒരു സംസ്‌കാരമായി മാറണമെന്ന് യോഗം അഭിപ്രായപ്പെട്ടു. എല്ലാ ഓഫീസുകളിലും പൊതുജനങ്ങൾക്കായി ഹെൽപ് ഡെസ്‌കുകൾ ഉണ്ടാവണം. സർക്കാരിന്റെ പദ്ധതികളെ സംബന്ധിച്ച ബോധവത്കരണം സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ എന്നിവരിലേക്കെത്തിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യണം. സർക്കാരിന്റെ വിവിധ മിഷനുകളുടെ വിജയകഥകൾ പൊതുജനങ്ങളിലെത്തണം. സർക്കാർ സംവിധാനത്തെയും സിവിൽ സർവീസ് മേഖലയേയും സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം. തൊഴിൽ, തൊഴിലാളി ബാങ്കുകൾ സൃഷ്ടിക്കുന്നത് നന്നായിരിക്കുമെന്ന നിർദ്ദേശമുണ്ടായി. നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10000 രൂപയാണ് ജില്ലാ കളക്ടർമാർക്ക് അനുവദിക്കാനാവുക. ഇത് 25000 രൂപയായി ഉയർത്തണമെന്ന് ജില്ലാ കളക്ടർമാർ അഭിപ്രായപ്പെട്ടു.
ഉയർന്ന ഉദ്യോഗസ്ഥർ തമ്മിൽ നിരന്തരം ആശയവിനിമയം നടക്കണം. പ്രളയം പോലെയുള്ള ദുരന്തങ്ങളെ നേരിട്ടതെങ്ങനെയെന്നതുൾപ്പെടെ ഡോക്യുമെന്റ് ചെയ്യണം. ഇത് പിന്നീട് വരുന്ന ഉദ്യോഗസ്ഥർക്ക് സഹായകരമാവും. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം. എസ്. സി, എസ്. ടി വിഭാഗങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള ജില്ലാതല കമ്മിറ്റികൾ നിരീക്ഷിക്കുന്നതിന് സംസ്ഥാനതലത്തിൽ സംവിധാനം വേണം. ഇ ഓഫീസ് സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കണം. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടാവണം. ആഴ്ചയിൽ ഒരിക്കൽ ജില്ലാ കളക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരിട്ട് കാണണം. ഓഫീസുകളിലെത്തുന്ന ജനങ്ങൾക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. സേവനാവകാശ നിയമം കൃത്യമായി നടപ്പാക്കണം. സംസ്ഥാനത്തിന്റെ ഐ. ടി. സേവനങ്ങൾ ജനസൗഹൃദമാവണം. സർക്കാരിന്റെ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികളിലൂടെയും റേഷൻ കടകളിലൂടെയും ജനങ്ങളിലെത്തിക്കണം. റോഡുകൾ നന്നാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണം. ഉന്നത ഉദ്യോഗസ്ഥർക്ക് ഒരു തസ്തികയിൽ കുറഞ്ഞ കാലാവധി നിശ്ചയിക്കണം.
പോലീസിന്റെ സേവനവും കുറ്റാന്വേഷണവും മികവുറ്റതാക്കുന്നതിനുള്ള നിർദ്ദേശം യുവ ഐ. പി. എസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി. ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ കൂടുതൽ സി. ഐമാരെ നിയോഗിക്കണം. കുടുംബപ്രശ്നങ്ങളും മറ്റു സിവിൽ പരാതികളും പരിശോധിക്കുന്നതിന് പുതിയ സംവിധാനം വേണം. തെലങ്കാന മാതൃകയിൽ ജില്ലാ കളക്ടർ, എസ്. പി, ഒരു അഭിഭാഷകൻ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി ഇതിനായി രൂപീകരിക്കണമെന്ന നിർദ്ദേശവും യോഗത്തിലുണ്ടായി.
വനപാലകർ നിലവിൽ ലാത്തിയുമായാണ് പട്രോളിംഗ് നടത്തുന്നതെന്നും ആയുധം അനുവദിക്കണമെന്നും അഭിപ്രായമുയർന്നു. ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ യുവ ഐ. എഫ്. എസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി. ജനവാസ മേഖലയിൽ വന്യജീവികൾ ഇറങ്ങുന്നതിന് പരിഹാരം കാണുന്നതിന് സൗരോർജ വേലി വ്യാപകമായി സ്ഥാപിക്കണമെന്നും ഇവയുടെ അറ്റകുറ്റപ്പണികളുടെ ചുമതല തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്നും നിർദ്ദേശിച്ചു. കേരളത്തിന്റെ പച്ചപ്പ് കൂട്ടാൻ നടപടിയുണ്ടാവണം. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം തുടങ്ങിയ അഭിപ്രായവും യോഗത്തിൽ പങ്കെടുത്തവർ പങ്കുവച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി.കെ. ജോസ്, ഡോ. ആഷ തോമസ്, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.4157/19

date