Skip to main content

കക്കോടിയില്‍ പകല്‍വീട് പ്രവര്‍ത്തനം ആരംഭിച്ചു

കക്കോടി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണാടിച്ചാലില്‍ നിര്‍മ്മിച്ച പകല്‍ വീട്, ബഡ്സ് സ്‌കൂള്‍ എന്നിവയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയിലെ 60 ശതമാനത്തിലധികം പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂളുകളും പകുതിയോളം പഞ്ചായത്തുകളില്‍ പകല്‍വീടുകളും  സ്ഥാപിക്കാന്‍  സാധിച്ചതായി  മന്ത്രി പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളിലൂടെ  മനുഷ്യത്വപരമായ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.

ആറ്  മുതല്‍ 17 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിചരണവും വിദ്യാഭ്യാസവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ബഡ്സ് സ്‌കൂള്‍ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിന്റെ നല്ല കാലം കുടുംബത്തിനും സമൂഹത്തിനും വേണ്ടി പ്രയത്‌നിച്ച്  വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒത്തുകൂടാനും  വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി സമയം ചെലവഴിക്കാനുമാണ് പകല്‍ വീട് ഒരുക്കിയത്.

കക്കോടി പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി ഭിന്നശേഷിക്കാരായ നൂറോളം കുട്ടികളാണ്  ഉള്ളത്. ഇവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക്  ഉയര്‍ത്തിക്കൊണ്ടു വരികയാണ് ബഡ്‌സ് സ്‌കൂളിന്റെ ലക്ഷ്യം. രണ്ടു സ്ഥാപനങ്ങളിലേക്കുമായുള്ള വാഹനസൗകര്യം കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കും. വൈദ്യപരിശോധനക്കുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബഡ്‌സ് സ്‌കൂളില്‍ ഒരു ടീച്ചര്‍, ഹെല്‍പ്പര്‍ എന്നിവരുടെ സേവനവും പകല്‍ വീട്ടില്‍ ഒരു കെയര്‍ടേക്കറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.കെ ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാഹിദ അബ്ദുറഹ്മാന്‍, ജില്ലാപഞ്ചായത്ത് അംഗം താഴത്തയില്‍ ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭീന്ദ്രന്‍, കക്കോടി ഗ്രാമപഞ്ചായത് സ്ഥിരം സമിതി അംഗങ്ങളായ  മേലാല്‍ മോഹനന്‍,  വിജില കണിയാറക്കല്‍, ശ്രീലത ബാബു,  പഞ്ചായത്ത് സെക്രട്ടറി ബാബു പ്രസാദ്, അസി. സെക്രട്ടറി ഭുവനേശ്വരി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

 

 

കവലയില്‍ അംഗനവാടി മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 

 

 

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കവലയില്‍ അംഗനവാടി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അംഗനവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി  ശിശുസൗഹൃദ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി വരികയാണെന്ന്  മന്ത്രി പറഞ്ഞു. കുട്ടികളുടെ  പ്രാഥമിക വിദ്യാഭ്യാസം നഴ്‌സറി സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തുടങ്ങേണ്ടത്.  അംഗനവാടികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവാണ് മുന്‍പ് ഉണ്ടായിരുന്നത്. അത്തരം അവസ്ഥകള്‍ക്ക് ഇപ്പോള്‍  മാറ്റം വന്നിട്ടുണ്ട്.  അര്‍ഹതപ്പെട്ട ആനുകൂല്യം അംഗനവാടി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ  മാറ്റം തുടങ്ങേണ്ടത് വിദ്യാഭ്യാസ മേഖലയില്‍ നിന്നാണെന്നുള്ള തീരുമാനത്തില്‍ നിന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍  രൂപം നല്‍കിയത്. നാട്ടിന്‍പുറത്തെ പൊതു  വിദ്യാലയങ്ങളിലേക്ക് കുട്ടികളെത്തുന്ന  പ്രവണത വര്‍ധിക്കുന്നതിന് ഇത് സഹായകമായി. അഞ്ചുലക്ഷത്തോളം വിദ്യാര്‍ഥികളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ  ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സ്വകാര്യവ്യക്തി അനുവദിച്ച സ്ഥലത്ത് 14.5 ലക്ഷം രൂപ ഉപയോഗിച്ചാണ് അംഗനവാടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വൈസ് പ്രസിഡന്റ് ടി.കെ മീന, സ്ഥിരം സമിതി അംഗങ്ങളായ കെ കൃഷ്ണദാസ്,  ഷാജികുമാര്‍,  ജില്ലാപഞ്ചായത്തംഗം താഴത്തയില്‍ ജുമൈലത്ത്, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

date