Skip to main content

കലോത്സവങ്ങൾ കഴിവുകൾ മാറ്റുരയ്ക്കുന്ന വേദിയാകണം; മന്ത്രി എ കെ ശശീന്ദ്രന്‍ 

ആര്‍ഭാടപെരുമഴയല്ല, കഴിവുകളുടെയും പ്രകടനങ്ങളുടെയും പ്രതിഭാ വിലാസമാണ് കലോത്സവങ്ങളിലുണ്ടാകേണ്ടതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. റവന്യൂ ജില്ലാ കലോത്സവം കോഴിക്കോട് ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാര്‍ഥത്തില്‍ കഴിവുള്ള കുട്ടികള്‍ക്കെല്ലാം ഇവിടെ പങ്കെടുക്കാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം. ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരു ലക്ഷം വരെ ഓരോ കുട്ടികള്‍ക്ക് ചെലവാകുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു ഇത്തരം വേദികളില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പരിമിതിയെ മുറിച്ചുകടക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ഏത് തലങ്ങളിലുള്ളവര്‍ക്കാണെങ്കിലും പ്രതിഭയുണ്ടെങ്കില്‍ കിരീടം നേടാന്‍ കഴിയുന്ന തരത്തില്‍ കലോത്സവം മാറണമെന്ന സന്ദേശം നല്‍കാന്‍ ഇത്തവണത്തെ ജില്ലാ കലോത്സവത്തിലൂടെ കഴിയെട്ടെന്നും മന്ത്രി പറഞ്ഞു.  

കലോത്സവത്തിലൂടൈ നേടുന്നത് സാംസ്‌കാരികമായ ഔന്നത്യവും ഊര്‍ജവുമാണ്. ഇത്തരമൊരു സാംസ്‌കാരിക പരിസരം സൃഷ്ടിക്കാനുള്ള ശ്രമം കേരളത്തിന്റെ സാംസ്‌കാരിക ഉന്നതിയുടെ ചവിട്ടുപടികളാണ്. ഇതിന് സാധിക്കുന്നുണ്ടോയെന്നാണ് ഓരോ പരിപാടികളും സമാപിക്കുമ്പോള്‍ നാം പരിശോധിക്കേണ്ടതെന്നും മന്ത്രി  പറഞ്ഞു. 

കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി ആര്‍ സുധീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വിശിഷ്ടാതിഥിയായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഇ പ്രശാന്ത്കുമാര്‍, പി കിഷന്‍ചന്ദ്, പി എം നിയാസ്, എസ് വി ഷമില്‍ തങ്ങള്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന്‍, എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ കെ അബ്ദുല്‍ഹക്കീം, കോഴിക്കോട് ഡിഇഒ എന്‍ മുരളി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ സജിഷ്‌ നാരായണന്‍, സാമൂതിരി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ മുരളി മോഹന്‍, ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ സജീവന്‍ കുഞ്ഞോത്ത്, ബിഇഎം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സിസിലി ജോണ്‍, റൂറല്‍ എഇഒ പി ഗീത, ജിഐടിഇ (മെന്‍) എച്ച്എം കെ ലീല, ഫെസ്റ്റിവല്‍ കമ്മിറ്റി ജോ. കണ്‍വീനര്‍ സജീവ്കുമാര്‍, പിടിഎ പ്രസിഡന്റ് സലാം വെള്ളയില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനറായ ഡിഡിഇ വി പി മിനി സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ പി ടോമി ജോര്‍ജ് നന്ദിയും പറഞ്ഞു.

 

 

കലാമേളയില്‍ ട്രാഫിക് ബോധവത്ക്കരണവുമായി 'റോഡ് സേഫ് 2020'

 

റവന്യൂ ജില്ലാ കലാമേളയോടനുബന്ധിച്ച് ട്രാഫിക് ബോധവത്ക്കരണവുമായി 'റോഡ് സേഫ് 2020'. കലോത്സവം നടക്കുന്ന കോഴിക്കോട് ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന 'സേഫ്‌ലാന്റ്' എന്ന മാതൃക ഇവിടെ ഒരുക്കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ നിരത്തുകളില്‍ പാലിക്കേണ്ട നിയമങ്ങളും സൂചകങ്ങളും ഏവരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് സ്‌കൂള്‍ ചുരില്‍ വരച്ച് ചേര്‍ത്തത്. 

റോഡ് മുറിച്ചു കടക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലും കലോത്സത്തിനെത്തുന്നവര്‍ക്ക് ട്രാഫിക് പൊലിസിന്റെ പ്രദര്‍ശനം നല്‍കുന്നു.  സ്വകാര്യ ആര്‍ട് ആന്റ് മീഡിയ കോളജിലെ ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥികളാണ് സ്‌കൂള്‍ ചുമരില്‍ പ്രദര്‍ശനത്തിനാവശ്യമായ ചിത്രങ്ങള്‍ വരച്ചത്. ലൈറ്റ് ഡിം ചെയ്യേണ്ടതിന്റെ ആവശ്യകത, സിഗ്നലുകള്‍, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ശ്രദ്ധിക്കപ്പെടുന്ന അടിക്കുറിപ്പോടെയാണ് ചുമരില്‍ ചിത്രീകരിച്ചിരിക്കുന്നത്. കോഴിക്കോട് നഗരം സമ്പൂര്‍ണ ട്രാഫിക് സാക്ഷര നഗരമായി മാറുന്നുവെന്ന 'നല്ല വാര്‍ത്ത'യും പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നു.

 

date