Skip to main content

പ്രളയം: ജില്ലയില്‍ മരിച്ച 62 പേരുടെ ആശ്രിതര്‍ക്ക്  ധനസഹായം നല്‍കി

തകര്‍ന്ന കോളനികളുടെ പുനരധിവാസത്തിന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു.
ജില്ലയില്‍ 2019 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നാലു ലക്ഷം രൂപ സഹായധനം വിതരണം ചെയ്തു. പോത്തുകല്‍ വില്ലേജിലെ കവളപ്പാറയില്‍ 59 പേരടക്കം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മരിച്ച 71 പേരില്‍ 62 പേരുടെ കുടുംബങ്ങള്‍ക്കാണ് ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള കേന്ദ്രീകൃത സംവിധാനത്തിലൂടെ ഇതിനകം സഹായധനം കൈമാറിയത്. ഒന്‍പതു പേരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധന വിതരണ നടപടികള്‍ പുരോഗമിക്കുകയാണ്.
മഴക്കെടുതികള്‍ ബാധിച്ച് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 18028 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ വിതരണം ചെയ്തു. വീടുകള്‍ തകര്‍ന്നവരുടെ നാശ നഷ്ടങ്ങള്‍ കണക്കാക്കാനുള്ള സര്‍വ്വേ പുര്‍ത്തിയാക്കി സഹായധനം ഉടന്‍ വിതരണം ചെയ്യും. 30 ശതമാനത്തിലധികം തകര്‍ന്ന 2064 വീടുകളുടെ രണ്ടാം ഘട്ട സര്‍വ്വേയും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്കുള്ള ധനസഹായ വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കും. നിലമ്പൂര്‍ ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ പോത്തുകല്ലില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുള്ള വീടുകള്‍ നഷ്ടമായവര്‍ക്ക് വാടക വീടുകള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഉറപ്പാക്കിയിട്ടുണ്ട്.
പ്രളയത്തില്‍ തകര്‍ന്ന കോളനികള്‍ പുനരധിവസിപ്പിക്കാന്‍ സ്ഥലം കണ്ടെത്താനും വീടു നിര്‍മ്മാണത്തിനുമുള്ള നടപടികള്‍ പുരോഗമിക്കുന്നു. സിസിടി കൗണ്‍സിലിന്റെ  തീരുമാനപ്രകാരം  195  ഹെക്ടര്‍  ഭൂമി  സ്ഥലരഹിതരായവര്‍ക്ക്  നല്‍കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ പത്തു ദിവസത്തിനകം ഭൂമി റവന്യു വകുപ്പിനു കൈമാറും. ഇത് പ്രളയത്തില്‍ ഭൂമി നഷ്ടമായവര്‍ക്കായി വിനിയോഗിക്കും. മഴക്കെടുതികളാല്‍ വാസയോഗ്യമല്ലാതായ ചളിക്കല്‍ കോളനിവാസികള്‍ക്ക് ടി.ആര്‍.ഡി.എമ്മിന്റെ അധീനതയില്‍ എടക്കരയിലുള്ള 5.27 ഏക്കര്‍ റവന്യൂ ഭൂമി വിട്ടുകൊടുക്കാന്‍ നടപടിയായി. ഇവിടെ ഫെഡറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ 30 വീടുകള്‍ നിര്‍മ്മിക്കും. 2.10 കോടി രൂപയുടെ സമഗ്ര ഭവന നിര്‍മ്മാണ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ജില്ലക്കകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളും സംഘടനകളും രംഗത്തുണ്ട്. പുള്ളിപ്പാടത്ത് വീ ഗാര്‍ഡിന്റെ സഹകരണത്തോടെ അഞ്ചു കുടുംബങ്ങള്‍ക്കു വീടൊരുക്കന്‍ ധാരണയായി. ജ്യോതി ലബോറട്ടറീസ് 15 വീടുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്ഥലം ലഭ്യമാക്കിയ ഭാഗങ്ങളില്‍ കേരള ഹൗസ് ബില്‍ഡേഴ്സ് അസോസിയേഷന്‍ 10 വീടുകളും നിര്‍മ്മിക്കും. ഗ്രീന്‍ ഏജന്‍സീസ് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ്സ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവും ജീവനക്കാരും കെമിസ്ട്രി അധ്യാപക കൂട്ടായ്മയും വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വീടു നഷ്ടമായ നിലമ്പൂര്‍ മേഖലയിലെ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ 1.17 ഏക്കര്‍ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ അടുത്തയാഴ്ച പൂര്‍ത്തിയാവും. തണ്ടകല്ല്  കോളനിയിലുള്ളവരെ മുണ്ടേരി ഫാമില്‍ കണ്ടെത്തിയ 10 ഏക്കര്‍ ഭൂമിയിലേക്കു പുനരധിവസിപ്പിക്കും. ഭൂമി കണ്ടെത്തിയതു സംബന്ധിച്ച് സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീരുമാനമാവുന്നതോടെ തുടര്‍ നടപടികള്‍ ആരംഭിക്കും. ഇക്കാര്യത്തില്‍ കാലതാമസം നേരിടുകയാണെങ്കില്‍ വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി മുണ്ടേരി ഫാമില്‍ 18 ക്വാര്‍ട്ടേഴ്സുകള്‍ അനുവദിക്കാന്‍ കൃഷി വകുപ്പ് ഡയറക്ടറെ സമീപിച്ചിട്ടുണ്ട്. വാണിയംപുഴ, തരിപ്പാപൊട്ടി, കുമ്പളപ്പാറ, മുണ്ടക്കടവ്  എന്നീ  കോളനിനിവാസികളെ  അനുയോജ്യമായ  വാസസ്ഥലം കണ്ടെത്തി  മാറ്റിപ്പാര്‍പ്പിക്കാനുള്ള  നിര്‍ദ്ദേശം വനംവകുപ്പ്  മുഖേന കേന്ദ്രവനംപരിസ്ഥിതി മന്ത്രലയത്തിന്റെ അനുമതിക്കായി  സമര്‍പ്പിക്കും.
 

date