Skip to main content

നാളത്തെ കേരളം ലഹരി മുക്ത നവകേരളം: ജില്ലാതല ഉദ്ഘാടനം 29 ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും

    നാളത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ  ജില്ലാ തല ഉദ്ഘാടനം നവംബര്‍ 29 മലപ്പുറത്ത് നടക്കും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും.  ജില്ലയിലെ മുഴുവന്‍ എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശഭരണസ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ത്രിതല പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
    രാവിലെ എട്ടിന്  കോട്ടപ്പടിയില്‍ നിന്നാരംഭിക്കുന്ന ലഹരി വിമുക്ത സന്ദേശ റാലി ഒമ്പതിന് ടൗണ്‍ ഹാള്‍ പരിസരത്ത് എത്തിച്ചേരും. വിദ്യാര്‍ഥികള്‍, മഹിളാ പ്രധാന്‍,  കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, എസ്പിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍എസ്എസ്, ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍, കെഎസ്ഇഎസ്എ അംഗങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. പഞ്ചാരി മേളം, സംഗീത-നൃത്ത ശില്പം എന്നിവ കൊണ്ട് വര്‍ണാഭമായ ഘോഷയാത്രയാണ് സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം സെമിനാര്‍ ഉള്‍പ്പെടെ വിവിധ സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളജ്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പൊതുസമ്മേളനത്തിലും സെമിനാറിലും പങ്കെടുക്കും.   ഇതോടൊപ്പം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ റാലിയും ഹയര്‍ സെക്കന്‍ഡറി  വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
       പരിപാടിയുടെ പ്രചാരണത്തിനായി 27 ന് ലളിതകലാഅക്കാദമി ഹാളില്‍  വിമുക്തി'' തത്സമയ വര്‍ണചിത്രം ഒരുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി  കലാപ്രവര്‍ത്തകര്‍   ചിത്രരചനയില്‍ പങ്കാളികളാകും.  28 ന്  അംഗന്‍വാടി കുട്ടികള്‍ക്കായി  കളറിങ് മത്സരം സംഘടിപ്പിക്കും. കുഞ്ഞുറുമ്പും  കുട്ട്യോളും എന്ന പേരില്‍ നടത്തുന്ന കളറിങ് മത്സരം മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. ചങ്കുവെട്ടി  പിഎം ഓഡിറ്റോറിയത്തിലാണ് പരിപാടി. ജില്ലയിലെ മുഴുവന്‍ അംഗന്‍വാടികളിലേയും 55000 ത്തോളം കുട്ടികള്‍ പ്രാഥമിക തലത്തില്‍ കളറിങ് മത്സരത്തില്‍ പങ്കെടുക്കും. ഓരോ അംഗന്‍വാടിയില്‍ നിന്നും രണ്ടുകുട്ടികളെ വീതം തെരഞ്ഞെടുത്ത് ഗ്രാമപഞ്ചായത്ത് - നഗരസഭാതലത്തില്‍  മത്സരം നടത്തും. ഇതില്‍ നിന്ന്  ഏഴുപേരെ വീതം തെരഞ്ഞെടുത്താണ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കു ന്നത്. എന്‍എഎംകെ ഫൗണ്ടേഷന്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ സഹായത്തോടെയാണ് കളറിങ് മത്സരം നടത്തുന്നത്. 
    വിദ്യാര്‍ഥികള്‍ക്കിടയിലും പൊതുസമൂഹത്തിലും  ലഹരി വര്‍ജന  സന്ദേശം നല്‍കുക എന്നതാണ് നാളത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന പരിപാടിയുടെ ലക്ഷ്യം.   പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ കലാം മാസ്റ്റര്‍, ഡപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) പി. മുരളീധരന്‍, ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോ പ്രസി എകെ നാസര്‍, അസി എക്സൈസ് കമ്മീഷണര്‍ എ. രമേശ്, വിമുക്തി കോ-ഓഡിനേറ്റര്‍ ബി ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date