Skip to main content

പൈല്‍സ് രോഗനിര്‍ണയക്യാമ്പ് ഇന്ന്

ആലപ്പുഴ: ലോക പൈല്‍സ് ദിനത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഇന്ന് (നവംബര്‍ 20) സൗജന്യ പൈല്‍സ് രോഗ നിര്‍ണയക്യാമ്പ് നടത്തുന്നു. ആദ്യം രജിസ്ററര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം.

ജില്ലാതല  കേരളോത്സവം 13, 14, 15 തീയതികളിൽ;

സംഘാടക സമിതി രൂപീകരിച്ചു

ആലപ്പുഴ:  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന  ജില്ലാതല കേരളോത്സവം 2019ന്റെ  സംഘാടക  സമിതി യോഗം   പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേർന്നു. യോഗം  ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ്‌ ജി.  വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.  വിവിധ ക്ലബ്കളുടെയും യുവജന സംഘടനകളുടെയും പ്രതിനിധികൾ, ജില്ലാ, ബ്ലോക്ക്‌, പഞ്ചായത്ത്  അംഗങ്ങൾ  എന്നിവർ പങ്കെടുത്തു.   ഡിസംബർ 13, 14, 15 തീയതികളിലാണു പരിപാടി സംഘടിപ്പിക്കുന്നത്.  മുൻ കാലങ്ങളിൽ  നിന്ന് വ്യത്യസ്തമായി ഇക്കുറി ഓൺലൈൻ റെജിസ്ട്രേഷൻ ആണു  നടത്തുന്നത്.   യോഗത്തിൽ ജില്ലാ  പഞ്ചായത്ത് വൈസ്  പ്രസിഡന്റ്‌  മണി വിശ്വനാഥ് അധ്യക്ഷത വഹിച്ചു.  ബ്ലോക്ക്‌ പഞ്ചായത്ത് വൈസ്  പ്രസിഡന്റ്‌ സി. റ്റീ വിനോദ് സ്വാഗത പ്രസംഗം നടത്തി.  യുവജന ബോർഡ്‌ കോഓർഡിനേറ്റർ റ്റി. റ്റി ജിസ്മോൻ,  ജില്ലാ യൂത്ത് പ്രോഗ്രാം  ഓഫീസർ എസ്. ബി ബീന എന്നിവർ  സംസാരിച്ചു. രക്ഷാധികാരികളായി ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാകളക്ടര്‍ എന്നിവരെയും ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാലിനെയും ജനറല്‍ കണ്‍വീനറായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍.ദേവദാസിനെയും യോഗം തിരഞ്ഞെടുത്തു.

നികുതി പിരിവിൽ ഒന്നാം സ്ഥാനത്തെത്തി

പാണ്ടനാട്

ആലപ്പുഴ: ജില്ലയിലെ പാണ്ടനാട് ഗ്രാമപഞ്ചായത്ത്, പ്രളയമുൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് 2019-20 സാമ്പത്തിക വർഷം നവംബർ മാസത്തിൽത്തന്നെ വസ്തു നികുതി പിരിവ് 100 ശതമാനം പൂർത്തിയാക്കി ജില്ലയില്‍ തന്നെ ഈ നേട്ടം കൈവരിച്ച ആദ്യ ഗ്രാമപഞ്ചായത്തായി. സംസ്ഥാന തലത്തിൽ പാണ്ടനാട് മൂന്നാം സ്ഥാനവും കൈവരിച്ചിട്ടുണ്ട്. മാതൃകാപരമായ പ്രവർത്തനം നടത്തിയ പാണ്ടനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി.ഹരികുമാർ, ക്ലാർക്ക് ദിനേശ്ബാബു, ശരൺ, ജി.കൃഷ്ണ, എന്നിവരെയും പെർഫോർമൻസ് ആഡിറ്റ് തഴക്കര യൂണിറ്റ് ജീവനക്കാരേയും ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ഷഫീക്ക്.പി.എം. അനുമോദിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ, പെർഫോമൻസ് ആഡിറ്റ് യൂണിറ്റുകളിലെ സൂപ്പര്‍ വൈസര്‍മാര്‍,സീനിയര്‍ സൂപ്രണ്ട് സി.കെ.ഷിബു, നികുതിപിരിവ് ചുമതലയുള്ള സൂപ്രണ്ട് എസ്.സദാശിവൻ എന്നിവർ സംസാരിച്ചു.

(ചിത്രമുണ്ട്)

മുന്നാക്ക കമ്മീഷന്‍ സാമ്പത്തിക

സര്‍വേ നടത്തും

ആലപ്പുഴ: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാന മുന്നാക്ക കമ്മീഷന്‍ സാമ്പത്തിക സര്‍വേ നടത്തും. ജില്ലയില്‍ നടത്തിയ മുന്നാക്ക വിഭാഗം ഹിയറിങ്ങിലാണ് സര്‍വ്വേ നടത്താന്‍ തീരുമാനമായത്. സാമ്പത്തിക സര്‍വേയുടെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരിനെ ധരിപ്പിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍ പറഞ്ഞു. മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ കണ്ടെത്തുകയാണ് സാമ്പത്തിക സര്‍വേയുടെ ലക്ഷ്യം. സംസ്ഥാന കമ്മീഷന്‍ ജില്ലയില്‍ സംഘടിപ്പിച്ച മുന്നാക്ക സമുദായ സംഘടനാ പ്രതിനിധികളുടെ പൊതു ഹിയറിംഗില്‍ വിവിധ സമുദായ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്തു. മുപ്പത്തി അഞ്ചോളം നിവേദനങ്ങളും സംഘടനകള്‍ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചു. വിവിധ വകുപ്പുകള്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള ചോദ്യാവലി പ്രകാരമാണ് സര്‍വേക്ക് രൂപം നല്‍കുന്നത്. കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീരിക്കുന്ന ചോദ്യാവലിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വെബ്സൈറ്റിലൂടെയോ കത്തു മുഖേനയോ പരാതികളും നിവേദനങ്ങളും അറിയിക്കാന്‍ സാധിക്കും. കമ്മീഷന്‍ അംഗങ്ങളായ അഡ്വ.എം. മനോഹരന്‍ പിള്ള, എ.ജി ഉണ്ണികൃഷ്ണന്‍, മെംബര്‍ സെക്രട്ടറി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഹിയറിംഗില്‍ പങ്കെടുത്തു.

നാലാം തരം തുല്യതാ പരീക്ഷ നടത്തി

ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടേയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റേയും നേതൃത്വത്തില്‍ നാലാം തരം തുല്യത പരീക്ഷ നടത്തി. ജില്ലയില്‍ 14 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയില്‍ 88 പുരുഷന്മാരും 17 സ്ത്രീകളുമടക്കം 105 പേര്‍ പരീക്ഷ എഴുതി. 85 വയസ്സുള്ള പത്മനാഭന്‍ പത്മാലയം കുമാരപുരമായിരുന്നു ഏറ്റവും പ്രായം കൂടിയ പഠിതാവ്. മലയാളം, കണക്ക്, നമ്മളും നമ്മുക്കു ചുറ്റും എന്ന വിഷയങ്ങളിലായിരുന്നു പരീക്ഷ. കേന്ദ്രീകൃത വാല്യുവേഷന്‍ സംവിധാനമാണ്.

അബ്കാരി കേസില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു

ആലപ്പുഴ: വിവിധ അബ്കാരി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് എക്സൈസ് വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു. നവംബര്‍ 28ന് രാവിലെ 10.30ന് എക്സൈസ് കോപ്ലക്സിലാണ് ലേലം. താല്യപരമുള്ളവര്‍ക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസ് അധികാരിയുടെ അനുവാദത്തോടെ വാഹനങ്ങള്‍ പരിശോധിക്കാം. വിശദവിവരത്തിന് ഫോണ്‍: 0477 2252049

കളിമണ്‍പാത്ര യൂണിറ്റ്രജിസ്ട്രേഷന്‍ നീട്ടി

ആലപ്പുഴ: കളിമണ്‍പാത്ര ഉല്‍പ്പന്ന നിര്‍മ്മാണ വിപണന യൂണിറ്റുകളുടെ രജിസ്ട്രേഷന്‍ ഡിസംബര്‍ 15 വരെ നീട്ടി. നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ / ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം www.keralapottery.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ആവശ്യമായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 15നകം മാനേജിംഗ് ഡയറക്ടര്‍ കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ., കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരത്തിന് ഫോണ്‍: 0471-2727010, 9947038770

അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക്:കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന തൊഴിലധിഷ്ഠിത നൈപുണ്യ കോഴ്സുകളുകളിലേക്ക് പ്രവേശനം നടത്തുന്നു. ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അനിമേഷന്‍, ഫാഷന്‍ ഡിസൈനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് എന്നീ മേഖലകളിലാണ് അവസരം. ദേശീയ- അന്തര്‍ദേശീയ സ്ഥാപനങ്ങളായ ഐ.ബി.എം, കൈയിന്‍സ് ടെക്നോളജീസ്, ടൂണ്‍സ് അക്കാദമി, ഫാറ്റീസ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിശീലനം. പത്താം ക്ലാസ്-പാസ്/ഫെയില്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയുള്ളവര്‍ക്ക് കോഴ്സുകളില്‍ ചേരാം. നവംബര്‍ 24ന് അസാപ്പ് കേന്ദ്രങ്ങളായ ആലപ്പുഴ ഗേള്‍സ് എച്.എസ്.എസ്, കഞ്ഞിക്കുഴി എസ്എല്‍ പുരം എച്.എസ്.എസ്, പട്ടണക്കാട് എസ്.യു.വി. എച്.എസ്.എസ്, അമ്പലപ്പഴ മോഡല്‍ എച്.എസ്.എസ് എന്നി സ്കൂളുകളിലാണ് അഡ്മിഷന്‍. വിശദവിവരത്തിന് ഫോണ്‍: 9495999712,9746808421.

 

date