Skip to main content

നാഷണല്‍ ട്രസ്റ്റ് കമ്മിറ്റി താലൂക്ക് തല അദാലത്ത് നടത്തും.

ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന്റെ ഭാഗമായി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും അനുബന്ധ ആനുകൂല്യങ്ങളും വേഗത്തില്‍ നല്‍കുന്നതിന് താലൂക്ക് തലത്തില്‍ അദാലത്ത് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഇത്തരം ആളുകളുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലീഗല്‍ഷിപ്പ് നല്‍കുന്നുതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 938 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷകളില്‍ പെട്ടന്ന് തീര്‍പ്പുകല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. താലൂക്ക് കേന്ദ്രീകരിച്ച് നാഷണല്‍ ട്രസ്റ്റ് സിറ്റിംഗ് നടത്തുകയാണങ്കില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇത്തരം സിറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ജില്ലാ തലത്തില്‍ മാസത്തിലൊരുക്കിലാണ് സിറ്റിംഗ് നടത്തുന്നത്. മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം എന്നീ ബുദ്ധിപരമായ വൈകല്യങ്ങളുളളവരെ സംരക്ഷിക്കുന്നതിനും അവരുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും നിയമപ്രകാരം രക്ഷകര്‍ത്താവിനെ നിയമിക്കാവുന്നതിനുമാണ് ലോക്കല്‍ കമ്മിറ്റി യോഗം ചേരുന്നത്. ബാങ്ക് അക്കൗണ്ട് തുറക്കല്‍, സ്വത്ത് കൈമാറ്റം, മറ്റു സാമ്പത്തിക ഇടപാടുകള്‍ എന്നിവക്ക് ബുദ്ധിപരമായ വൈകല്യങ്ങളുളളവര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. രക്ഷിതാക്കളുടെ കാലശേഷം ഇത്തരം വൈകല്യങ്ങളുളളവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഗാര്‍ഡിയന്‍ഷിപ്പ് സഹായകമാവും. 18 വയസ്സിനു മുകളില്‍ പ്രായമുളള മുകളില്‍ പറഞ്ഞ 4 തരം വൈകല്യങ്ങളുളളവര്‍ക്ക് മാത്രമാണ് ലോക്കല്‍ ലവല്‍ കമ്മിറ്റി മുഖേന ഗാര്‍ഡിയന്‍ഷിപ്പ് അനുവദിക്കുന്നത്. മാതാപിതാക്കള്‍, ഇവരുടെ അഭാവത്തില്‍ രക്ത ബന്ധമുളളവര്‍, മറ്റു ബന്ധുക്കള്‍ എന്നിവര്‍ക്ക് രക്ഷാകര്‍തൃത്വം ഏറ്റെടുക്കാവുന്നതാണ്. ഗാര്‍ഡിയന്‍ഷിപ്പ് അനുവദിക്കുന്നതിന് വെളള കടലാസില്‍ തായ്യാറാക്കിയ അപേക്ഷ, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
date