Skip to main content

ഭക്ഷ്യഭദ്രത ഉറപ്പു വരുത്തുന്നതില്‍ സംസ്ഥാനത്ത് വിപ്ലവകരമായ മുന്നേറ്റം

ഭക്ഷ്യ പൊതുവിതരണ മേഖലയില്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന സേവനങ്ങളെയും ഭക്ഷ്യഭദ്രതാ നിയമത്തെയും സംബന്ധിച്ച് അവബോധം നല്‍കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സപ്ലൈ ഓഫീസ് കാസര്‍കോട് പ്രസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാല ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക ഉദ്ഘാടനം ചെയ്തു. ഒരു ജനസമൂഹത്തിന്റെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യഘടകമായിരുന്ന റേഷന്‍ കടകള്‍ ഇടക്കെപ്പോഴോ അവഗനയിലേക്ക് വഴുതിയിരുന്നെങ്കിലും നിലവില്‍ വിപ്ലവകരമായ നേട്ടങ്ങളുമായി മുന്നേറുകയാണെന്ന് അവര്‍ പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമം പൂര്‍ണമായും നടപ്പിലാക്കിയ സംസ്ഥാനങ്ങളിലൊന്നായ കേരളം  സങ്കീര്‍ണമായ ആദ്യന്ത കംപ്യൂട്ടര്‍വല്‍ക്കരണ പദ്ധതിയും പൊതുവിതരണ മേഖലയില്‍ വിജയകരമായി നടപ്പാക്കിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. റേഷന്‍ വിതരണത്തിലും ഭക്ഷ്യധാന്യ വാതില്‍പ്പടി വിതരണത്തിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സമഗ്ര മാറ്റങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയതെന്ന് ശില്പശാലയില്‍ അവതരണം നടത്തിയ ജില്ലാ സപ്ലൈ ഓഫീസ് ഹെഡ് ക്ലര്‍ക്ക് പി ശശികുമാര്‍ പറഞ്ഞു. റേഷന്‍ വിഹിതം അര്‍ഹര്‍ക്ക് ലഭിക്കാതെ കരിഞ്ചന്തയിലേക്ക് പോകുന്നുവെന്ന ഏറെക്കാലത്തെ പരാതിക്ക് ശാശ്വത പരിഹാരമായാണ് സംസ്ഥാനത്തെ പതിനാലായിരത്തിലധികം റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ ഏര്‍പ്പെടുത്തിയത്. നേരത്തേ ഒരു ഗുണഭോക്താവിന് നിര്‍ദേശിക്കപ്പെട്ട റേഷന്‍ കടയെ മാത്രമേ സമീപിക്കാനാവുമായിരുന്നെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഒരു റേഷന്‍ കാര്‍ഡുടമയ്ക്ക് കേരളത്തിലെ ഏതു റേഷന്‍കടയില്‍ നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കും. പൊതുവിതരണ സമ്പ്രദായത്തിന്റെ വിജയകരമായ ഉപയോഗം, സാര്‍വത്രികത, വ്യാപകമായ വിതരണ ശൃംഖല തുടങ്ങിയ സവിശേഷതകളുമായി രാജ്യത്ത് തന്നെ സുശക്തവും സുതാര്യവുമായ പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്.. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി എല്‍ പ്രദീപ് കുമാര്‍, സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം സുല്‍ഫിക്കര്‍, സപ്ലൈ ഓഫീസ് ക്ലര്‍ക്ക് വി എം രതീഷ് സംസാരിച്ചു. ശില്പശാലയില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ സംബന്ധിച്ചു.

date