Skip to main content

ഉപ്പളപ്പുഴയ്ക്ക് പുതുജീവന്‍ 

കാസര്‍കോട് ജില്ലയിലെ 12 നദികളില്‍ ജലക്ഷാമം ഏറ്റവുമധികം നേരിടുന്ന ഉപ്പളപ്പുഴയുടെ സംരക്ഷണത്തിനുവേണ്ടിയുളള പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ സാധ്യതാ പഠനത്തിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കി. 3.5 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുളളത്.  കര്‍ണാടകത്തിലെ വീരകമ്പാ മലനിരകളില്‍ നിന്നും ഉത്ഭവിച്ച്   മഞ്ചേശ്വരം താലൂക്കിലൂടെ പ്രവേശിച്ച് ഒഴുകുന്ന ഉപ്പളപ്പുഴയുടെ നശിച്ചുക്കൊണ്ടരിക്കുന്ന അവസ്ഥ മനസ്സിലാക്കിയാണ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്താനുളള ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഒമ്പത് ഗ്രാമങ്ങളിലും നാല് പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന നദിയുടെ 17 സബ് വാട്ടര്‍ഷെഡ്ഡുകളിലും 26 മൈക്രോ ഷെഡ്ഡുകളിലും വിശദമായ പഠനം നടത്തുന്നതിനായി പ്രത്യേകം അനുമതി നല്‍കിയിട്ടുളളത്. പൊതുജനങ്ങളില്‍ നിന്നും ഉളള പങ്കാളിത്ത വിലയിരുത്തലിലൂടെയും വിശദമായ അടിസ്ഥാന സര്‍വ്വേയിലൂടെയുമാണ് പുനരുജ്ജീവന പ്രവര്‍ത്തന പദ്ധതിയിലേയ്ക്ക് എത്തിച്ചേരേണ്ടത് എന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം.അശോക് കുമാര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം.അശോക് കുമാര്‍  തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

date