Skip to main content

അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം  

ശബരിമല തീര്‍ഥാടകര്‍ക്ക്് ഭക്ഷണവും വെള്ളവും അടിയന്തര ചികിത്സാ സഹായവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന സന്നദ്ധ സംഘടനയായ അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ മണ്ഡല-മകരവിളക്ക് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  260 വോളന്റിയര്‍മാരാണ് ആദ്യ ഘട്ടത്തില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ രംഗത്തുള്ളത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ വോളന്റിയര്‍മാരെത്തും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പരമ്പരാഗത പാതയില്‍ ചുക്കുവെള്ള വിതരണത്തിനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ദിവസവും പതിനായിരത്തില്‍ അധികം പേര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കും. ഇതിനു പുറമേ പമ്പ, കരിമല, എരുമേലി, വലിയാനവട്ടം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വഴിയില്‍ 14 ഇടങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ സജ്ജീകരിച്ചു. പ്രാഥമിക ശുശ്രൂഷക്കുള്ള സംവിധാനവും അവശരാകുന്നവരെ സ്ട്രക്ചറില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള വോളന്റിയര്‍മാരും ഇവിടെയുണ്ടാകും. പമ്പമുതല്‍ സന്നിധാനം വരെ എവിടെ വച്ചും അവശരാകുന്നവരെ സഹായിക്കാന്‍ അയ്യപ്പ സേവാസംഘം വോളന്റിയര്‍മാര്‍ ഓടിയെത്തും. സംഘത്തിന്റെ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോലീസിന്റെ വയര്‍ലസ് പോയിന്റില്‍ നിന്നുള്ള അടിയന്തര ആവശ്യങ്ങളെക്കുറിച്ചുള്ള വിവരം ഇതിന് സഹായകമാകുന്നു.
സന്നിധാനത്ത് സംഘത്തിന്റേതായി ഒരു ആശുപത്രി പ്രവര്‍ക്കുന്നുണ്ട്. പമ്പയില്‍ ഒരു ആംബുലന്‍സും സജ്ജമാണ്. പുണ്യം പൂങ്കാവനം പദ്ധതിയില്‍ 50 വാളന്റിയര്‍മാര്‍ നിത്യവും ശുചീകരണ പ്രവര്‍ത്തനം നടത്തും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ 150 വാളന്റിയര്‍മാര്‍ സന്നിധാനം മുതല്‍ പമ്പ വരെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. മാസപൂജയ്ക്ക് നട അടച്ച ശേഷം സന്നിധാനം മുതല്‍ പമ്പ വരെ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അയ്യപ്പസേവാ സംഘത്തിന്റെ സന്നിധാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ദേശീയ വൈസ് പ്രസിഡന്റ് പി. ബാലനാണ്.

 

date