Skip to main content

വനിത കമ്മീഷന്റെ 'കലാലയ ജ്യോതി'ക്ക് ജില്ലയില്‍ ഇന്ന് തുടക്കമാകും

വിദ്യാര്‍ഥികളെ എന്തുപ്രശ്‌നങ്ങളെയും നേരിടുന്നതരത്തില്‍ ആത്മധൈര്യമുള്ളവരാക്കി മാറ്റുവാന്‍ സംസ്ഥാന വനിതകമ്മീഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ദീര്‍ഘകാല പദ്ധതിയായ കലാലയ ജ്യോതിക്ക് ഇന്ന്(16) ജില്ലയില്‍ തുടക്കമാകും. ഇന്നും നാളെയും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പഠനത്തിനും മറ്റ് പാഠ്യേതരവിഷയങ്ങളിലും മികച്ചുനില്‍ക്കുന്ന നമ്മുടെ വിദ്യാര്‍ഥികളില്‍ പലരും ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍പോലും നേരിടാനാവാതെ ആത്മഹത്യയിലേക്കുവരെ ചെന്നെത്തുന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. എട്ടാം ക്ലാസുമുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ കാലഘട്ടത്തിന് അനുസരിച്ച് പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രാപ്തരാക്കി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ബോധവത്ക്കരണ ക്ലാസുകളും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് വരെ ലഭ്യമാക്കുന്നതരത്തിലാണ് കലാലയ ജ്യോതി നടപ്പിലാക്കുന്നത്. എല്ലാമാസവും വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തും. അധ്യാപകരെകൂടി ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുന്നത്. കോളജുകളില്‍ ഇത്തരം ബോധവത്ക്കരണ ക്ലാസുകള്‍ നടത്തും. ജില്ലയില്‍ 23 സ്‌കൂളുകളിലാണ് ആദ്യഘട്ടമായി പരിപാടി സംഘടിപ്പിക്കുന്നത്. ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പീലിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കുളിലെയും 3.30ന് കയ്യൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും കുട്ടികള്‍ക്കാണ് കലാലയ ജ്യോതി ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നത്. രാവിലെ പത്തിന് വനിതകള്‍ക്കായി സെമിനാറും നടക്കും.
date