Skip to main content

148 വാർഡുകളിൽ സാക്ഷരത സർവ്വേ;. 872 പേർ പങ്കാളികളായി

ആലപ്പുഴ: അവശേഷിക്കുന്ന നിരക്ഷരരെയും കണ്ടെത്തുന്നതിനായി സാക്ഷരത മിഷൻ നടത്തിയ അക്ഷരലക്ഷം സാക്ഷരത സർവ്വേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയിൽ സാക്ഷരത കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന വാർഡുകളിലാണ് മാത്രമാണ് സർവ്വേ നടത്തിയത്. നിരക്ഷരർ, നാലാംതരം വിജയിക്കാത്തവർ, ഏഴാംതരം വിജയിക്കാത്തവർ, പത്താംതരം വിജയിക്കാത്തവർ, ഹയർ സെക്കൻഡറി വിജയിക്കാത്തവർ എന്നിങ്ങനെയുള്ളവരെ സർവ്വേയിലൂടെ കണ്ടെത്തി തുടർപഠനത്തിനുള്ള അവസരം സാക്ഷരത മിഷൻ ഒരുക്കും. കണ്ടെത്തിയ നിരക്ഷരരെ മുഴുവൻ ക്ലാസുകളിലെത്തിക്കും. ജനുവരി 19ന് സർവ്വേ ജില്ലാതലത്തിൽ ക്രോഡീകരിക്കും. ഓരോ വാർഡിലെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള നിരക്ഷരത നിർമ്മാർജ്ജന സമിതിയാണ് സർവ്വേ പ്രവർത്തനങ്ങൾ നടത്തിയത്. തുല്യതാ പഠിതാക്കളും സർവ്വേയിൽ പങ്കെടുത്തു. മറ്റ് വാർഡുകളിൽ രണ്ടാം ഘട്ടത്തിൽ സർവ്വേ നടത്തും. കുമാരപുരം ഗ്രാമപഞ്ചായത്തിൽ കെ.സി. വേണുഗോപാൽ എം.പി. സർവ്വേ ഉദ്ഘാടനം ചെയ്തു. തഴക്കര ഗ്രാമപഞ്ചായത്തിലെ സർവ്വേ ആർ. രാജേഷ് എം.എൽ.എ.യാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ തുറവൂർ ഗ്രാമപഞ്ചായത്തിലെ സർവ്വേ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭയിൽ ഡിവൈ.എസ്.പി. പി.വി. ബേബി ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ സർവ്വേ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.വി. രതീഷ് പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സ്ഥിരം സമിതി അധ്യക്ഷർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ വിവിധ വാർഡുകളിലെ സർവ്വേ ഉദ്ഘാടനം ചെയ്തു. പ്രേരക്മാർ, ആദ്യകാല സാക്ഷരതാ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരാണ് സർവ്വേയ്ക്ക് നേതൃത്വം നൽകിയത്. (പി.എൻ.എ. 101/2018)
date