Skip to main content

കാന്‍കാസ് ബോധവല്‍ക്കരണ ക്ലാസ് ഇന്ന്

കാന്‍സര്‍ വിമുക്തജില്ലയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ജില്ലാപഞ്ചായത്ത് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സാങ്കേതിക സഹകരണത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ കാന്‍കാസ് ബി പോസിറ്റീവ് എന്ന പദ്ധതിയുടെ പ്രാഥമികഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് (16) രാവിലെ 10.30 മുതല്‍ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതികളുടെ അധ്യക്ഷന്മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പദ്ധതി പരിചയപ്പെടുത്തലും ബോധവല്‍ക്കരണ ക്ലാസും നടക്കും. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആണ്. കാന്‍കാസിന്റെ ഭാഗമായി ജില്ലയിലെ ഏകദേശം രണ്ട് ലക്ഷത്തോളം ഭവനങ്ങളില്‍ നിന്നും ആശ-കുടുംബശ്രീ-പ്രവര്‍ത്തകരെ ഉപയോഗിച്ച് വിവരശേഖരണം നടത്തും. മലബാര്‍ കാന്‍സര്‍ സെന്ററിലെ വിദഗ്ധര്‍ നയിക്കുന്ന ബോധവല്‍ക്കരണ ക്ലാസില്‍ വിവരശേഖരണത്തിനായി തയ്യാറാക്കിയ ഫോറങ്ങളുടെ പരിചയപ്പെടുത്തലും നടക്കും. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പദ്ധതിയെ സംബന്ധിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയതിന് ശേഷമായിരിക്കും ജില്ലാതലത്തിലുളള വിവരശേഖരണം തുടങ്ങുക. വിവരശേഖരണത്തിലൂടെ ജില്ലയിലെ കാന്‍സര്‍ ബാധിതരുടെ വിവരങ്ങളടങ്ങുന്ന ജില്ലാ രജിസ്റ്റര്‍ തയ്യാറാക്കും. ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ കാന്‍സര്‍ നിര്‍ണ്ണയ സൗകര്യം പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുളള തുടര്‍ നടപടികള്‍ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തും. കാന്‍സര്‍ ബാധിതരുടെ പാലിയേറ്റീവ് പരിപാലനമുള്‍പ്പെടെയുളള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കാന്‍സര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനുളള സമ്പൂര്‍ണ്ണ ആക്ഷന്‍ പ്ലാനുകളും പദ്ധതിയുടെ വിവിധ ഘട്ടങ്ങളില്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date