Skip to main content

നാനോ ഗാർഹിക സംരംഭങ്ങൾക്ക് പലിശ സബ്‌സിഡി: സാമ്പത്തിക സഹായ പദ്ധതി

ആലപ്പുഴ: ഊർജ്ജിത വ്യവസായവൽക്കരണ പരിപാടികളുടെ ഭാഗമായി അഞ്ചു ലക്ഷം രൂപയ്ക്ക് താഴെ സ്ഥിരമൂലധന നിക്ഷേപമുള്ള നാനോ ഗാർഹിക സംരംഭങ്ങൾക്കായി വ്യവസായ വാണിജ്യ വകുപ്പ് പലിശ സബ്‌സിഡി സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കുന്നു. അഞ്ചു ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപമുള്ളതും അഞ്ച് എച്ച്.പിയോ അതിൽ താഴെയോ വൈദ്യുതി ലോഡ് കണക്ഷൻ ഉള്ള, ഉൽപ്പാദന-സേവന മേഖലയിൽ ഉൾപ്പെട്ട യൂണിറ്റുകൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് യൂണിറ്റുകൾക്ക് ആവശ്യമില്ല. സർക്കാരിന്റെ മറ്റു ധനസഹായം നേടിയ യൂണിറ്റുകൾക്ക് അർഹതയില്ല. പ്ലാന്റ,് മെഷിനറി, ഓഫീസ് ഉപകരണങ്ങൾ, വൈദ്യുതീകരണം എന്നിവയ്ക്കായി സംരംഭകർ അംഗീകൃത ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പകളിൻമേൽ ഈടാക്കുന്ന പലിശയിനത്തിൽ ജനറൽ വിഭാഗത്തിന് ആറു ശതമാനവും വനിത/പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിന് എട്ടു ശതമാനവുമാണ് പലിശ സബ്‌സിഡിയായി അനുവദിച്ചു നൽകുക. പൊതു മേഖലാ ബാങ്കുകൾ, റീജണൽ റൂറൽ ബാങ്കുകൾ, സ്വകാര്യ മേഖലാ ഷെഡ്യൂൾഡ് ബാങ്കുകൾ, സിഡ്ബി എന്നീ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തവർക്ക് ആദ്യത്തെ മൂന്നു വർഷം പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇക്കാലയളവിൽ വായ്പ തിരിച്ചടവിൽ മുടക്കം വരാൻ പാടില്ല. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും ആലപ്പുഴ വെള്ളക്കിണറിലുള്ള ജില്ലാ വ്യവസായ ഓഫീസുമായോ അതത് താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടുക. ഫോൺ: 0477 2251272. (പി.എൻ.എ. 105/2018)
date