Skip to main content

അയ്യപ്പ സേവനത്തിന്‍റെ 24 വര്‍ഷം വിശുദ്ധി സേനാംഗങ്ങളെ ആദരിക്കുന്നു

കോടിക്കണക്കിന് തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തുന്ന ശബരിമല പൂങ്കാവനവും പരിസരവും വിശുദ്ധമായി സൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി 25-ാം വര്‍ഷത്തിലേക്ക് കടക്കുന്ന അഭിമാന നിമിഷത്തില്‍ 24 വര്‍ഷം തുട ര്‍ച്ചയായി സൊസൈറ്റിയുടെ കീഴില്‍ വിശുദ്ധി സേനാംഗങ്ങളായി പ്രവര്‍ത്തിച്ചവരെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. ഈ മാസം 19ന് വൈകിട്ട് അഞ്ചിന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍, ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്.സിരിജഗന്‍, സാനിറ്റേഷന്‍ സൊസൈറ്റി സ്ഥാപക ചെയര്‍പേഴ്സണ്‍ കെ.ബി.വത്സലകുമാരി, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ജില്ലാ പോലീസ് മേധാവി ഡോ.സതീഷ് ബിനോ, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, എഡിഎം അനു.എസ്.നായര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരായ എം.എ.റഹിം, റ്റി.കെ.വിനീത്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന സജി, വാര്‍ഡംഗം രാജ ന്‍ വെട്ടിക്കല്‍, അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍.വേലായുധന്‍ നായര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍ പോറ്റി, ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍.ഗായത്രി, ഐഒസി ഡെപ്യൂട്ടി മാനേജര്‍ രാജു മാത്യു, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ പി.റ്റി.എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശബരിമല സന്നിധാനവും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി വൈസ്ചെയര്‍മാനും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായി 1995 ലാണ് സൊസൈറ്റീസ് ആക്ട് പ്രകാരം ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. 1995ല്‍ ജില്ലാ കളക്ടറായിരുന്ന കെ.ബി.വത്സലകുമാരി ആയിരുന്നു ആദ്യ ചെയര്‍പേഴ്സണ്‍. അടൂര്‍ ആര്‍ഡിഒ ആയിരുന്ന കെ.വി.മോഹന്‍കുമാറായിരുന്നു ആദ്യ മെമ്പര്‍ സെക്രട്ടറി. മണ്ഡല-മകരവിളക്ക് ഉത്സവകാലയളവില്‍ ശബരിമല സന്നിധാനവും പമ്പയും ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്‍റെയും സാമൂഹിക ശുചിത്വത്തിന്‍റെയും പ്രാധാന്യം തീര്‍ഥാടകരിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. സൊസൈറ്റിയുടെ കീഴില്‍ ശുചീകരണത്തിനായി എത്തുന്നവരെ വിശുദ്ധി സേനാംഗങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ആദ്യ വര്‍ഷം 125 വിശുദ്ധി സേനാംഗങ്ങളാണ് സേവനത്തിനായി എത്തിയിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി 800 പേരാണ് വിശുദ്ധി സേനാംഗങ്ങളായി എത്തുന്നത്. തമിഴ്നാട്ടിലെ സേലം, മധുര, വളയമാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അയ്യപ്പ സേവാസംഘത്തിന്‍റെ തമിഴ്നാട് ഘടകത്തിന്‍റെ ചുമതലയില്‍ എല്ലാ വര്‍ഷവും വിശുദ്ധി സേനാംഗങ്ങള്‍ എത്തുന്നത്. സര്‍ക്കാ ര്‍ ഗ്രാന്‍റ് ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ഗ്രാന്‍റ്, വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സംഭാവനകള്‍ എന്നിവ ഉപയോഗിച്ചാണ് സാനിട്ടേഷന്‍ സൊസൈറ്റിയുടെ പ്രവ ര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക കണ്ടെത്തുന്നത്. ഈ വര്‍ഷം സന്നിധാനത്ത് 300 പേരും പമ്പയില്‍ 315 പേരും നിലയ്ക്കലി ല്‍ 150 പേരും പന്തളത്ത് 25 പേരും കുളനടയില്‍ 10 പേരുമാണ് സേവനം നടത്തിയത്. പമ്പ, സന്നിധാനം പ്രദേശങ്ങള്‍ 27 സെഗ്മെന്‍റുകളായി തിരിച്ച് 10 മുത ല്‍ 40 വരെയുള്ള വിശുദ്ധി സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് കാര്യക്ഷമമായ പ്രവ ര്‍ത്തനം നടത്തിയത്. വിശുദ്ധി സേനാംഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശുചീകരണത്തിന് പുറമേ മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള ശുചീകരണങ്ങളും കുറെ വര്‍ഷങ്ങളായി ശബരിമലയില്‍ നടന്നുവരുന്നുണ്ട്. വിശുദ്ധി സേനാംഗങ്ങളുടെ ഓണറേറിയം ഇപ്പോള്‍ ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്. ഇതിനായി സേവനത്തിനെത്തിയ 800 വിശുദ്ധി സേനാംഗങ്ങളുടെയും പേരില്‍ ബാങ്ക് ഓഫ് ബറോഡയില്‍ പ്രത്യേക അക്കൗണ്ട് തുറന്നിരുന്നു. സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാനിട്ടേഷന്‍ സൊസൈറ്റിയാണ് നല്‍കുന്നത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം എന്നിവ ദേവസ്വം ബോര്‍ഡ് നല്‍കുന്നുണ്ട്. കഴിഞ്ഞ 24 വര്‍ഷവും തുടര്‍ച്ചയായി സേവനത്തിനെത്തിയ നിരവധി വിശുദ്ധി സേനാംഗങ്ങളുണ്ട്. അയ്യപ്പസേവനം ഒരു വ്രതനിഷ്ഠപോലെ ഏറ്റെടുത്ത് ശബരിമല ശുചീകരണത്തിനായി എല്ലാവര്‍ഷവും എത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. ഉന്നത ബിരുദധാരികള്‍ മുതല്‍ പഞ്ചായത്ത് അംഗങ്ങള്‍ വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കുന്ന ഇവരുടെ പ്രവ ര്‍ത്തനങ്ങള്‍ക്ക് അംഗീകാരമെന്ന നിലയിലാണ് 25 -ാം വര്‍ഷത്തിലേക്ക് കടക്കുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി വിശുദ്ധി സേനാംഗങ്ങളെ ആദരിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്നും സാനിട്ടേഷന്‍ സൊസൈറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. (പിഎന്‍പി 118/18)
date