Skip to main content
യുവജന ക്ഷേമത്തിനും യുവജനകാര്യത്തിനുമുള്ള  നിയമസഭാസമിതി കളക്ടറേറ്റില്‍ നടത്തിയ സിറ്റിംഗില്‍ സമിതി ചെയര്‍മാന്‍ ടി വി രാജേഷ് എംഎല്‍എ സംസാരിക്കുന്നു.

ചീമേനിയില്‍ ഐടി അധിഷ്ഠിത പാര്‍ക്ക് വൈകരുത്; ജില്ലയ്ക്ക് പ്രത്യേക യുവജന നയം ആവശ്യം

ജില്ലയിലെ ചീമേനിയില്‍ ഐടി അധിഷ്ഠിത വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നത് അനിശ്ചിതമായി വൈകരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് യുവജന ക്ഷേമത്തിനും യുവജനകാര്യത്തിനുമുള്ള നിയമസഭാസമിതി. കളക്ടറേറ്റില്‍ നടന്ന സിറ്റിംഗില്‍ സമിതി ചെയര്‍മാന്‍ ടി വി രാജേഷ് എംഎല്‍എ ആണ് ഇക്കാര്യം അറിയിച്ചത്. വികേന്ദ്രീകൃത ഐടി പാര്‍ക്ക് യാഥാര്‍ത്ഥ്യമാകണം കിന്‍ഫ്രയ്ക്ക് കൈമാറിയസ്ഥലത്ത് ഐ ടി അധിഷ്ടിത വ്യവസായ പാര്‍ക്ക് നിര്‍മ്മാണം വൈകരുത്. യുവജനങ്ങള്‍ക്ക് ഭാവിയില്‍ തൊഴില്‍ സാധ്യതയ്ക്ക് ഐടി അധിഷ്ഠിത, സ്റ്റാര്‍ട്ട് അപ് ഉള്‍പ്പെടെയുള്ള പ്രൊജക്ടുകള്‍ ഉള്‍പ്പെടുന്ന പാര്‍ക്ക് വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സപ്തഭാഷാസംഗമ ഭൂമിയായ കാസര്‍കോട് ജില്ലയില്‍ പ്രത്യേക യുവജന നയം ആവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു.തച്ചങ്ങാട് സാംസ്‌ക്കാരിക കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കണം. വിവിധ ഭാഷാ ഉത്സവം എന്ന രീതിയില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കാവുന്നതാണ്. സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ വിവിധ അക്കാദമികളെ സംയോജിപ്പിച്ച് ഇതിന് സാധ്യത തേടാം. ജില്ലയ്ക്ക് സ്വന്തമായൊരു സിന്തറ്റിക് ട്രാക്കിനും യൂത്ത് ഹോസ്റ്റലിനും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മഞ്ചേശ്വരം കബഡി അക്കാദമി പുനരുജ്ജീവനത്തിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിറ്റാരിക്കാല്‍-ഈസ്റ്റ് എളേരി കേന്ദ്രീകരിച്ച് റിവര്‍ റാഫ്റ്റിംഗ് സംവിധാനമൊരുക്കി സാഹസിക ടൂറിസത്തിന് ജില്ലയില്‍ സാധ്യത തേടാവുന്നതാണ്. ഇതിന് ടൂറിസം വകുപ്പിന്റെ സഹകരണം കൂടി അനിവാര്യമാണ്. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ, എഡിഎം എന്‍ ദേവിദാസ്, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ്, ബി ആര്‍ ഡി സി മാനേജിംഗ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പ്രസീത, ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് പ്രതിനിധി അബ്ദുള്‍ റഹ്മാന്‍ നിയമസഭസെക്രട്ടേറിയറ്റ് സെക്ഷന്‍ ഓഫീസര്‍ അന്‍വര്‍ സുല്‍ത്താന്‍, മെറിന്‍ മാത്യു എന്നിവര്‍ സിറ്റിംഗില്‍ സംബന്ധിച്ചു. മുന്‍ കമ്മീഷന്‍ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ സംബന്ധിച്ച് മുന്‍ അംഗം ഖാദര്‍ മാന്യയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരുടെ നിയമനം സംബന്ധിച്ച് റാങ്ക് ഹോള്‍ഡേഴ്‌സും സിറ്റിംഗില്‍ സംസാരിച്ചു. ഇവ സര്‍ക്കാരിനെ അറിയിച്ച് ചര്‍ച്ച ചെയ്യുമെന്ന് എം എല്‍ എ പറഞ്ഞു. ടി വി രാജേഷ് എംഎല്‍എ യും സംഘവും പിന്നീട് ചീമേനി ഐടി പാര്‍ക്കും തുറന്ന ജയിലും സന്ദര്‍ശിച്ചു.
date