Skip to main content

പോഷകാഹാര ബോധവൽക്കരണ പ്രദർശന മേള 

ത്രിദിന പോഷകാഹാര ബോധവൽക്കരണ പ്രദർശന മേളയ്ക്ക് സെന്റ് തെരേസാസ്  കോളേജിൽ തുടക്കമായി. കോളേജ് സയൻസ് ബ്ലോക്കിൽ രാവിലെ 11 ന് കൊച്ചി നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ അൻസാരി  പരിപാടി ഉദ്ഘാടനം ചെയ്തു.  

സംസ്ഥാന പോഷകാഹാര കാര്യാലയവും എറണാകുളം  ജില്ലാ മെഡിക്കൽ ഓഫീസും (ആരോഗ്യം )  ഹോം സയൻസ് വിഭാഗവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

 

സെന്റ് തെരേസാസ്  കോളേജ് ഡയറക്ററ്റർ ഡോ. സി. വിനീത അദ്ധ്യക്ഷയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )  ഡോ. എൻ. കെ കുട്ടപ്പൻ മുഖൃപ്രഭാഷണം നടത്തി. നാം  എന്തു കഴിക്കുമ്പോഴും അത് ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ഉറപ്പു വരുത്തണം.

ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണരീതിയാണ്. ഫാസ്റ്റ്  ഫുഡും ജങ്ക്ഫുഡും ഉൾപ്പെടെ മറ്റ് സംസ്കാരങ്ങളെ  അനുകരിക്കുന്ന ഭക്ഷ്യസംസ്കാരം ആണ്  നാം പിന്തുടരുന്നത്. കുട്ടികളിലെ  പൊണ്ണത്തടിക്ക് പ്രധാനകാരണവും ഭക്ഷണരീതിയാണ് 

ഓരോ കുടുംബത്തിനും അവരുടേതായ ഭക്ഷ്യ നയം വേണമെന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാന പോഷകാഹാര കാര്യാലയം ചീഫ് സയന്റിഫിക് ഓഫീസർ താര കുമാരി, ഡിവിഷൻ കൗൺസിലർ ഗ്രേസ് ബാബു ജേക്കബ്, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ എം,  ഹോം സയൻസ് വിഭാഗം മേധാവി ഡോ. താരാ സെബാസ്റ്റ്യൻ, ഹോം സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ അനു ജോസഫ്, ആർ സി  എച്ച് ഓഫീസർ  ഡോ. ശിവദാസ്  എന്നിവർ സംബന്ധിച്ചു. 

 

ധാന്യങ്ങളും പയറുവർഗങ്ങളും ഉൾപ്പെടെ പോഷകസമൃദ്ധമായ വിവിധ ഭക്ഷണ പദാർത്ഥങ്ങളും അവയുടെ ഗുണങ്ങളും വിശദീകരിക്കുന്ന സ്റ്റാളുകൾ  പ്രദർശനത്തിൽ  ഉണ്ടായിരുന്നു. വിവിധ ചെറുധാന്യങ്ങൾ കൊണ്ട് നിർമ്മിച്ച ബിസ്കറ്റുകളും കുക്കീസുകളും  പ്രദർശനത്തിൽ ഇടംപിടിച്ചു. പ്രദർശനം വ്യാഴാഴ്ച്ച സമാപിക്കും.

date