Skip to main content

ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന നടത്തി

ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയുടെ തീരുമാന പ്രകാരം കുമ്പഴ, പത്തനംതിട്ട നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലുകളിലും അഞ്ച് തട്ടുകടകളിലും സംയുക്ത സ്ക്വാഡ് പരിശോധന നടത്തി. പത്തനംതിട്ട നഗരത്തിലെ സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനില്‍ മലിനജലം ഒഴുകുന്ന ഓടയുടെ മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന നൈസ് തട്ടുകടയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിന് കേസെടുത്തു. വിവിധ തട്ടുകടകളില്‍ ഉപയോഗശൂന്യമായി കണ്ടെത്തിയ ഭക്ഷണസാധനങ്ങള്‍ സ്ക്വാഡ് നശിപ്പിച്ചു. പലഹാരങ്ങള്‍ മൂടിവയ്ക്കാതെ വില്‍ക്കുന്നതും ചവണയില്ലാതെ എടുക്കുന്നതും എണ്ണ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതുമായ സംഭവങ്ങള്‍ സ്ക്വാഡിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ചില കടകളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ആഹാര സാധനങ്ങള്‍ തയാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സ്ഥാപനം പൂട്ടിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷ, അളവുതൂക്ക വകുപ്പുകളിലെയും സിവില്‍ സപ്ലൈസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. (പിഎന്‍പി 148/18)
date