Skip to main content

വെച്ചൂച്ചിറ തരിശുരഹിത ഗ്രാമപഞ്ചായത്ത്; പ്രഖ്യാപനം നാളെ(7) മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ തരിശുരഹിത ഗ്രാമപഞ്ചായത്തായി നാളെ(7) രാവിലെ ഒന്‍പതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പ്രഖ്യാപിക്കും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റേയും ഹരിതകേരളം മിഷന്റേയും നേതൃത്വത്തില്‍ വെച്ചൂച്ചിറ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും.  തരിശുരഹിത പ്രഖ്യാപനത്തോടൊപ്പം  ഹരിതകേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ.ടി.എന്‍ സീമ ഹരിതസമൃദ്ധി വാര്‍ഡ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പച്ചത്തുരുത്ത് ഉദ്ഘാടനവും നിര്‍വഹിക്കും.

കേരളത്തിന്റെ നഷ്ടമായിക്കൊണ്ടിരിക്കുന്ന മുഖമുദ്രകളായ പച്ചപ്പും ഹരിതസമൃദ്ധിയുമെല്ലാം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ മുന്നോട്ട് വച്ച ആശയമാണ് തരിശുരഹിത ഗ്രാമപഞ്ചായത്ത്. വാര്‍ഡ്തലത്തില്‍ സര്‍വേ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തരിശുഭൂമികള്‍ കണ്ടെത്തി അവയെ കൃഷി യോഗ്യമാക്കിയാണ് തരിശുരഹിത ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കര്‍ഷക സെമിനാര്‍ നടക്കും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, കുടുംബശ്രീ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്തിലെ വിവിധ കൂട്ടായ്മകള്‍ എന്നിവ സംയുക്തമായി ചേര്‍ന്നാണ് തരിശുരഹിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്.

date