Skip to main content

ലയബിലിറ്റി'യുടെ അര്‍ഥം വ്യാഖ്യാനിച്ച് കലക്ടര്‍ *നിലമ്പൂര്‍ ഐ.ജി.എം.എം ആര്‍.എസില്‍ ഇംഗ്ലീഷ്,കോമേഴ്‌സ് പഠിപ്പിച്ച് കലക്ടര്‍. *കോളനി സന്ദര്‍ശനത്തിനിടെ സ്‌കൂളിലുമെത്തി.

 

ഉച്ചയ്ക്ക് ശേഷമുള്ള ഇംഗ്ലീഷ് ക്ലാസിലെ അധ്യാപകനായ മുഹമ്മദ് സാലിയുടെ ക്ലാസില്‍ പാഠഭാഗത്തിന് കാതോര്‍ത്തിരുന്ന നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍. എസ് ലെ പ്ലസ്ടു കൊമേഴ്‌സ് ക്ലാസിലേക്ക് പെട്ടെന്ന് പുതിയൊരു അധ്യാപകനെത്തിയപ്പോള്‍ കുട്ടികള്‍ ഒന്നു പകച്ചു. ക്ലാസിലെത്തിയ ആള്‍ ക്ലാസെടുത്തു കൊണ്‍ിരുന്ന അധ്യാപകന്റെ അനുമതിയോടെ ഇംഗ്ലീഷ് പുസ്തകം  കയ്യിലെടുത്തു. ഒരു ആംഗലേയ ഭാഷാധ്യാപകന്റെ മട്ടില്‍ തന്റെ മുന്നിലിരുന്ന അനുമോളോട് പുസ്തകത്തിലെ ഒരു ഭാഗം വായിക്കാനാവശ്യപ്പെട്ടു. അപ്പോഴാണ് കുട്ടികള്‍ ജില്ലാകലക്ടര്‍ ജാഫര്‍ മലികാണ് തങ്ങളുടെ മുന്നില്‍ അധ്യാപകനായി നില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. ജില്ലയിലെ ഭൂമിക്കുത്ത്, പാട്ടക്കരിമ്പ് ആദിവാസികോളനികള്‍ സന്ദര്‍ശിച്ച് മടങ്ങവേയാണ് കലക്ടര്‍ നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.എസിലെ ക്ലാസ് മുറിയിലെത്തിയത്. 
ഇംഗ്ലീഷ് പുസ്തകം മാറ്റി മുഖ്യ വിഷയമായ കൊമേഴ്‌സിലേക്ക് കടന്ന കലക്ടര്‍ മാഷ് 'ലയബിലിറ്റി' എന്ന വാക്കിന്റെ അര്‍ഥം വിശദമാക്കാന്‍ രാഹുല്‍ എന്ന വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. കൃത്യമായ ഉത്തരം  നല്‍കിയ രാഹുലിനെ അഭിനന്ദിച്ചു നിന്ന കലക്ടര്‍ അല്‍പ്പം വൈകി വന്ന വിദ്യാര്‍ഥികളെ സ്‌നേഹം കലര്‍ന്ന ഭാഷയില്‍ ശാസിച്ച് ക്ലാസിലിരുത്തി. ഇടവേള സമയത്ത് നന്നായി കളിയ്ക്കണമെന്നും ഒപ്പം തന്നെ ശുചിത്വവും കൃത്യനിഷ്ഠയും പാലിക്കണമെന്നുള്ള കലക്ടര്‍ മാഷിന്റെ നിര്‍ദേശം കുട്ടികള്‍ തലകുലുക്കി സമ്മതിച്ചു. അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായെത്തി പഠിപ്പിച്ച കലക്ടര്‍ മാഷിനെ നിറഞ്ഞ ഹര്‍ഷാരവത്തോടെ കുട്ടികള്‍ യാത്രയാക്കി. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റും നടന്ന് കണ്ട് ബോധ്യപ്പെട്ട ശേഷം ആവശ്യമായ നിര്‍ദേശങ്ങള്‍
 നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്‌കൂള്‍ അധ്യാപകരും കലക്ടര്‍ക്കൊപ്പമുണ്‍ണ്ടായിരുന്നു.

date