ജില്ലാ കേരളോത്സവം ഇന്ന് (ഡിസംബർ 08) സമാപിക്കും
ജില്ലാ കേരളോത്സവം 2019 ന് ഇന്ന് തിരശീല വീഴും. സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ബാനർജി ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യും. എം പി ടി.എൻ.പ്രതാപൻ, സിനി ആർട്ടിസ്റ് അപർണ ബാലമുരളി എന്നിവർ മുഖ്യാതിഥികളാകും. വിജയികൾക്കുള്ള സമ്മാനദാനം കോർപറേഷൻ മേയർ അജിത വിജയൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ അഫ്സൽ കുഞ്ഞു മോൻ എന്നിവർ നിർവഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ സ്വാഗതവും, കോർപറേഷൻ യൂത്ത് കോർഡിനേറ്റർ ടി എസ് സന്തോഷ് നന്ദിയും പറയും. നവംബർ 30 നാണ് ജില്ലാ കേരളോത്സവം തുടങ്ങിയത്. കഴിഞ്ഞ 8 ദിവസങ്ങളിലായി ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നിവിടങ്ങളിലെ കേരളോത്സവ മത്സര വിജയികളാണ് ജില്ലാ കേരളോത്സവത്തിൽ പങ്കെടുത്തത്. 3000 ത്തോളം മത്സരാർത്ഥികൾ ഈ കലാ കായിക മേളയിൽ മാറ്റുരച്ചു. സമാപന ദിവസമായ ഇന്ന് ബാനർജി ക്ലബ്ബിൽ ആറന്മുള, കുട്ടനാടൻ വള്ളം കളിപ്പാട്ട്, നാടോടിപ്പാട്ട്, മോഡൽ ഗേൾസ് സ്‌കൂളിൽ ലളിതഗാനം, വായ്പ്പാട്ട,് ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, കോൽക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, ഒപ്പന, മാപ്പിളപ്പാട്ട് എന്നിവയും, മോഡൽ ബോയ്സ് സ്‌കൂളിൽ ദേശഭക്തിഗാനം, സംഘഗാനം, കവിതാപാരായണം എന്നിവയും നടക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചെണ്ട, ചെണ്ടമേളം, മദ്ദളം എന്നിവ അരങ്ങേറും.
- Log in to post comments