Skip to main content

മലമ്പുഴ നിയോജകമണ്ഡലത്തില്‍ ആരോഗ്യജാഗ്രത, ആര്‍ദ്രം അവലോകനയോഗം ചേര്‍ന്നു

 

മലമ്പുഴ നിയോജകമണ്ഡലത്തില്‍ നടക്കുന്ന ആരോഗ്യജാഗ്രത, ആര്‍ദ്രം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്റെ നിര്‍ദേശാനുസരണമാണ് യോഗം ചേര്‍ന്നത്. വിവിധ ആരോഗ്യസ്ഥാപനങ്ങളിലെ ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

അകത്തേത്തറ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ അഭാവം ഒരുമാസത്തിനകം പരിഹരിക്കാനുള്ള നടപടിയെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍, ക്ലോറിനേഷന്‍, ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍, അവലോകന യോഗങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍, പ്രളയബാധിത പ്രദേശങ്ങളില്‍ ക്ലോറിനേഷന്‍, ഡോക്സിസൈക്ലിന്‍ ഗുളിക വിതരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു.

പുതുപരിയാരം പഞ്ചായത്തില്‍ 13 ക്ഷയ ബാധിതകേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശാ പ്രവര്‍ത്തകര്‍ കൃത്യമായി മരുന്ന് നല്‍കുന്നുണ്ടെന്ന് അറിയിച്ചു.
ഉറവിട നശീകരണം, ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍, എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് കൊടുമ്പ് ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. എലപ്പുള്ളി മേഖലയില്‍ ലഹരി ഉപയോഗത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പുതുശേരി പഞ്ചായത്തില്‍ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട  ആരോഗ്യപ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. മന്ത് രോഗ നിര്‍ണയത്തിനായി പ്രത്യേക മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മുഴുവന്‍ ആളുകള്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യാനുള്ള നടപടികളെടുത്തിട്ടുണ്ട്. ഹിന്ദി ഭാഷയിലുള്ള പ്രചരണ ഉപാധികളാണ് ഉപയോഗിക്കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലമ്പുഴ പഞ്ചായത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കിണറുകള്‍ പ്രതിമാസം സൂപ്പര്‍ ക്ലോറിനേഷന്‍, വയറിളക്ക രോഗം തടയുന്നതിനായി സബ് സെന്ററുകള്‍, വായനശാലകള്‍, അങ്കണവാടികള്‍, ആശാ പ്രവര്‍ത്തകര്‍ വഴി ഒ.ആര്‍.എസ് വിതരണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അകമലവാരം പ്രദേശത്തെ ട്രൈബല്‍ കോളനികളില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിമാസം നാല് മെഡിക്കല്‍ ക്യാമ്പുകള്‍, കോളനികളില്‍ ബോധവത്ക്കരണ ക്ലാസ്, ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്, ക്ലോറിനേഷന്‍, എന്നിവ നടക്കുന്നതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അവലോകന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര രാമചന്ദ്രന്‍, ഡി.സദാശിവന്‍, എന്‍.കെ.കുട്ടികൃഷ്ണന്‍, വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ യുടെ പി.എ. എ.അനില്‍കുമാര്‍, ഡി.എം.ഒ ഡോ.നാസര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അനൂപ്, ടെക്നിക്കല്‍ അസി. കൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ പങ്കെടുത്തു.

date